രാജ്യത്തുടനീളം ആളുകൾ 'ഡിജിറ്റൽ അറസ്റ്റിൽ'; പ്രത്യേക മുന്നറിയിപ്പുമായി മന്ത്രാലയം

പൊലീസ്, സിബിഐ, നാർക്കോട്ടിക് കൺട്രോൾ വകുപ്പ്, റിസർവ് ബാങ്ക്, ഇ.ഡി എന്നിവയുടെയൊക്കെ പേരിൽ ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ട്.
Ministry of Home Affairs Issues Nationwide Alert over digital arrest
Ministry of Home Affairs Issues Nationwide Alert over digital arrest

രാജ്യത്തുടനീളമുള്ള ആളുകൾ 'ഡിജിറ്റൽ അറസ്റ്റിൽ' ആകുന്ന തരത്തിലുള്ള തട്ടിപ്പുകൾക്ക് നിരവധിപ്പേർ ഇരയാകുന്നതിനാൽ പ്രത്യേക ജാഗ്രതാ നിർദേശം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്തുടനീളം നിരവധി പേര്‍ക്ക് ഇത്തരത്തില്‍ പണം നഷ്‌ടപ്പെടുന്നുണ്ട്. ഇത്തരം കോളുകൾ ലഭിച്ചാൽ ഉടന്‍ സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറായ 1930-ൽ അറിയിക്കണമെന്ന് ചൊവ്വാഴ്ച ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. സൈബർ തട്ടിപ്പിനു ഉപയോഗിച്ച 1000 സ്കൈപ്പ് അക്കൗണ്ടുകൾ, സിം കാർഡുകൾ, മൊബൈൽ ഉപകരണങ്ങൽ, മ്യൂൾ അക്കൗണ്ടുകൾ എന്നില ബ്ലോക്ക് ചെയ്യാനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞതായും മന്ത്രാലയം ചൊവ്വാഴ്ചയിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

പൊലീസ്, സിബിഐ, റിസർവ് ബാങ്ക് എന്നിവ ഉള്‍പ്പടെയുള്ള ഏജന്‍സികളുടെ മാതൃകയിലുള്ള സ്റ്റുഡിയോകൾ തയ്യാറാക്കിയാണ് വീഡിയോ കോൾ എത്തുന്നതിനാൽ പലരും ഇത് യഥാ‌ർത്ഥ നടപടികളാണെന്ന് വിശ്വസിക്കും. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), നാർക്കോട്ടിക് കൺട്രോൾ വകുപ്പ്, റിസർവ് ബാങ്ക്, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) എന്നിവയുടെയൊക്കെ പേരിൽ ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ട്. ഭീഷണിയും, ബ്ലാക്ക്‌മെയിൽ ചെയ്യലും തുടർന്ന് പണം തട്ടലുമാണ് രീതി. പണം നൽകാൻ തയ്യാറാവാത്തവരെ "ഡിജിറ്റൽ അറസ്റ്റ്" ചെയ്യുമെന്നും ഭീഷണിപ്പെടുത്തും. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ ഇത് സംബന്ധിച്ച ധാരാളം പരാതികളാണ് വരുന്നതെന്ന് അധികൃതർ പറയുന്നു.

ഈ തട്ടിപ്പുകാർ ഒരാളെ ആദ്യം ഫോണിൽ ബന്ധപ്പെടും. നിയമവിരുദ്ധമായ ചില സാധനങ്ങളോ, മയക്കുമരുന്നോ, വ്യാജ പാസ്‌പോർട്ടുകളോ അല്ലെങ്കിൽ മറ്റേതെങ്കിലും നിരോധിത വസ്‌തുക്കളോ എന്നിവ ഉൾപ്പെടുന്ന ഒരു പാർസർ നിങ്ങളുടെ പേരിൽ അയച്ചിട്ടുണ്ടെന്ന തരത്തിൽ വിവരം നൽകും. അല്ലെങ്കിൽ മറ്റുചിലപ്പോൾ നിങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ വേണ്ടപ്പെട്ടവരോ ഏതെങ്കിലും കേസിലോ അപകടത്തിലോ ഉൾപ്പെട്ട് അറസ്റ്റിലാണെന്നും കേസെടുക്കാതിരിക്കാന്‍ പണം വേണമെന്നും ആവശ്യപ്പെടും. ഇതിന് തയ്യാറാവാതെ വരികയോ സംശയിക്കുകയോ ഒക്കെ ചെയ്താൽ നിങ്ങളെ ഡിജിറ്റൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തു. പണം നൽകുന്നതു സംഘം സ്കൈപ്പ് പോലുള്ള വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷൻ വഴി ബന്ധപ്പെട്ടുകൊണ്ടേയിരിക്കും.

രാജ്യത്തുടനീളം നിരവധി പേർക്ക് ഇത്തരം കുറ്റവാളികൾ കാരണം വലിയ തുക നഷ്ടമായിട്ടുണ്ട്. വിദേശത്ത് നിന്നുള്ള ക്രൈം സിന്‍റഡിക്കേറ്റുകളാണ് ഇത്തരം സൈബർ കുറ്റകൃത്യങ്ങൾക്കു പിന്നിലെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍ററിന്‍റെ കീഴിൽ (I4C) ഇതിനെതിരായ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കോളുകളോ ഭീഷണികളോ ലഭിച്ചാൽ, സഹായത്തിനായി ഉടൻ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930-ലോ www.cybercrime.gov.in-ലോ സംഭവം റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com