

ന്യൂയോർക്ക്: എത്ര വില കൂടിയ സ്മാർട്ട്ഫോൺ ആണെങ്കിലും ഡിസ്പ്ലേയിൽ സ്ക്രാച്ച് വീണാൽ പോയി. അതിനു പരിഹാരമായി ഗ്ലാസ് മുതൽ പ്ലാസ്റ്റിക് വരെയുള്ള സ്ക്രീൻഗാർഡുകളും പ്രചാരത്തിലുണ്ട്. എന്നാലിതാ, ഇനി സ്ക്രാച്ച് വീണാൽ സ്വയം മാഞ്ഞുപോകുന്ന തരത്തിലുള്ള സാങ്കേതികവിദ്യ വരുന്നു.
ആപ്പിൾ, മോട്ടോറോള തുടങ്ങിയ വമ്പൻമാർ ഇതിനു വേണ്ടി പേറ്റന്‍റിന് അപേക്ഷിച്ചു കഴിഞ്ഞു. സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു കഴിഞ്ഞെങ്കിലും, ഇതിനു വേണ്ടിവരുന്ന വലിയ ചെലവാണ് ഫോണുകളിൽ ഉൾപ്പെടുത്താൻ വൈകുന്നതിനുള്ള കാരണം. അതിനാൽ ഹൈ എൻഡ് പ്രീമിയം ഫോണുകളിൽ മാത്രമായി അടുത്ത വർഷത്തോടെ ഈ ടെക്നോളജി ഉൾപ്പെടുത്തുമെന്നാണ് സൂചന. അതിനു ശേഷം മാത്രമായിരിക്കും മിഡ് റേഞ്ച് ഫോണുകളിൽ ഉൾപ്പെടുത്തുക.
2013ൽ തന്നെ എൽജിയുടെ കർവ്ഡ് ഫോണിൽ ഈ സാങ്കേതികവിദ്യ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, ഉപയോക്താക്കൾക്ക് താങ്ങാനാവാത്ത ചെലവ് കാരണം ഇതുവരെ പുറത്തിറക്കാൻ സാധിച്ചിട്ടില്ല.
പുതിയ സാഹചര്യത്തിൽ, ആപ്പിളിന്‍റെ ഫോൾഡബിൾ ഫോൺ ആയിരിക്കും ആദ്യമായി 'സെൽഫ് ഹീലിങ്' സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക എന്നാണ് വിവരം. അടുത്ത കാലത്തായി കുറഞ്ഞ ചെലവിൽ മികച്ച സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുന്ന മോട്ടോറോള ഇക്കാര്യത്തിൽ ആപ്പിളിനെ ഓവർടേക്ക് ചെയ്യുമോ എന്നറിയാൻ ടെക്ക് ലോകം കൗതുകത്തോടെ കാത്തിരിക്കുന്നു.
നാനോ കോട്ടിങ്ങുള്ള സ്ക്രീനുകളാണ് ഇതിനായി ഉപയോഗിക്കാൻ പോകുന്നത്. ചെറിയ പോറലുകളും മറ്റും വീണാൽ ഫോണിന്‍റെ പ്രവർത്തനത്തിലൂടെ ലഭിക്കുന്ന നേരിയ ചൂട് കൊണ്ടു തന്നെ ഇതു പഴയതു പോലെ ക്ലീനാകും. എന്നാൽ, കാര്യമായ പൊട്ടലുകളും മറ്റുമുണ്ടായാൽ ഇതുകൊണ്ട് പ്രതിരോധിക്കാൻ സാധിക്കില്ല.