ചെന്നൈ: ചന്ദ്രയാൻ 3 ദൗത്യത്തിന്‍റെ ഭാഗമായ വിക്രം ലാൻഡറിന്‍റെ പ്രവർത്തനം പരിശോധിച്ച്, എല്ലാ ഘടകങ്ങളും നൂറു ശതമാനം കൃത്യമാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ ഓഗസ്റ്റ് 23ന് മുൻ നിശ്ചയപ്രകാരം ലാൻഡിങ് നടത്തൂ എന്ന് ഐഎസ്ആർഒ ഉദ്യോഗസ്ഥൻ. എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തിയാൽ ലാൻഡിങ് ഓഗസ്റ്റ് 27ലേക്ക് മാറ്റിവയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള പദ്ധതി ബുധനാഴ്ച വൈകിട്ട് 6.04ന് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവ പ്രദേശത്ത് ലാൻഡ് ചെയ്യിക്കാനാണ്.
20 മിനിറ്റോളം നീളുന്ന പ്രക്രിയയാണ് സോഫ്റ്റ് ലാൻഡിങ്ങിനായി തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ബുധനാഴ്ച വൈകിട്ട് 5.45ന് ലാൻഡ് ചെയ്യാൻ ശ്രമം തുടങ്ങും.
ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങും മുൻപ് വിക്രം ലാൻഡറിന്‍റെ വേഗം കുറയ്ക്കുക എന്നതാണ് പ്രധാന വെല്ലുവിളി. വേഗം കൂടിപ്പോയതാണ് ചന്ദ്രയാൻ-2വിൽ ഉണ്ടായിരുന്ന വിക്രം ലാൻഡർ ഇടിച്ചിറങ്ങാൻ കാരണമായത്.
ഇതുവരെ എല്ലാ കാര്യങ്ങളും കൃത്യമായി തന്നെയാണ് പോകുന്നതെന്നും, എല്ലാ സമയക്രമങ്ങളും മുൻ നിശ്ചയപ്രകാരമാണെന്നും ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്. യുഎസും സോവ്യറ്റ് യൂണിയനും ചൈനയും മാത്രമാണ് പേടകങ്ങൾ ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡ് ചെയ്യിച്ചിട്ടുള്ളത്.