

തിരുവനന്തപുരം പ്രസ് ഇൻഫൊർമേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ഒഡീശ പര്യടനം നടത്തുന്ന കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ സംഘം ഭുവനേശ്വറിലെ CSIR-IMMT സന്ദർശിച്ചപ്പോൾ.
ഭുവനേശ്വർ: കേരളത്തിലെ വനവിസ്തൃതി ഒരു പ്രധാന കാർബൺ സംഭരണിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഭുവനേശ്വറിലെ CSIR-IMMT ഡയറക്റ്റർ ഡോ. രാമാനുജ് നാരായൺ. തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിച്ച ഒഡീഷ മാധ്യമ പര്യടനത്തിന്‍റെ ഭാഗമായി CSIR-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനറൽസ് ആൻഡ് മെറ്റീരിയൽസ് ടെക്നോളജി (IMMT) സന്ദർശിച്ച കേരളത്തിൽ നിന്നുള്ള മാധ്യമ സംഘവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർണായക ധാതുക്കൾ, സുസ്ഥിര സാങ്കേതികവിദ്യകൾ, വിഭവകാര്യക്ഷമമായ പരിഹാരങ്ങൾ എന്നിവയിൽ സ്ഥാപനം നടത്തുന്ന അത്യാധുനിക ഗവേഷണങ്ങൾ സന്ദർശനവേളയിൽ മാധ്യമസംഘത്തിന് പരിചയപ്പെടുത്തി. ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക പുരോഗതിയിൽ സ്ഥാപനം നൽകിയ സുപ്രധാന സംഭാവനകളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
നിർണായക ധാതു മേഖലയിലെ മികവിന്‍റെ കേന്ദ്രമായി കേന്ദ്ര ഖനി മന്ത്രാലയം CSIR-IMMTയെ അംഗീകരിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ ഈ മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണിത്. നിർണായക ധാതുക്കളുടെ വേർതിരിച്ചെടുക്കൽ, സംസ്‌കരണം, വിനിയോഗം എന്നിവ പരമാവധി വർധിപ്പിക്കുകയെന്നത് ഒരു പ്രധാന ദേശീയ മുൻഗണനയാണെന്നും ഈ ദൗത്യത്തെ പിന്തുണയ്ക്കുന്നതിനായി അത്യാധുനിക ഗവേഷണ അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും സ്ഥാപനത്തിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിർണായക ധാതു മേഖലയിൽ കേരളത്തിന്‍റെ സാധ്യതകൾ എടുത്തുപറഞ്ഞ ഡോ. രാമാനുജ്, കളിമൺ അധിഷ്ഠിത വ്യവസായ മേഖലയിൽ കേരളത്തിൽ വലിയ അവസരങ്ങളുണ്ടെന്ന് പറഞ്ഞു. ശാസ്ത്ര-എൻജിനീയറിങ് രംഗത്തെ പുരോഗതി കുറഞ്ഞ മലിനീകരണ തോതുള്ള സാങ്കേതികവിദ്യകളുടെ വികസനത്തിന് വഴിയൊരുക്കുന്നുണ്ടെന്നും ഡോ. രാമാനുജ് ചൂണ്ടിക്കാട്ടി. പരിസ്ഥിതിക്കും പ്രാദേശിക സമൂഹങ്ങൾക്കും കുറഞ്ഞ ആഘാതം മാത്രമുണ്ടാക്കുന്ന ഇത്തരം നൂതന കണ്ടുപിടിത്തങ്ങൾക്ക് സുസ്ഥിര വിഭവ വിനിയോഗത്തെ പിന്തുണയ്ക്കാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന് അനുയോജ്യമായ രീതിയിൽ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളെ പരാമർശിച്ച അദ്ദേഹം, വാഴപ്പിണ്ടിയിൽ നിന്നുള്ള അവശിഷ്ടങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ബയോചാർ (Biochar) ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇത് മണ്ണിലെ പൊട്ടാസ്യത്തിന്‍റെ അളവ് വർധിപ്പിക്കുകയും സുസ്ഥിര കൃഷിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
സുസ്ഥിര വികസനത്തിന്‍റെയും ചാക്രിക സമ്പദ്‍വ്യവസ്ഥയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ ഡോ.രാമാനുജ്, മാലിന്യം വെറും മാലിന്യമല്ലെന്നും മറിച്ച് അതൊരു സ്രോതസാണെന്നും അഭിപ്രായപ്പെട്ടു. കാർഷിക-വ്യവസായിക ഉപോത്പന്നങ്ങളെ മൂല്യവർധിത ഉത്പന്നങ്ങളും പരിഹാരങ്ങളുമാക്കി മാറ്റുന്നതിന് CSIR-IMMT എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. നവീനാശയങ്ങൾ, വിഭവകാര്യക്ഷമത, വിവിധതരം മാലിന്യങ്ങളുടെ സമഗ്ര വിനിയോഗം എന്നിവയിലൂടെ 2040 ഓടെ ഇന്ത്യ മാലിന്യമുക്ത രാഷ്ട്രമായി മാറുന്നതിലേക്ക് മുന്നേറണമെന്ന് സ്ഥാപനത്തിന്‍റെ ദീർഘകാല കാഴ്ചപ്പാട് എടുത്തുപറഞ്ഞുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉയർന്ന ഗുണനിലവാരമുള്ള ഹൈഡ്രജൻ ഉത്പാദനവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ ഉൾപ്പെടെയുള്ള വളർന്നുവരുന്ന ഗവേഷണ മേഖലകളെക്കുറിച്ച് സംസാരിച്ച ഡയറക്റ്റർ, തന്ത്രപ്രധാന ധാതുക്കളിലും അസംസ്‌കൃത വസ്തുക്കളിലും ഇന്ത്യയുടെ ശേഷി ശക്തിപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യം വ്യക്തമാക്കി. പ്ലാറ്റിനം ഗ്രൂപ്പ് മൂലകങ്ങൾ, ഇരുമ്പയിര് എന്നിവ കൈകാര്യം ചെയ്യുന്നതും ഇ-മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പുനരുപയോഗിക്കുന്നതുമായ പ്രാരംഭ പ്ലാന്‍റുകളും മാധ്യമസംഘം സന്ദർശിച്ചു.