'സോയില്‍ പൈപ്പിങ്': കേരളത്തിന്‍റെ നിലനിൽപ്പ് അപകടത്തിൽ

ഭൂമിയുടെ ഉള്ളറകളില്‍ മണ്ണൊലിപ്പുണ്ടാക്കുന്ന സോയില്‍ പൈപ്പിങ് കേരളത്തിന്‍റെ സുസ്ഥിരതക്ക് ഭീഷണിയാണെന്നു പഠനം
Soil piping
സോയിൽ പൈപ്പിങ്
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് സോയില്‍ പൈപ്പിങ് അഥവാ കുഴലീകൃത മണ്ണൊലിപ്പ് തീവ്രമാണെന്ന് സൂചിപ്പിപ്പിക്കുന്ന പഠനങ്ങള്‍. ആറ് ജില്ലകളില്‍ സോയില്‍ പൈപ്പിങ് തീവ്രമാണെന്നും കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ അതിരൂക്ഷമാണെന്നും തിരുവനന്തപുരം ദേശീയ ഭൗമശാസ്ത്രകേന്ദ്രം മുന്‍ശാസ്ത്രജ്ഞന്‍ ജി. ശങ്കറിന്‍റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

ഭൂമിയുടെ ഉള്ളറകളില്‍ മണ്ണൊലിപ്പുണ്ടാക്കുന്ന സോയില്‍ പൈപ്പിങ് കേരളത്തിന്‍റെ സുസ്ഥിരതക്ക് ഭീഷണിയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ മിക്ക ജില്ലകളിലെയും സോയില്‍ പൈപ്പിങ് വലിയ തോതിലുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, വയനാട്, ഇടുക്കി, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ വ്യാപകമായി കുഴലീകൃത മണ്ണൊലിപ്പ് തീവ്രമാണ്. കാസര്‍ഗോഡ് 29, കണ്ണൂര്‍ 17, മലപ്പുറം 24, വയനാട് 26 എന്നിങ്ങനെയാണ് സോയില്‍ പൈപ്പുകള്‍ കണ്ടെത്തിയിരിക്കുന്നത്.

മനുഷ്യന് കടന്നുചെല്ലാവുന്ന അത്രയും വലുപ്പമുള്ള തുരങ്കത്തിന് സമാനമായവയാണ് ഈ ജില്ലകളിലെ സോയില്‍ പൈപ്പിങ്. എന്നാല്‍ പാലക്കാട്, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ സോയില്‍ പൈപ്പിങ് അപൂര്‍വമാണെന്നും പഠനത്തില്‍ പറയുന്നു.

ഭൂമിക്കടിയില്‍ മണ്ണൊലിപ്പുണ്ടാകുന്ന പ്രതിഭാസമാണ് സോയില്‍ പൈപ്പിങ്. ഭൗമാന്തര്‍ഭാഗത്ത് തുരങ്കങ്ങള്‍ രൂപപ്പെടുകയും ഉറപ്പ് കുറഞ്ഞ മണ്ണുള്ളിടത്ത് ശക്തമായി പെയ്ത് ഭൂമിക്കടിയിലേക്കിറങ്ങുന്ന വെള്ളം, നദിയൊഴുകുന്നത് പോലെ നിരവധി കൈവഴികളായി രൂപപ്പെടുന്നു. അതിലൂടെ ദൃഢത കുറഞ്ഞ കളിമണ്ണും ദ്രവിച്ച പാറക്കഷണങ്ങളും ഒഴുകി മലയുടെ അടിവാരത്തേക്ക് ടണലിലൂടെ എന്ന പോലെ നിക്ഷേപിക്കപ്പെടുന്നു. ഇതിലൂടെ ഒരു പ്രദേശം മുഴുവന്‍ ദുര്‍ബലമാവുകയും മലയിടിച്ചിലിന് കാരണമാവുകയും ചെയ്യും. ഭൂമിക്കടിയില്‍ രൂപപ്പെടുന്ന ഈ പ്രതിഭാസം മണ്ണ് ഇരുന്നുപോകാനും ഉരുള്‍പൊട്ടാനും കാരണമാകും.

സോയില്‍ പൈപ്പിങ് സംഭവിക്കുന്ന സ്ഥലങ്ങള്‍ പിന്നീട് കൃഷിക്കോ മനുഷ്യവാസത്തിനോ പറ്റാത്ത തരത്തില്‍ ആകെ തകര്‍ന്നടിയുന്നു. അണക്കെട്ടുകള്‍, വീടുകള്‍, റോഡുകള്‍ എന്നിവക്ക് അടിയിലും സോയില്‍ പൈപ്പിങ് സംഭവിക്കാം. ഭൂപ്രകൃതി, ചെരിവ്, മണ്ണിന്‍റെ ഘടന, മഴയുടെ അളവ്, ഭൂഗര്‍ഭജലത്തിന്‍റെ ഒഴുക്ക്, കാര്‍ഷികരീതികള്‍, മരംമുറിക്കല്‍, ഖനനം തുടങ്ങിയാണ് സോയില്‍ പൈപ്പിംഗിന് കാരണമാകുന്ന പ്രധാന ഘടകങ്ങള്‍. വയനാട് ജില്ലയില്‍ കല്‍പ്പറ്റയിലെ പുത്തുമലയില്‍ 2019 ഓഗസ്റ്റ് എട്ടിനുണ്ടായ ഭീമന്‍ മണ്ണിടിച്ചിലിന് കാരണം സോയില്‍ പൈപ്പിങ്ങാണെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍, ചൂരല്‍മലയിലെ ഉരുള്‍പൊട്ടലിന് സോയില്‍ പൈപ്പിങ് ഉണ്ടായിട്ടുണ്ടോ എന്നത് വ്യക്തമായിട്ടില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com