97 തികയുന്ന രാമൻ പ്രഭാവം, കാലാതീതമായ ശാസ്ത്ര പൈതൃകം

'രാമൻ പ്രഭാവം' കണ്ടുപിടിച്ചതിന്‍റെ സ്മരണയ്ക്കായാണ് ഇന്ത്യ ഗവൺമെന്‍റ് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി പ്രഖ്യാപിച്ചത്
97 years of Raman Effect, National Science Day, India
97 തികയുന്ന രാമൻ പ്രഭാവം, കാലാതീതമായ ശാസ്ത്ര പൈതൃകംMV Graphics
Updated on

ശ്രീപ്രസാദ്‌ വടക്കേപ്പാട്ട്

ദേശീയ ശാസ്ത്രദിനത്തിന്‍റെ ചരിത്രം ആരംഭിക്കുന്നത് 1986ലാണ്. നാഷണൽ കൗൺസിൽ ഫൊർ സയൻസ് ആൻഡ് ടെക്നോളജി കമ്യൂണിക്കേഷൻസ് (NCSTC) മുന്നോട്ടുവച്ച നിർദേശം അംഗീകരിച്ച്, 'രാമൻ പ്രഭാവം' കണ്ടുപിടിച്ചതിന്‍റെ സ്മരണയ്ക്കായി ഇന്ത്യൻ ഗവൺമെന്‍റ് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി പ്രഖ്യാപിക്കുന്നത് അന്നാണ്. അങ്ങനെ നമ്മുടെ രാജ്യം 1987 ഫെബ്രുവരി 28 ആദ്യ ദേശീയ ശാസ്ത്രദിനമായി ആചരിച്ചു.

1928 ഫെബ്രുവരി ഇരുപത്തിയെട്ടിനാണ്, പ്രകാശം (അതായത് ഫോട്ടോണുകൾ) തന്മാത്രകളിൽ തട്ടി ചിതറിത്തെറിക്കുമ്പോൾ, പതിച്ച പ്രകാശത്തിൽനിന്നു വ്യത്യസ്തമായ തരംഗ ദൈഘ്യമുള്ളവ ഉണ്ടാകുന്നു എന്ന് സി.വി. രാമൻ കണ്ടെത്തിയത്. ഫോട്ടോണുകൾ തന്മാത്രകളിൽ പതിക്കുമ്പോൾ, അവ കമ്പനം ചെയ്യുന്നതാണ് ഇതിനു കാരണമെന്നും അദ്ദേഹം കണ്ടെത്തി. ഈ കണ്ടെത്തൽ പിന്നീട് 'രാമൻ പ്രഭാവം' (Raman Effect) എന്നറിയപ്പെട്ടു. രണ്ട് വർഷത്തിനു ശേഷം, 1930ൽ ഈ ശ്രദ്ധേയമായ കണ്ടെത്തൽ അദ്ദേഹത്തെ നോബേൽ പുരസ്കാരത്തിനും അർഹനാക്കി. ഇത് ശാസ്ത്ര മേഖലയിൽ ഇന്ത്യക്കുള്ള ആദ്യത്തെ നൊബേൽ സമ്മാനമായിരുന്നു എന്നതുമാത്രമല്ല, ഈ കണ്ടെത്തലിനായുള്ള രാമന്‍റെ ഗവേഷണങ്ങൾ മുഴുവനും അന്നത്തെ ബ്രിട്ടിഷ് ഇന്ത്യയിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. അതെ, പൂർണമായും ഇന്ത്യയിൽ നടത്തിയ ഗവേഷണത്തിനു ലഭിച്ച പരമോന്നത ബഹുമതി.

രാമൻ പ്രഭാവത്തിന്‍റെ തത്വമനുസരിച്ച്‌ വികസിപ്പിച്ച രാമൻ സ്പെക്ട്രോസ്കോപ്പിയുടെ സഹായത്താൽ നടത്താൻ സാധിക്കുന്ന രാസ വിശകലന സാധ്യതകൾ വിവരണാതീതമാണ്. വൈവിധ്യമാർന്ന പദാർഥങ്ങളെ തിരിച്ചറിയുന്നതിനും, അവയുടെ ഘടനയെക്കുറിച്ച് പഠിക്കുന്നതിനും ഇന്നും ഇത് ശാസ്ത്രലോകം ധാരാളമായി ഉപയോഗിക്കുന്നുണ്ട്. രാമൻ സ്പെക്ട്രോസ്കോപ്പിയിൽ ദൃശ്യപ്രകാശത്തിന്‍റെ തരംഗദൈഘ്യത്തിലുള്ള ലേസറുകൾ ഉപയോഗിക്കുന്നതിനാൽ, രാസ വിശകലനം ചെയ്യേണ്ട പദാർഥത്തെ അതു നശിപ്പിക്കില്ലെന്നു മാത്രമല്ല, സുതാര്യമായ ആവരണത്തിൽ പൊതിഞ്ഞ് അവയെ വിശകലനം ചെയ്യാനും സാധിക്കുന്നു. നാനോമീറ്റർ (അതായത് മീറ്ററിന്‍റെ നൂറുകോടിയിൽ ഒരംശം) വലുപ്പമുള്ള വസ്തുക്കളെപ്പോലും ഈ രീതിയിൽ വിശകലനം നടത്താൻ സാധിക്കുന്നു എന്നത് ഔഷധ-വ്യാവസായിക-ഗവേഷണ മേഖലകളിലെ ഉപയോഗത്തിന് ഈ സാങ്കേതിക വിദ്യയെ പ്രിയപ്പെട്ടതാക്കുന്നു.

Raman Spectroscopy
രാമൻ സ്പെക്‌ട്രോസ്കോപ്പി

1888 നവംബർ ഏഴിന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് ചന്ദ്രശേഖര വെങ്കിട്ട രാമൻ ജനിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ് ഗണിത-ഭൗതികശാസ്ത്ര അധ്യാപകനായിരുന്നു. 1902ൽ മദ്രാസിലെ പ്രസിഡൻസി കോളെജിൽ ചേർന്ന അദ്ദേഹം ഭൗതികശാസ്ത്രത്തിൽ സ്വർണ മെഡലോടെ 1904ൽ ബിഎ പരീക്ഷ ജയിച്ചു. 1907ൽ അദ്ദേഹം ഉയർന്ന സ്ഥാനത്തോടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. അക്കാലത്ത് ശാസ്ത്രജീവിതം സാധാരണക്കാർക്ക് വിദൂരമായതിനാൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ 1907ൽ രാമൻ ഇന്ത്യൻ ധനകാര്യ വകുപ്പിൽ ജോലിയിൽ ചേർന്നു. തന്‍റെ ഓഫിസിലെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും, ശാസ്ത്രത്തോടുള്ള അടങ്ങാത്ത അഭിനിവേശംമൂലം അദ്ദേഹം കൽക്കട്ടയിലെ ഇന്ത്യൻ അസോസിയേഷൻ ഫോർ കൾട്ടിവേഷൻ ഓഫ് സയൻസിന്‍റെ (IACS) ലബോറട്ടറിയിൽ പരീക്ഷണാത്മക ഗവേഷണം നടത്താനുള്ള അവസരങ്ങൾ കണ്ടെത്തി.

CV Raman
സി.വി. രാമൻ

1917ൽ കൽക്കട്ട സർവകലാശാലയിൽ പുതുതായി ആരംഭിച്ച പദവിയായ 'പാലിറ്റ് ചെയർ ഓഫ് ഫിസിക്‌സ്' അദ്ദേഹത്തിന് വാഗ്ദാനം ചെയ്യുകയും, അത് സ്വീകരിക്കാൻ അദ്ദേഹം തീരുമാനിക്കുകയും ചെയ്തു. കൽക്കട്ടയിലെ 15 വർഷത്തെ ജീവിതത്തിനുശേഷം (1933-1948) അദ്ദേഹം ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പ്രൊഫസറായി നിയമിതനായി. അദ്ദേഹം തന്നെ സ്ഥാപിച്ച ബാംഗ്ലൂരിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ (RRI) ഡയറക്ടറായി 1948 മുതൽ ജീവിതാവസാനംവരെ സേവനമനുഷ്ടിച്ചു. 1954ൽ ഭാരതത്തിലെ പരമോന്നത ബഹുമതിയായ ഭാരത രത്ന നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ ഭീഷണിയെത്തുടർന്ന് സ്വന്തം ജന്മനാട് ഉപേക്ഷിക്കേണ്ടിവന്ന മാക്സ് ബോൺ അടക്കമുള്ള പ്രതിഭാധനരായ ശാസ്ത്രജ്ഞരെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനും അവരുടെ ശിക്ഷണത്തിൽ ഒരു ശാസ്ത്ര തലമുറയെ ഇന്ത്യയിൽ വാർത്തെടുക്കുന്നതിനും രാമൻ മുൻപിലുണ്ടായിരുന്നു. ഡോ. കെ.എസ്. കൃഷ്ണൻ, ഡോ. ഹോമി ജഹാംഗിർ ഭാഭാ, ഡോ. വിക്രം സാരാഭായ് തുടങ്ങിയവർ ഉൾപ്പെടുന്ന ശാസ്ത്രരംഗത്തെ ഒരു സുവർണ തലമുറയെ വാർത്തെടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. 1970 നവംബർ 21ന് സർ ഡോ. സി.വി. രാമൻ ഈ ലോകത്തോട് വിടപറഞ്ഞു.

'വികസിത ഭാരതത്തിനായി ശാസ്ത്രത്തിലും നവീകരണത്തിലും ആഗോള നേതൃത്വത്തിലേക്കെത്താൻ ഭാരത യുവതയെ ശാക്തീകരിക്കുക' എന്നതാണ് രാമൻ പ്രഭാവത്തിന് 97 വയസിലെത്തിനിൽക്കുമ്പോൾ ഈ വർഷത്തെ ദേശീയ ശാസ്ത്രദിനത്തിന്‍റെ പ്രഖ്യാപിത പ്രമേയം.

Shreeprasad V

(11-C Badrinath, DAE Quarters, Anushaktinagar, Mumbai 400094)

  • Ph: 9321102327

  • Email: shreeprasadv@gmail.com

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com