ഇന്ത്യന്‍ നിര്‍മിത ഡ്രൈവറില്ലാ കാറുമായി മലയാളി സംരംഭകന്‍

കൊച്ചി ഇന്‍ഫോ പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സ്ഥാപനമായ റോഷ് എഐ ആണ് സംരംഭത്തിനു പിന്നിൽ
റോഷ് എഐയുടെ ഡ്രൈവറില്ലാ കാർ.
റോഷ് എഐയുടെ ഡ്രൈവറില്ലാ കാർ.
Updated on

ഗുരുഗ്രാം: ഹരിയാനയില്‍ നടന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (അഡാസ്) ഷോയില്‍ ഡ്രൈവറില്ലാ കാര്‍ പ്രദര്‍ശിപ്പിച്ച് കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭം. കൊച്ചി ഇന്‍ഫോ പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സ്ഥാപനമായ റോഷ് എഐ ആണ് ഇന്ത്യന്‍ നിർമിത ഡ്രൈവറില്ലാ കാര്‍ അഡാസ് ഷോയില്‍ അവതരിപ്പിച്ചത്.

റോബോട്ടിക്സ് വിദഗ്ധനായ ഡോ. റോഷി ജോണ്‍ ആണ് റോഷ് എഐയുടെ സ്ഥാപകന്‍. നാനോ കാറില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇദ്ദേഹം ഇന്ത്യയിലെ ഡ്രൈവറില്ലാ കാര്‍ വിപ്ലവത്തിന് തുടക്കമിട്ടത്. തിരുച്ചിറപ്പള്ളി എന്‍ഐടിയില്‍ നിന്ന് റോബോട്ടിക്സില്‍ ഡോക്റ്ററേറ്റ് നേടിയ റോഷി കഴിഞ്ഞ 20 വര്‍ഷമായി രാജ്യത്തെ ഹൈടെക്, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ്, ഓട്ടൊമോട്ടീവ്, റീട്ടെയ്ല്‍, ബാങ്കിങ് സ്ഥാപനങ്ങള്‍ക്ക് വേണ്ടി റോബോട്ടുകളെ വികസിപ്പിച്ച് വരുന്നു.

നിലവില്‍ പല അന്താരാഷ്‌ട്ര ആഡംബര വാഹന നിർമാതാക്കള്‍ക്കും ഡ്രൈവറില്ലാ സാങ്കേതിക വിദ്യ നല്‍കുന്നത് റോഷ് എഐയാണ്. ഖനന കമ്പനികളും ഇവരുടെ ഡ്രൈവറില്ലാതെ ഓടുന്ന വാഹന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഹരിയാനയിലെ ഗുരുഗ്രാമിലെ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഓട്ടൊമോട്ടീവ് ടെക്നോളജിയിലാണ് ഈ വര്‍ഷത്തെ അഡാസ് ഷോ നടക്കുന്നത്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം സാങ്കേതിക വിദ്യയിലെ ഏറ്റവും പുതിയ കണ്ടെത്തലുകളും വളര്‍ച്ചയും അവതരിപ്പിക്കാന്‍ സംരംഭകര്‍ക്ക് അവസരം നല്‍കുകയാണ് ഈ ഷോയുടെ ലക്ഷ്യം. രാജാറാം മൂര്‍ത്തി, ലതീഷ് വാളാങ്കി എന്നിവരാണ് റോഷ് എഐ-യുടെ സഹസ്ഥാപകര്‍. കേന്ദ്രസർക്കാരിന്‍റെ വന്‍കിട വ്യവസായ മന്ത്രാലയത്തിന്‍റെ സഹായത്തോടെയാണ് ഷോ സംഘടിപ്പിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com