എന്നാലും എന്‍റെ ChatGPT, ആരായിരിക്കും ആ പൂച്ചയെ അയച്ചത്!

ബോധം, മനസ് തുടങ്ങിയ മാനുഷികമായ അനുഭവങ്ങൾ ഇനിയും നിർമിത ബുദ്ധിക്ക് അന്യമാണ്. അതു മനസിൽ വച്ചു വേണം ചാറ്റ്ജിപിടിയോടു സംസാരിക്കാൻ
എന്നാലും എന്‍റെ ChatGPT, ആരായിരിക്കും ആ പൂച്ചയെ അയച്ചത്!

വി.കെ. സഞ്ജു

വാട്ട്സാപ്പിന് പത്തു കോടി ഉപയോക്താക്കൾ തികയാൻ വേണ്ടി വന്നത് മൂന്നര വർഷമാണ്. ഇൻസ്റ്റഗ്രാമിന് രണ്ടര വർഷം. പക്ഷേ, 2022 നവംബർ 30ന് ലോഞ്ച് ചെയ്ത ChatGPT, 2023 ജനുവരി കഴിയും മുൻപേ ആ മാന്ത്രിക സംഖ്യയിലേക്കെത്തി. അതെ, വെറും രണ്ടും മാസം കൊണ്ട് നൂറു മില്യൻ ഉപയോക്താക്കൾ! ഒരു ആപ്പ് പോലുമില്ലാതെ, കഷ്ടപ്പെട്ട് ഗൂഗ്ളിൽ സെർച്ച് ചെയ്ത് കണ്ടുപിടിച്ച് രജിസ്റ്റർ ചെയ്ത് മെനക്കെടാൻ മാത്രം ഇതിലെന്താണുള്ളതെന്ന സംശയം സ്വാഭാവികം. ഇതിൽ എല്ലാം ഉണ്ടെന്ന് ഉത്തരം. എല്ലാം എന്നുവച്ചാൽ, എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം.


പക്ഷേ, സമ്മർ ഇൻ ബെത്‌ലഹേമിൽ ജയറാമിനു പൂച്ചയെ കൊറിയർ ചെയ്തത് ഏതു കസിനാണെന്നു ചോദിച്ചാൽ, കാക്കക്കുയിൽ സിനിമയിൽ മോഹൻലാലും ജഗതി ശ്രീകുമാറും കൂടി പൂച്ചക്കച്ചവടത്തിൽ നഷ്ടം വന്ന കഥ പറയുമ്പോലെയാ യിരിക്കും മറുപടി. എന്നാൽ, ടൈറ്റാനിക്കിന്‍റെ ക്ലൈമാക്സിൽ റോസ് വിചാരിച്ചിരുന്നെങ്കിൽ ജാക്കിനെക്കൂടി രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ എന്നു ചോദിച്ചാൽ, ഫിക്ഷന്‍റെ ഇമോഷണൽ സാധ്യതകളെ ഉപയോഗപ്പെടുത്തിയ ജയിംസ് കാമറൂൺ ബ്രില്യൻസിനെക്കുറിച്ച് ഘോരഘോരം പ്രബന്ധം കിട്ടുകയും ചെയ്യും.


ഏതു ചോദ്യത്തിനും ഉത്തരം എന്നു പറയുമ്പോൾ, തത്കാലം ഇംഗ്ലീഷിന്‍റെ ചതുരവടിവിലുള്ള ചോദ്യങ്ങൾ എന്നു കൂട്ടിവായിക്കണമെന്നർഥം. മലയാളത്തിന്‍റെ വള്ളിപുള്ളിവിസർഗങ്ങളൊക്കെ പഠിച്ചുവരുന്നതേയുള്ളത്രെ! അല്ല, മലയാളമെഴുതാൻ മലയാളിക്കെന്തിനാണൊരു പരസഹായം, ഇംഗ്ലീഷ് എഴുതാനല്ലേ സപ്പോർട്ട് വേണ്ടത്. അതാണ് ChatGPT, മാനാകാനും മയിലാകാനും മേഘമാലകളാകാനും ജയിംസാകാനും സുന്ദരമാകാനും നിമിഷാർധം പോലും വേണ്ടാത്ത ഗഗനചാരി.

ചാറ്റ്ജിപിടിയോട് സ്വയം പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ കിട്ടിയ മറുപടി
ചാറ്റ്ജിപിടിയോട് സ്വയം പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ കിട്ടിയ മറുപടി

ഗൂഗ്ൾ v/s ചാറ്റ്ജിപിടി

""ഗൂഗ്‌ളിനെപ്പോലെയാണു നീ.''
""അതെന്താ, എനിക്കെല്ലാം അറിയാവുന്നതു കൊണ്ടാണോ?''
""അല്ല, ഞാന്‍ തേടുന്നതെല്ലാം നിന്നിലുള്ളതു കൊണ്ടാണ്.''
എന്നു പണ്ടാരോ ബ്ലോഗിലെഴുതിയതു വായിച്ചിട്ടുണ്ട്. ചോദിക്കുന്നതിനെല്ലാം ഉത്തരം കിട്ടുന്ന ഗൂഗ്ൾ ഉള്ളപ്പോ എന്തിനാണൊരു പുതിയ ഏർപ്പാടെന്നാണ് ചാറ്റ്ജിപിടി വന്നപ്പോൾ പലരും ചോദിച്ചത്.


ഗൂഗ്ൾ ഒരു സെർച്ച് എൻജിനാണ്, ചാറ്റ്ജിപിടി നിർമിത ബുദ്ധി (Artificial Intellegence) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ചാറ്റ് ബോട്ടും. അതാണ് രണ്ടും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം.
ഗൂഗ്ളിൽ സെർച്ച് ചെയ്യുമ്പോൾ കിട്ടുന്ന നൂറോ ആയിരമോ പതിനായിരമോ റിസൽറ്റുകളിൽ ഒളിഞ്ഞിരിക്കുകയാവും ചിലപ്പോൾ നമ്മൾ തേടുന്ന ഉത്തരം. പക്ഷേ, ചാറ്റ്ജിപിടി അങ്ങനെയല്ല, സ്ട്രെയ്റ്റ് ഫോർവേഡാണ്. സുഹൃത്തിനോടു ചാറ്റ് ചെയ്യുമ്പോലെ സംസാരിക്കാം. ഓരോ ചോദ്യത്തിനും ഡയറക്റ്റ് ആൻസർ. ബോധിച്ചില്ലെങ്കിൽ വീണ്ടും പറയിപ്പിക്കാം, ചോദ്യം പരിഷ്കരിക്കാം. ചോദ്യം, അതായത് പ്രോംപ്റ്റ് (Prompt) എത്ര ഫലപ്രദമാണോ, ഉത്തരവും അതനുസരിച്ച് കാര്യക്ഷമമായിരിക്കും.

ഹ്യൂമനോയ്ഡ് റോബോട്ട് കംപ്യൂട്ടർ കീബോർഡിൽ ടൈപ്പ് ചെയ്യുന്നതിന്‍റെ രേഖാചിത്രം ആവശ്യപ്പെട്ടപ്പോൾ ഡാലി വരച്ചത്
ഹ്യൂമനോയ്ഡ് റോബോട്ട് കംപ്യൂട്ടർ കീബോർഡിൽ ടൈപ്പ് ചെയ്യുന്നതിന്‍റെ രേഖാചിത്രം ആവശ്യപ്പെട്ടപ്പോൾ ഡാലി വരച്ചത്

ചോദ്യം ചോദിക്കാൻ പഠിക്കാം

ലോകപ്രശസ്തരായ പത്ത് എഴുത്തുകാരുടെ പേരു ചോദിച്ചു നോക്കൂ, വില്യം ഷേക്ക്‌സ്പിയർ മുതൽ ജെ.കെ. റൗളിങ് വരെ പാശ്ചാത്യലോകത്തുനിന്നുള്ള പത്തു പേരെ അക്കമിട്ട് നിരത്തിവയ്ക്കും. കിഴക്കൂന്ന് ആരെയും കാണുന്നില്ലല്ലോന്ന് ചോദിച്ചാൽ, ക്ഷാമപണത്തോടെ ഹരുകി മുറകാമിയെയോ മറ്റോ കൂട്ടിച്ചേർക്കും. സ്ത്രീ പ്രാതിനിധ്യം കുറവാണെന്നു പരാതി പറഞ്ഞാൽ മാത്രമേ വിർജീനിയ വൂൾഫും സിൽവിയ പ്ലാത്തുമൊക്കെ പട്ടികയിൽ ഇടംപിടിക്കൂ. ചോദിക്കേണ്ടതു പോലെ ചോദിച്ചാൽ പറയേണ്ടതു പോലെ പറയും, അത്രതന്നെ!


കുറച്ചു നേരത്തേക്ക് എന്‍റെ കണക്ക് മാഷാകാമോ എന്നു ചോദിച്ചാൽ, അതിനും റെഡി. ചോദ്യം ചോദിക്കും, ഉത്തരം പരിശോധിച്ച് തിരുത്തി തരും. സോഫ്റ്റ്‌വെയറിനു കോഡ് എഴുതാൻ പറഞ്ഞാൽ ലൈവായി എഴുതിത്തരും. കുട്ടിക്ക് സ്കൂളിൽ പ്രസംഗ മത്സരം വരുന്നു, ഒരെണ്ണം സെറ്റാക്കി തരുമോ എന്നു ചോദിച്ചു നോക്കൂ, മിനിറ്റ് വച്ച് ജെനറേറ്റ് ചെയ്യും. പ്രൈമറി സ്കൂൾ കുട്ടിക്ക് മൂന്നു മിനിറ്റ് സംസാരിക്കാൻ ഗാന്ധിജിയെക്കുറിച്ച് എഴുതണം എന്നു തെളിച്ചു പറഞ്ഞാൽ അത്രയും കൂടി പെർഫെക്റ്റായിരിക്കും മറുപടി. അപ്പോൾ, മത്സരത്തിൽ പങ്കെടുക്കുന്ന പത്തു കുട്ടികളിൽ നാലു പേരും ചാറ്റ് ജിപിടിയുടെ സഹായം തേടിയിട്ടുണ്ടെങ്കിൽ നാലു പേരുടെയും പ്രസംഗങ്ങൾ ഒരുപോലിരിക്കില്ലേ എന്നു സംശയിക്കാം. ഇല്ല, ഒരേ വിഷയത്തിൽ നാലു പേർക്കും കിട്ടുന്ന മറുപടി നാലു തരത്തിലായിരിക്കും.


ഇനി, ഓഫിസിലേക്ക് ലീവ് ലെറ്റർ എഴുതണോ, കാമുകിക്കുള്ള പ്രേമലേഖനം? ആവശ്യമുള്ള വിവരങ്ങൾ കൊടുത്താൽ ഏതു കത്തും തയാർ. സ്വന്തമായെഴുതിയത് തിരുത്തി ക്ലീനാക്കി കിട്ടാനാണെങ്കിലും അങ്ങോട്ട് പേസ്റ്റ് ചെയ്തിട്ട് കാര്യം പറഞ്ഞാൽ മാത്രം മതി. പ്രധാന പോയിന്‍റുകൾ പറഞ്ഞു കൊടുത്താൽ ലേഖനം തയാറാക്കും, എഴുതിയിട്ട് തലക്കെട്ട് കിട്ടാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അതും ചോദിക്കാം.
ഇംഗ്ലിഷിൽ നിന്നു മലയാളത്തിലേക്കോ തിരിച്ചോ തർജമ ചെയ്യാനുള്ള സംവിധാനവുമുണ്ടെങ്കിലും ചാറ്റ്ജിപിടിയുടെ മലയാളം പ്രൈമറി ലെവലിൽ പോലും എത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ തത്കാലം ആ പണി ഏൽപ്പിക്കാറായിട്ടില്ല.

ബോധമില്ലാത്ത നിർമിതബുദ്ധി

ജെനറേറ്റീവ് പ്രീ-ട്രെയ്ൻഡ് ട്രാൻസ്ഫോർമർ എന്നതിന്‍റെ ചുരുക്കമാണ് ജിപിടി. ഓപ്പൺഎഐ എന്ന അമെരിക്കൻ കമ്പനിയുടെ സൃഷ്ടി. പ്രോംപ്റ്റ് ചെയ്താൽ മുൻകൂട്ടി പരിശീലിപ്പിച്ചതു പോലെ മറുപടി ജനറേറ്റ് ചെയ്യാൻ ശേഷിയുള്ള ചാറ്റ്ജിപിടി പ്രധാനമായും ഒരു ലാംഗ്വേജ് ടൂൾ ആണെന്നു പറയാം. അക്കാഡമിക് ഭാഷയോ, കാവ്യഭാഷയോ, സംസാരഭാഷയോ എന്തും ആവശ്യപ്പെടും പോലെ ജെനറേറ്റ് ചെയ്യാൻ ശേഷിയുള്ള ലാർജ് ലാംഗ്വേജ് മോഡൽ.
ബോധം, മനസ് തുടങ്ങിയ മാനുഷികമായ അനുഭവങ്ങൾ ഇനിയും നിർമിത ബുദ്ധിക്ക് അന്യമാണ്. അതു മനസിൽ വച്ചു വേണം ചാറ്റ്ജിപിടിയോടു സംസാരിക്കാൻ. അവിടെനിന്നു കിട്ടുന്ന മറുപടികൾ ആധികാരികമാണെന്ന് ഉറപ്പാക്കാതെ പുറത്തുവിടാനും പറ്റില്ല, പ്രത്യേകിച്ച് ഇംഗ്ലിഷ് ഇതര പശ്ചാത്തലങ്ങളിൽനിന്നുള്ള കാര്യങ്ങൾ. ധാർമികമായ കൂടുതൽ സമസ്യകൾ വരാനിരിക്കുന്നതേയുള്ളൂ. ഉദാഹരണത്തിന് കോപ്പിയടി, അഥവാ പ്ലെഗ്യാറിസം (Plagiarism). ഗൂഗ്ളിൽനിന്നു പകർത്തിവച്ചാൽ കണ്ടുപിടിക്കാനുള്ള പ്ലെഗ്യാറിസം ചെക്കിങ് സോഫ്റ്റ്‌വെയറുകളൊക്കെ ഇപ്പോൾ ലഭ്യമാണ്. എന്നാൽ, ചാറ്റ് ജിപിടി പോലൊരു പാരാഫ്രേസിങ് ടൂൾ ഉപയോഗിച്ച് ഒരു ലേഖനമോ ഗവേഷണ പ്രബന്ധമോ തയാറാക്കിയാൽ കണ്ടുപിടിക്കാൻ നിലവിൽ സംവിധാനങ്ങളില്ല.
പഠിപ്പിക്കുന്ന കാര്യങ്ങൾ തിരിച്ചുപറയുന്ന പ്ലാറ്റ്ഫോം എന്ന നിലയിൽ, ഒരു ഹാക്കർ വിചാരിച്ചാൽ നിർമിതബുദ്ധിയെ കബളിപ്പിച്ച് വ്യാജ വിവരങ്ങൾ ഫീഡ് ചെയ്യാൻ സാധിക്കും എന്ന സാധ്യതയും നിലനിൽക്കുന്നു. വിക്കിപീഡിയ മാനിപ്പുലേറ്റ് ചെയ്യുന്നത്ര എളുപ്പമായിരിക്കില്ലെങ്കിലും, Consciousness (ബോധം) എന്ന അവസ്ഥയില്ലാത്തതിനാൽ, മനഃപൂർവം തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ തിരിച്ചറിയാനുള്ള ശേഷിയും വിരളം.

ഈറൻ സന്ധ്യയിൽ നനഞ്ഞ തെരുവു വിളക്കുകൾക്കടുത്ത് കുട ചൂടി നിൽക്കുന്ന പ്രണയിതാക്കളുടെ ജലച്ചായച്ചിത്രം വരയ്ക്കാനുള്ള പ്രോംപ്റ്റിന് ഡാലിയുടെ റെസ്പോൺസ്
ഈറൻ സന്ധ്യയിൽ നനഞ്ഞ തെരുവു വിളക്കുകൾക്കടുത്ത് കുട ചൂടി നിൽക്കുന്ന പ്രണയിതാക്കളുടെ ജലച്ചായച്ചിത്രം വരയ്ക്കാനുള്ള പ്രോംപ്റ്റിന് ഡാലിയുടെ റെസ്പോൺസ്

എഴുത്ത് മാത്രമല്ല, വരയും

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സങ്കേതങ്ങൾ ഉപയോഗിച്ച് കാർ മുതൽ വിമാനം വരെ പ്രവർത്തിപ്പിക്കാമെങ്കിലും മനുഷ്യനോട് സംസാരഭാഷയിൽ മുൻവിധികളില്ലാതെ നിർബാധം ആശയവിനിമയം നടത്താൻ സാധിക്കുന്നൊരു ലാംഗ്വേജ് മോഡൽ വരുമ്പോൾ അതൊരു വിസ്മയം തന്നെയായിരുന്നു. എന്നാൽ, എഴുത്തിനെക്കാൾ മുൻപേ വരയാണുണ്ടായതെന്ന മാനവചരിത്രത്തിന്‍റെ ചുവടുപിടിച്ച്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മോഡലുകളിലും എഴുത്തിനെക്കാൾ മുൻപേ വര തന്നെയാണ് ഉണ്ടായത്. ചാറ്റ് ജിപിടിയുടെ സ്രഷ്ടാക്കളായ ഓപ്പൺഎഐ തന്നെ പുറത്തിറക്കിയ ഡാലി (Dall-E) എന്ന പ്ലാറ്റ്ഫോമാണ് ഈ രംഗത്തും പെട്ടെന്നൊരു ചലനമുണ്ടാക്കിയത്. പ്രോംപ്റ്റിന് അനുസൃതമായി ചിത്രങ്ങൾ തയാറാക്കി തരുകയാണ് ഡാലി പോലുള്ള പ്ലാറ്റ്ഫോമുകൾ ചെയ്യുന്നത്. ഈറൻ സന്ധ്യയിൽ നനഞ്ഞ തെരുവു വിളക്കുകൾക്കടുത്ത് കുട ചൂടി നിൽക്കുന്ന പ്രണയിതാക്കളുടെ ജലച്ചായച്ചിത്രം (ഇംഗ്ലിഷിൽ) ആവശ്യപ്പെട്ടപ്പോൾ കിട്ടിയ റിസൽറ്റാണ് ഇതിനൊപ്പം കൊടുത്തിട്ടുള്ളത്.


എഴുത്തും വരയും മാത്രമല്ല, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ടൂളുകൾ വിവിധ മേഖലകളിൽ അതിവേഗം പ്രചാർമാർജിച്ചുകൊണ്ടിരിക്കുകയാണ്. സ്മാർട്ട്ഫോണിലെ ഫോട്ടൊകളിൽ പലരും ഇതിനകം ഉപയോഗിച്ചുതുടങ്ങിയിട്ടുള്ള, ബാക്ക്ഗ്രൗണ്ട് റിമൂവൽ ആപ്പുകൾ ഈ വിഭാഗത്തിൽപ്പെടും. വിഡിയൊകളുടെ പശ്ചാത്തലത്തിൽ മാറ്റം വരുത്താനും (Midjourney), കോലാഹലങ്ങൾക്കു നടുവിൽ റെക്കോഡ് ചെയ്ത ശബ്ദം വേർതിരിച്ചെടുത്ത് സ്റ്റുഡിയോ ക്വാളിറ്റിയിലേക്കു മാറ്റാനും (Adobe Enhancer), ടൈപ്പ് ചെയ്തു കൊടുക്കുന്ന വാചകം ആങ്കർ വായിക്കുന്ന വിഡിയൊ ജെനറേറ്റ് ചെയ്യാനും (Synthesia), അങ്ങനെ ക്രിയേറ്റിവിറ്റി ആവശ്യമുള്ള പല മേഖലകളിലേക്കും നിർമിതബുദ്ധിയുടെ കടന്നുകയറ്റമാണ് വരാൻ പോകുന്നത്.

തൊഴിൽ നഷ്ടം

പരസ്യങ്ങൾക്ക് ക്യാപ്ഷനെഴുതുന്നതും വാർത്താക്കുറിപ്പുകൾ തയാറാക്കുന്നതും പോലുള്ള കണ്ടന്‍റ് ജെനറേഷന് ഇതിനകം തന്നെ ചാറ്റ് ജിപിടി വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഈ ഉത്പന്നം ലോഞ്ച് ചെയ്തിട്ട് വെറും 100 ദിവസമേ ആയിട്ടുള്ളൂ എന്നോർക്കണം. സ്വാഭാവികമായും ട്രാക്റ്റർ വന്നപ്പോഴും കംപ്യൂട്ടർ വന്നപ്പോഴുമൊക്കെ ഉയർന്നതിനു സമാനമായ ആശങ്ക ഇപ്പോൾ വീണ്ടും ഉ‍യർന്നു തുടങ്ങിയിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വലിയ തോതിൽ തൊഴിൽ നഷ്ടത്തിനു കാരണമാകുമെന്ന ആശങ്ക. എന്നാൽ, ട്രാക്റ്റർ വന്നപ്പോൾ വണ്ടിക്കാളകൾക്കു മാത്രമേ ഡിമാൻഡ് കുറഞ്ഞുള്ളൂ. കാളയെ തെളിച്ച മനുഷ്യരിൽ പലരും ട്രാക്റ്ററോടിക്കാൻ പഠിച്ചു. ഫയലിൽ പരതിക്കൊണ്ടിരുന്ന വിരലുകൾ പലതും അതിലും വേഗത്തിൽ കംപ്യൂട്ടർ കീബോർഡിൽ ഓടിത്തുടങ്ങി. ഉത്പാദനക്ഷമത വർധിച്ചു, കാലത്തിനൊത്തുള്ള മാറ്റം ഉൾക്കൊള്ളാൻ തയാറായ തൊഴിലാളികളുടെ കാര്യക്ഷമതയും വരുമാനവും വർധിച്ചു. മാറ്റങ്ങളെ വേണമെങ്കിൽ അവഗണിക്കാം, പക്ഷേ, ഒഴിവാക്കാൻ കഴിയില്ല. അതു സംഭവിക്കുക തന്നെ ചെയ്യും. അതിനൊപ്പം മാറുക എന്നതു മാത്രമാണ് മുന്നിലുള്ള വഴി.

ആർക്കും പഠിക്കാം

ഇത്രയും കേൾക്കുമ്പോൾ ചാറ്റ് ജിപിടിയെക്കുറിച്ച് കൂടുതലറിയണമെന്ന് ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ, ഫോട്ടൊഗ്രഫിയെക്കുറിച്ച് മഹേഷിന്‍റെ ചാച്ചൻ പറഞ്ഞതു തന്നെയേ അവരോടും പറയാനുള്ളൂ, ചാറ്റ് ജിപിടി പഠിപ്പിക്കാൻ പറ്റില്ല, പക്ഷേ, പഠിക്കാൻ പറ്റും..., ലോഗിൻ ചെയ്യണമെന്നേയുള്ളൂ...!

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com