
കൊച്ചി: നിര്‍മിത ബുദ്ധി ഉപയോഗിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണയുമായി ആമസോണ്‍ വെബ് സര്‍വീസസും ആക്സലും. എഐ മേഖലയിലെ ആറാഴ്ചത്തെ ആക്സലറേറ്റര്‍ പ്രോഗ്രാമാണ് ഇരുവരും എംഎല് എലിവേറ്റ് 2023 എന്ന പേരില്‍ സംഘടിപ്പിക്കുന്നത്.
സംസാരങ്ങള്‍, എഴുത്തുകള്‍, ചിത്രങ്ങള്‍, വിഡിയൊകള്‍, സംഗീതം തുടങ്ങിയവ നിര്‍മിക്കുന്ന ജനറേറ്റിവ് എഐയിലാണ് പരിശീലനം നൽകുക. മെഷീന് ലേണിങ് മോഡലുകളാണ് ജനറേറ്റിവ് എഐക്കായി ഉപയോഗിക്കുക.
2021 ജനുവരി മുതല്‍ 2023 മേയ് വരെയുള്ള കാലയളവില്‍ രാജ്യത്തെ എഐ സ്റ്റാര്‍ട്ടപ്പുകളുടെ നിക്ഷേപം 475 മില്യൺ ഡോളറായി ഉയര്‍ന്നുവെന്ന് നാസ്കോം നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള എഐ പിന്തുണയാണ് എംഎല് എലിവേറ്റ് പ്രോഗ്രാമിലൂടെ ഉദ്ദേശിക്കുന്നത്.
എഐ മോഡലുകള്‍ നിര്‍മിക്കുന്നതിനൊപ്പം മികച്ച എഐ സ്ഥാപനങ്ങളുടെ പിന്തുണ എംഎല് എലിവേറ്റില്‍ ഉറപ്പുവരുത്തും. മിനിമം വയബിള്‍ പ്രൊഡക്റ്റ് (എംവിപി) നിലവിലുള്ള, അടുത്ത 12-18 മാസത്തേക്ക് ഫണ്ടിങ് ഉദ്ദേശിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രോഗ്രാമിന്റെ ഭാഗമാകാം.