
ആറ് തവണ മാറ്റിവച്ച ആക്സിയോം 4 ദൗത്യം; പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ
ഫ്ളോറിഡ: ആറ് തവണ മാറ്റിവച്ച ആക്സിയം 4 ദൗത്യത്തിന്‍റെ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ. ജൂൺ 25 ബുധനാഴ്ച വിക്ഷേപണം നടത്തുമെന്നാണ് ആക്സിയം സ്പേസ്, സ്പേസ് എക്സ്, നാസ എന്നിവർ അറിയിച്ചത്. ഫ്ലോറിഡയിലെ നാസയുടെ കെന്നസി സ്പേസ് സെന്‍ററിൽ നിന്ന് പ്രാദേശിക സമയം പുലർച്ചെ 2.31 നായിരിക്കും ( ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.10) വിക്ഷേപണം.
ഇന്ത്യയുടെ ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ബഹിരാകാശ യാത്രികരെ ആന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിക്കുന്ന ദൗത്യമാണ് ആക്സിയം 4. ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഘടിപ്പിച്ച സ്‌പേസ് എക്‌സിന്‍റെ പുതിയ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാണ് നാലംഗസംഘം യാത്രതിരിക്കുന്നത്.
ആദ്യം മേയ് 29-ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം കാലാവസ്ഥ പ്രശ്‌നങ്ങള്‍ കാരണംമൂലം ജൂൺ എട്ടിലേക്ക് മാറ്റിവെച്ചു. പിന്നീട് ഫാൽക്കൺ 9 റോക്കറ്റിന്‍റെ ബൂസ്റ്ററിലെ ലിക്വിഡ് ഓക്സിജൻ ചോർച്ച കാരണം തീയതി ജൂൺ 10 ലേക്കും 11 ലേക്കും മാറ്റി. കൂടുതൽ വിലയിരുത്തലുകൾക്ക് ശേഷം വീണ്ടും ജൂൺ 19 ലേക്കും ബഹിരാകാശ നിലയത്തിന്റെ സര്‍വീസ് മൊഡ്യൂളിലെ ഒരു സാങ്കേതിക തകരാര്‍ കാരണം അത് ജൂണ്‍ 22-ലേക്ക് മാറ്റുകയുമായിരുന്നു.
അമെരിക്കൻ സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസ് - സ്പേസ് എക്‌സ് എന്നിവയുടെ സഹകരണത്തോടെ നാസ നടപ്പാക്കുന്ന നാലാമത്തെ സ്വകാര്യ വാണിജ്യ ദൗത്യമാണ് ആക്‌സിയം 4. ബഹിരാകാശരംഗത്തെ ഇന്ത്യ-നാസ സഹകരണത്തിന്‍റെ ഭാഗമായാണു 39 വയസുകാരനായ ശുഭാംശു ശുക്ല ആക്സിയം 4 ദൗത്യത്തില്‍ ബഹിരാകാശയാത്രയ്ക്ക് കാത്തിരിക്കുന്നത്.
ശുഭാംശു ശുക്ലയ്ക്കു പുറമെ മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ (യുഎസ്എ), സ്ലാവോസ് ഉസ്നാൻസ്കി-വിസ്‌നിയേവ്സ്‌കി (പോളണ്ട്), ടിബോർ കപു (ഹംഗറി) എന്നിവരാണ് ആക്സിയം 4 ദൗത്യത്തിലെ മറ്റ് അംഗങ്ങള്‍. ഫാല്‍ക്കണ്‍ 9 ലെ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകമാണ് ഈ ദൗത്യത്തിന് ഉപയോഗിക്കുന്നത്.