
ബംഗളൂരു: പ്രതീക്ഷിച്ചതു പോലെ കാര്യങ്ങൾ മുന്നേറിയാൽ ബുധനാഴ്ച വൈകിട്ട് 6.04ന് പ്രജ്ഞാൻ റോവറിനെയും വഹിച്ച് വിക്രം എന്ന ലാൻഡർ ചന്ദ്രനിൽ 'കാൽ' കുത്തും. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന ബഹുമതിയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
നേരത്തേ, 23ന് വൈകിട്ട് 5.47 ആണ് ലാൻഡിങ് സമയമായി നിശ്ചയിച്ചിരുന്നത്. ചന്ദ്രനിലെ സൂര്യാസ്തമയം കണക്കിലെടുത്ത് 17 മിനിറ്റ് കൂടി വൈകിക്കുകയായിരുന്നുവെന്ന് ഇസ്രൊ വിശദീകരിക്കുന്നു. ഞായറാഴ്ച പേടകത്തിന്റെ വേഗം കുറച്ചാണ് പുതിയ ഭ്രമണപഥത്തിലേക്ക് മാറ്റിയത്.
23ന് വൈകിട്ട് 5.27 മുതൽ ഇസ്രൊയുടെ വെബ്സൈറ്റ്, യുട്യൂബ് ചാനൽ, ഫെയ്സ്ബുക്ക് പേജ്, ദൂരദർശൻ നാഷനൽ ടിവി ചാനൽ എന്നിവയിലൂടെ ചന്ദ്രയാൻ 3ന്‍റെ ലാൻഡിങ് തത്സമയം കാണാനാകും. കഴിഞ്ഞമാസം 14നാണു ചന്ദ്രയാൻ 3 വിക്ഷേപിച്ചത്.
ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 അവസാനഘട്ടത്തിലാണിപ്പോൾ. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് ഞായറാഴ്ച വീണ്ടും ഭ്രമണപഥം താഴ്ത്തിയത്. ഇതോടെ ചന്ദ്രനിൽ നിന്ന് 25 കി.മീറ്റർ X 134 കി.മീറ്റർ ദൂരത്തിലുള്ള ഭ്രമണപഥത്തിലായി പേടകത്തിന്റെ സഞ്ചാരം. ഇതുവരെയുള്ള പ്രവർത്തനങ്ങളെല്ലാം കൃത്യത പുലർത്തുന്നു.