
കൊച്ചി: വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫിന്‍ടെക് സ്ഥാപനമായ ഫോണ്‍ പേയുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ പിന്‍കോഡിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു.
ഇ-കൊമേഴ്സ് മേഖലയില്‍ ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, റിലയന്‍സിന്റെ ജിയോമാര്‍ട്ട്, ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബിഗ്ബാസ്കറ്റ് എന്നിവയുമായി മത്സരിച്ച് വിപണി പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ഈ വര്‍ഷം ഏപ്രിലില്‍ ആരംഭിച്ച പിന്‍കോഡ്. 2030 ഓടെ 350 ബില്യണ്‍ ഡോളറായി വളരാനാണ് പിന്‍കോഡ് ലക്ഷ്യമിടുന്നത്. ബംഗളൂരു, മുംബൈ എന്നിവയുള്‍പ്പെടെ പത്ത് നഗരങ്ങളില്‍ ആണ് പിന്‍കോഡ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ സേവനം വ്യാപിപ്പിക്കാനാണ് സംരംഭം ലക്ഷ്യമിടുന്നത്.
സര്‍ക്കാര്‍ സഹായമുള്ള ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമിലാണ് പിന്‍കോഡ് അവതരിപ്പിച്ചത്. നിത്യോപയോഗ സാധനങ്ങള്‍, ഫാര്‍മ, ഫാഷന്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവ പിന്‍കോഡ് വില്‍ക്കുന്നു. ഏകദേശം ആറ് മാസത്തിനുള്ളില്‍ 1.2 ദശലക്ഷം ഉപയോക്താക്കളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ ലഭിച്ച മൊത്തം ഓര്‍ഡറുകള്‍ ഏകദേശം ആറ് ലക്ഷമാണ്.
ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടമനുസരിച്ച് പ്രാദേശിക ഷോപ്പുകളില്‍ നിന്നും റസ്റ്റോറന്റുകളില്‍ നിന്നും നേരിട്ട് ബ്രൗസ് ചെയ്യാനും ഓര്‍ഡര്‍ ചെയ്യാനും പിന്‍കോഡ് അവസരം നല്കുന്നു. മുംബൈയിലെ സൊസൈറ്റി സ്റ്റോറുകള്‍, ന്യൂഡല്‍ഹിയിലെ ഖാന് ചാച്ച, ചെന്നൈയിലെ അജ്ഫാന്‍ ഈന്തപ്പഴം, നട്സ്, ഹൈദരാബാദിലെ പാരഡൈസ് ബിരിയാണി തുടങ്ങിയ പ്രാദേശിക ബ്രാന്‍ഡുകള്‍ ഇതിലുള്‍പ്പെടുന്നു.