
സൗരയൂഥത്തിൽ നിന്നും പുറത്താവും, സൂര്യനിൽ പതിച്ചേക്കാം; പ്രതീക്ഷിച്ചതിലും മുന്നേ ഭൂമി ഇല്ലാതാവും!!
file image
ഭൂമിയുടെ അന്ത്യത്തെക്കുറിച്ച് ഇതിനകം തന്നെ നിരവധി തിയറികൾ പുറത്തു വന്നിട്ടുണ്ട്. ഇപ്പോഴിതാ പുതിയ പഠനമനുസരിച്ച് ഭൂമി അതിന്‍റെ ഭ്രമണ പഥത്തിൽ നിന്ന് മാറി സൗരയൂഥത്തിന് പുറത്തായേക്കാമെന്നും മറ്റൊരു ഗ്രഹത്തിലേക്കോ സൂര്യനിലേക്കോ പതിച്ചേക്കാമെന്നും പറയുന്നു. 5 ബില്യൺ വർഷങ്ങൾക്കുള്ളിൽ സൂര്യന്‍റെ അന്ത്യം സംഭവിക്കുന്നതിന് മുൻപ് തന്നെ ഭൂമി ഇല്ലാതായേക്കുമെന്നും പുതിയ പഠനത്തിൽ പറയുന്നുണ്ട്.
സൗരയൂഥം കോടിക്കണക്കിന് വർഷങ്ങൾക്കുള്ളിൽ എങ്ങനെ പരിണമിച്ചേക്കാം എന്ന് പര്യവേക്ഷണം ചെയ്യാൻ ആയിരക്കണക്കിന് കമ്പ്യൂട്ടർ സിമുലേഷനുകൾ ഉപയോഗിച്ചാണ് പഠനം നടത്തിയിരിക്കുന്നത്.
നക്ഷത്രങ്ങളാവും ഭൂമിക്ക് വില്ലനാവുക എന്നും പഠനം പറയുന്നു. ഭൂമിക്ക് അടുത്തുകൂടി പോവുന്ന നക്ഷത്രങ്ങൾ മുമ്പ് കണക്കാക്കിയതിനേക്കാൾ ഭൂമിക്ക് കൂടുതൽ നാശം വിതച്ചേക്കും. നക്ഷത്രങ്ങൾക്ക് ഭൂമിയുടെ ഭ്രമണ പഥം മാറ്റിമറിക്കാനാവുമെന്നും ഇവ ഭൂമിയില്‍ വന്ന് പതിച്ചാല്‍ ഭൂമി മറ്റൊരു ഗ്രഹവുമായി കൂട്ടിയിടിക്കുകയോ, സൂര്യനിൽ പതിക്കുകയോ, അല്ലെങ്കിൽ ബഹിരാകാശത്തിന്‍റെ ഏതെങ്കിലുമൊരു ദിക്കിലേക്ക് എന്നന്നേക്കുമായി തെറിച്ചു പോവുകയോ ചെയ്യും.
ശാസ്ത്രജ്ഞർമാർ പറയുന്നതനുസരിച്ച് സൂര്യന്‍റെ മാസിന് തുല്യമായൊരു നക്ഷത്രം 10,000 ജ്യോതിശാസ്ത്ര യൂണിറ്റുകൾ (ഏകദേശം 1.5 ട്രില്യൺ കിലോമീറ്റർ) കടന്നു പോവുന്നത് പ്ലൂട്ടോയ്ക്ക് അപ്പുറത്ത് സ്ഥിതി ചെയ്യുന്നതും സൗരയൂഥത്തിന്‍റെ പുറം അറ്റത്തെ അടയാളപ്പെടുത്തുന്നതുമായ ഊർട്ട് മേഘത്തെ അസ്വസ്ഥമാക്കും. ഇത് ഭൂമിയുടെ മാത്രമല്ല സൗരയൂഥത്തിന്‍റെ വരെ അസ്ഥിരതയ്ക്ക് കാരണമാവും.
അടുത്ത 4 ബില്യൺ വർഷങ്ങളിൽ കടന്നുപോകുന്ന നക്ഷത്രങ്ങളാണ് അസ്ഥിരതയ്ക്ക് ഏറ്റവും സാധ്യതയുണ്ടാക്കുകയെന്നും പഠനം പറയുന്നു. സൗരയൂഥത്തിലെ ഗ്രഹങ്ങളും പ്ലൂട്ടോയും മുമ്പ് കരുതിയിരുന്നതിനേക്കാൾ വളരെ സ്ഥിരത കുറഞ്ഞവയാണ്.
പഠനമനുസരിച്ച്, കടന്നുപോകുന്ന ഒരു നക്ഷത്രം ബുധന്‍റെ ഭ്രമണപഥം അസ്ഥിരമാകാനുള്ള സാധ്യത 50–80 ശതമാനം വർധിപ്പിക്കും. ഇത് ഒരു ശൃംഖലാ പ്രതിപ്രവർത്തനത്തിലേക്ക് നയിച്ചേക്കാം, ഒരുപക്ഷേ ശുക്രനെയോ ചൊവ്വയെയോ ഭൂമിയുമായി കൂട്ടിയിടിച്ചേക്കാം. ഭൂമി സൂര്യനിലേക്ക് സഞ്ചരിക്കാനോ വ്യാഴത്തിലേക്ക് എറിയപ്പെടാനോ സാധ്യതയുണ്ട്, അതിന്‍റെ ഫലമായി ഭൂമിയുടെ ഗുരുത്വാകർഷണം സൗരയൂഥത്തിൽ നിന്ന് പൂർണ്ണമായും പുറന്തള്ളപ്പെടാം.