ലോകത്തെ ആദ്യ നിർമിത ബുദ്ധി ട്രേഡ് ലൈസൻസ് നൽകി ഷാർജ

എഐ ലൈസൻസ് ലോകത്ത് ആദ്യം; ലൈസൻസ് തയാറായത് 5 മിനിറ്റിനുള്ളിൽ
ലോകത്തെ ആദ്യ നിർമിത ബുദ്ധി ട്രേഡ് ലൈസൻസ് നൽകി ഷാർജ
ശൈഖ് അബ്ദുല്ല ബിൻ സാലം ബിൻ സുൽത്താൻ അൽ ഖാസിമി, ശൈഖാ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി എന്നിവരുടെ സാന്നിധ്യത്തിൽ ലോകത്തിലെ ആദ്യ എഐ ട്രേഡ് ലൈസൻസ് നൽകുന്ന ചടങ്ങ്.
Updated on

ഷാർജ: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കുകയും നൽകുകയും ചെയ്ത ലോകത്തിലെ ആദ്യ ട്രേഡ് ലൈസൻസ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഷാർജ. അഞ്ച് മിനിറ്റ് സമയം മാത്രമാണ് ഈ പ്രക്രിയ പൂർത്തിയാക്കാൻ എടുത്തത്.

ഷാർജ ഇൻവെസ്റ്റ്‌മെന്‍റ് ഫോറത്തിൽ (എസ്.ഐ.എഫ് 2024) ഷാർജ ഉപ ഭരണാധികാരി ഷേഖ് അബ്ദുല്ല ബിൻ സാലം ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ഇൻവെസ്റ്റ്‌മെന്‍റ്, ഷാർജ വികസന അതോറിറ്റി (ശുറൂഖ്), ഷാർജ എഫ്.ഡി.ഐ ഓഫിസ് (ഇൻവെസ്റ്റ് ഇൻ ഷാർജ), മൈക്രോസോഫ്റ്റ്, ഷാർജ പബ്ലിഷിംഗ് സിറ്റി (എസ്.പി.സി) ഫ്രീ സോൺ എന്നിവയുടെ ചെയർപേഴ്സൺ ശൈഖാ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി എന്നിവരുടെ സാന്നിധ്യത്തിലാണ് എ ഐ ലൈസൻസ് നൽകിയത്.

ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ ആമിരി, ഇൻവെസ്റ്റ് ഇൻ ഷാർജ സിഇഒ മുഹമ്മദ് ജുമാ അൽ മുശർറഖ്, മൈക്രോസോഫ്റ്റ് യുഎഇ ജനറൽ മാനേജർ നഈം യാസ്ബെക് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

എഐ ലൈസൻസ് ലോകത്ത് ആദ്യം

പൂർണമായും നിർമിത ബുദ്ധി ഉപയോഗിച്ച് നൽകുന്ന ലൈസൻസ് തുടക്കത്തിൽ ഷാർജ ഇൻവെസ്റ്റർ സർവീസസ് സെന്‍റർ (സഈദ്), എസ്‌പിസി ഫ്രീ സോൺ എന്നിവയിലൂടെ ലഭ്യമാകും.

നിക്ഷേപകർക്കും സംരംഭകർക്കും ട്രേഡ് ലൈസൻസുകൾ അഞ്ച് മിനിറ്റിനുള്ളിൽ നേടാൻ സാധിക്കും. ഷാർജയിലുടനീളമുള്ള മറ്റ് ഫ്രീ സോണുകളിലേക്ക് സേവനം ഉടൻ വ്യാപിപ്പിക്കും.

നിക്ഷേപകരെ ആകർഷിക്കും

എഐ ട്രേഡ് ലൈസൻസ് ഭാവിയിൽ കേന്ദ്രീകൃതവും നൂതനവും സുസ്ഥിരവുമായ നിക്ഷേപങ്ങളുടെ പ്രധാന ആഗോള ലക്ഷ്യസ്ഥാനമായി എമിറേറ്റിനെ മാറ്റുമെന്ന് ഇൻവെസ്റ്റ് ഇൻ ഷാർജ സി.ഇ.ഒ മുഹമ്മദ് ജുമാ അൽ മുശർറഖ് പറഞ്ഞു.

എ.ഐ സാങ്കേതികവിദ്യ ഷാർജയിലെ ബിസിനസ്സ് രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്നും, കൂടുതൽ കാര്യക്ഷമവും നൂതനവുമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും മൈക്രോസോഫ്റ്റ് യു.എ.ഇ ജനറൽ മാനേജർ നഈം യാസ്ബെക്ക് പറഞ്ഞു.

എഐ ലൈസൻസ് ആഗോള നിലവാരം പുലർത്തുന്ന ഒരു സംയോജിത ബിസിനസ്സ് ഹബ്ബ് എന്ന നിലയിൽ എസ്.പി.സി ഫ്രീ സോണിന്‍റെ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് എസ്‌.ബി.എ സി.ഇ.ഒ അഹമ്മദ് ബിൻ റക്കാദ് അൽ ആമിരി അഭിപ്രായപ്പെട്ടു.

Trending

No stories found.

Latest News

No stories found.