പറക്കുംതളികകളെക്കുറിച്ചുള്ള പഠനം: നാസ റിപ്പോർട്ട് പുറത്തുവിട്ടു

അൺഐഡന്‍റിഫൈഡ് ഫ്ളൈയിങ് ഓബ്ജക്റ്റ്സ് (UFO) എന്നറിയപ്പെടുന്ന പറക്കുംതളികകളെ, അജ്ഞാതമായ അസാധാരണ പ്രതിഭാസങ്ങൾ (അൺഐഡന്‍റിഫൈഡ് അനോമലസ് ഫിനോമിന - UAP) എന്നാണ് നാസ വിശേഷിപ്പിക്കുന്നത്
UFO
UFOImaginary picture

ലോകം ദീർഘകാലമായി കാത്തിരിക്കുന്ന, പറക്കുംതളികകളെക്കുറിച്ചുള്ള പഠന റിപ്പോർട്ട് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ പുറത്തുവിട്ടു. പൊതുവിൽ അൺഐഡന്‍റിഫൈഡ് ഫ്ളൈയിങ് ഓബ്ജക്റ്റ്സ് (UFO) എന്നറിയപ്പെടുന്ന പറക്കുംതളികകളെ, അജ്ഞാതമായ അസാധാരണ പ്രതിഭാസങ്ങൾ (അൺഐഡന്‍റിഫൈഡ് അനോമലസ് ഫിനോമിന - UAP) എന്നാണ് നാസ വിശേഷിപ്പിക്കുന്നത്. ഇവയെക്കുറിച്ചുള്ള പഠനത്തിന് പുതിയ ശാസ്ത്ര സങ്കേതങ്ങളും അത്യാധുനിക ഉപഗ്രഹങ്ങളും, കൂടാതെ ഇവയെ സമീപിക്കുന്ന രീതിയിൽ മാറ്റവും അനിവാര്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഒരു വർഷം മുൻപ് ആരംഭിച്ച പഠനം ഒരു ലക്ഷത്തോളം ഡോളർ ചെലവിലാണ് പൂർത്തിയാക്കിയത്. നാസ നിയോഗിച്ച പതിനാറംഗ സ്വതന്ത്ര സമിതി തയാറാക്കിയ റിപ്പോർട്ടിന് 33 പേജുകളുണ്ട്. പറക്കുംതളികകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇതു സംബന്ധിച്ച വിവര ശേഖരണത്തിൽ വലിയ പ്രതിബന്ധമായെന്നും റിപ്പോർട്ടിൽ പറയുന്നു.

പലരും കണ്ടെന്നു പറയുന്ന പറക്കുംതളികകൾക്കു പിന്നിൽ ബഹിരാകാശ സ്രോതസുകളാണെന്ന നിഗമനത്തിലെത്താൻ തക്ക തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും മെഷീൻ ലേണിങ്ങും അടക്കമുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചു വേണം ഇവയെക്കുറിച്ചു കൂടുതൽ പഠനങ്ങൾ നടത്താൻ എന്ന ശുപാർശയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബഹിരാകാശത്ത് ഒരു വർഷത്തോളം തങ്ങിയ നാസയുടെ മുൻ ബഹിരാകാശ യാത്രികൻ സ്കോട്ട് കെല്ലി അടക്കം ശാസ്ത്ര, വ്യോമയാന, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്തെ വിദഗ്ധർ ഉൾപ്പെട്ട സമിതിയാണ് പഠനത്തിനു നിയോഗിക്കപ്പെട്ടിരുന്നത്. നാസയുടെ ടോപ് സീക്രട്ട് ഫയലുകളൊന്നും സമിതി പരിശോധിച്ചില്ല. ഇതിനു പകരം, പൊതുമണ്ഡലത്തിൽ ലഭ്യമായ വിവരങ്ങൾ മാത്രമാണു പരിശോധിച്ചത്. ശാസ്ത്രീയ നിഗമനങ്ങളിലെത്താൻ പാകത്തിൽ വ്യക്തമായ നിരീക്ഷണങ്ങളൊന്നും ഇക്കൂട്ടത്തിൽ ലഭ്യമായിട്ടില്ലെന്ന് സമിതി വിലയിരുത്തി.

തിരിച്ചറിയാൻ സാധിക്കാത്തോ ശാസ്ത്രീയമായി വിശദീകരിക്കാൻ സാധിക്കാത്തതോ ആയ വസ്തുക്കൾ എന്നു മാത്രമാണ് പറക്കുംതളികകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന വസ്തുക്കളെക്കുറിച്ച് ഔദ്യോഗികമായി പറയുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com