ധൂമകേതുവിന് നാസ ഇന്ത്യൻ ബാലന്‍റെ പേര് നൽകും

ബഹിരാകാശത്ത് പുതിയതായി കണ്ടെത്തിയ ധൂമകേതുവിന് നാസ ഇന്ത്യയിൽനിന്നുള്ള ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ പേര് നൽകും
Daksh Malik with NASA certificate
നാസയുടെ സർട്ടിഫിക്കറ്റുമായി ദക്ഷ് മാലിക്
Updated on

ന്യൂഡൽഹി: ബഹിരാകാശത്ത് പുതിയതായി കണ്ടെത്തിയ ധൂമകേതുവിന് നാസ ഇന്ത്യയിൽനിന്നുള്ള ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ പേര് നൽകും. ഈ ധൂമകേതുവിനെ ആദ്യമായി കണ്ടെത്തിയതിനുള്ള ആദരസൂചകമായാണ് നോയ്ഡയിൽനിന്നുള്ള ദക്ഷ് മാലിക് എന്ന പതിനാലുകാരന് ഈ ബഹുമതി ലഭിക്കുന്നത്.

2023 OG40 എന്നാണ് ധൂമകേതുവിന് ഇപ്പോൾ നൽകിയിരിക്കുന്ന താത്കാലികമായ പേര്. ഇതിനു പകരം ദക്ഷിണെ പേരോ, അല്ലെങ്കിൽ ദക്ഷ് നിർദേശിക്കുന്ന മറ്റൊരു പേരോ സ്ഥിരമായി ഇതിനു നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇന്‍റർനാഷണൽ ആസ്റ്ററോയ്ഡ് ഡിസ്കവറി പ്രോജക്റ്റിനു (IADP) കീഴിലാണ് ദക്ഷും സ്കൂളിലെ രണ്ട് കൂട്ടുകാരും ചേർന്ന് അജ്ഞാതമായ ധൂമകേതുക്കളെ അന്വേഷിച്ചു തുടങ്ങിയത്. ഇതിന്‍റെ ഭാഗമായി ദക്ഷ് കണ്ടെത്തിയ ധൂമകേതുവിനെക്കുറിച്ച് ഇന്‍റർനാഷണൽ അസ്ട്രണോമിക്കൽ സെർച്ച് കൊളാബറഷനിലേക്ക് (IASC) സ്കൂൾ അധികൃതർ ഇമെയിൽ അയച്ചിരുന്നു. ഈ കണ്ടെത്തൽ സ്ഥിരീകരിച്ചതോടെയാണ് ധൂമകേതുവിന് പേരിടാനുള്ള അവകാശം ദക്ഷിനു ലഭിച്ചത്.

പ്രതിവർഷം ആറായിരം പേരാണ് നാസയുടെ ഈ ധൂമകേതു അന്വേഷണ പരിപാടിയിൽ പങ്കെടുക്കുന്നത്. ഇതിൽ വളരെ ചുരുക്കം ആളുകൾക്കു മാത്രമാണ് പുതിയ ധൂമകേതുക്കളെ കണ്ടെത്താൻ സാധിക്കാറുള്ളത്.

ദക്ഷ് കണ്ടെത്തിയത് പുതിയ ധൂമകേതുവിനെ തന്നെയാണെന്ന് നിലവിൽ പ്രാഥമിക സ്ഥിരീകരണം മാത്രമാണ് നാസയിൽനിന്നു ലഭിച്ചിട്ടുള്ളത്. നാല് മുതൽ അഞ്ച് വർഷം വരെ എടുത്താണ് ഇത് അന്തിമമായി സ്ഥിരീകരിക്കുക. അതിനു ശേഷമായിരിക്കും ഔപചാരിക നാമകരണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com