ശുഭാംശു ശുക്ല
ന്യൂഡൽഹി: ആക്സിയം -4 ദൗത്യത്തിന്‍റെ ഭാഗമായി ശുഭാംശു ശുക്ല അടക്കമുള്ള യാത്രികർ അടങ്ങുന്ന ഡ്രാഗൺ സ്പേസ്ക്രാഫ്റ്റ് രാജ്യാന്തര ബഹിരാകാശ നിലയിൽ ഡോക്കിങ് പൂർത്തിയാക്കി. ഇന്ത്യൻ സമയം വൈകിട്ട് 4.01നാണ് ഡോക്കിങ് ആരംഭിച്ചത്. 15 മിനിറ്റിനുള്ളിൽ ഡോക്കിങ് പൂർത്തിയാക്കി. ഇന്ത്യൻ സമയം വൈകിട്ട് 7.05ന് യാത്രികർ ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിക്കും.
രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യൻ പൗരനാണ് ശുഭാംശു ശുക്ല. ബുധനാഴ്ചയാണ് ആക്സിയം-4 ദൗത്യം ആരംഭിച്ചത്. 28 മണിക്കൂർ സഞ്ചരിച്ചാണ് സംഘം ലക്ഷ്യത്തിലെത്തിയിരിക്കുന്നത്. 14 ദിവസങ്ങളാണ് സംഘം നിലയത്തിൽ തുടരുക.
ശുക്ലയ്ക്കൊപ്പം അമെരിക്കൻ സഞ്ചാരി പെഗ്ഗി വിറ്റ്സൺ, ഹംഗറിയിലെ ടിബോർ കാപു, പോളണ്ടിലെ സ്ലോഷ് ഉസ്നാൻസ്കി എന്നിവരാണ് സംഘത്തിലുള്ളത്. നാലംഗ സംഘം അറുപതിലധികം ഗവേഷണങ്ങൾ നടത്തും. മനുഷ്യാരോഗ്യം, പ്രകൃതിവിഷയക നിരീക്ഷണം, ഭൗതിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായുള്ള ഗവേഷണം. 31 രാജ്യങ്ങളുടെ പങ്കാളിത്തമുള്ളതിനാൽ തന്നെ ഈ യാത്ര അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാണ്.