ചന്ദ്രയാൻ 'ടെസ്റ്റ് ഡ്രൈവ്' നടത്തിയത് നാമക്കലിന്‍റെ മണ്ണിൽ

ചന്ദ്രോപരിതലത്തിലെ മണ്ണിനോട് ഏറെ സാമ്യമുള്ളതാണു നാമക്കൽ ജില്ലയിലെ ചില പ്രദേശങ്ങളിലുള്ള മണ്ണ്
Namakkal soil
Namakkal soil

ബംഗളൂരു: തമിഴ്നാടിന്‍റെ മണ്ണിൽ നിന്ന് ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്തു പകർന്നവർ അനവധി. ബഹിരാകാശ ശാസ്ത്രജ്ഞനും ഇന്ത്യൻ പ്രസിഡന്‍റുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാം, ചന്ദ്രയാൻ 2 മിഷൻ ഡയറക്റ്റർ മയിൽസ്വാമി അണ്ണാദുരൈ, ചന്ദ്രയാൻ 3 പ്രൊജക്റ്റ് ഡയറക്റ്റർ വീരമുത്തുവേൽ.... ഇങ്ങനെ നിരവധി പ്രതിഭകൾ തമിഴ്മണ്ണിൽ നിന്നുണ്ട്. എന്നാൽ അക്ഷാരാർഥത്തിൽ തമിഴ്നാട്ടിലെ മണ്ണ് തന്നെ ചന്ദ്രയാൻ 3 ദൗത്യത്തിലെ പ്രധാനഘടകമാണ്. അതേ, തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിലെ മണ്ണാണ് ചന്ദ്രയാൻ 3 ദൗത്യത്തിന്‍റെ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചത്.

നാമക്കലിലെ മണ്ണ് തന്നെ ഐഎസ്ആർഒ പരീക്ഷണങ്ങൾക്കായി തെരഞ്ഞെടുക്കുന്നതിനു പിന്നിലൊരു കാരണമുണ്ട്. ചന്ദ്രോപരിതലത്തിലെ മണ്ണിനോട് ഏറെ സാമ്യമുള്ളതാണു നാമക്കൽ ജില്ലയിലെ ചില പ്രദേശങ്ങളിലുള്ള മണ്ണെന്നാണു ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. സോഫ്റ്റ് ലാൻഡിങ് സാധ്യമാണോ എന്ന തരത്തിലുള്ള പരീക്ഷണങ്ങളൊക്കെ ഐഎസ്ആർഒ നടത്തിയതു നാമക്കലിൽ നിന്നുള്ള മണ്ണിലാണ്. ചാന്ദ്രദൗത്യങ്ങൾ ആരംഭിച്ചതു മുതൽ ഈ മണ്ണ് ഐഎസ്ആർഒ ഉപയോഗിക്കുന്നുണ്ട്. ചന്ദ്രയാൻ 3 ദൗത്യത്തിനായി ഇത്തവണ 50 ടൺ മണ്ണാണ് നാമക്കലിൽ നിന്ന് ഐഎസ്ആർഒയിലേക്കു കൊണ്ടു പോയത്.

ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലുള്ളതിനു സമാനമായ മണ്ണാണ് നാമക്കലിൽ കണ്ടുവരുന്നതെന്നു പറയുന്നു പെരിയാർ യൂണിവേഴ്സിറ്റി ജിയോളജി വകുപ്പ് തലവൻ പ്രൊഫസർ എസ്. അൻപഴകൻ. ഇന്ത്യയുടെ ആദ്യ ചൗന്ദ്രദൗത്യം മുതൽ തന്നെ ഇവിടുത്തെ മണ്ണാണ് പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അനോർത്തോസൈറ്റ് വിഭാഗത്തിൽ ഉൾപ്പെടുന്ന മണ്ണാണ് ചന്ദ്രോപരിതലത്തിലുള്ളത്. നാമക്കലിലെ കുന്നമലൈ, സിത്താംപൂണ്ടി തുടങ്ങിയ ഇടങ്ങളിൽ ഇത്തരം മണ്ണ് ധാരാളമായുണ്ട്. നാമക്കലിൽ മാത്രമല്ല, ആന്ധ്രാ പ്രദേശിലെ ചിലയിടങ്ങളിലും ചന്ദ്രോപരിതലത്തിലേതിനു സമാനമായ മണ്ണ് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന്‍റെ ഏറ്റവും വലിയ സ്വപ്ന ദൗത്യത്തിനു മണ്ണൊരുക്കാൻ കഴിഞ്ഞതു കൊണ്ടു തന്നെ ചന്ദ്രയാൻ 3ന്‍റെ വിജയം നാമക്കലിലുള്ളവർക്കും അഭിമാനിക്കാൻ വക നൽകുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com