
കൊച്ചി: ട്രൂകോളർ കോർപ്പറേറ്റ് റീബ്രാൻഡിങ്ങും പുതിയ ആപ്പ് ഐക്കണും പ്രഖ്യാപിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. പുതിയ ബ്രാൻഡ് ഐഡന്റിറ്റിയും ലോഗോയും അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ആവേശവും സന്തോഷവും ഉണ്ടെന്ന് ട്രൂകാളർ സഹ സ്ഥാപകനും സിഇഒയുമായ അലൻ മമേദി പറഞ്ഞു. ഉപയോക്തൃ സ്വകാര്യത മെച്ചപ്പെടുത്തുന്നതിനും തട്ടിപ്പുകൾ തടയുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതുക്കിയ ഐഡന്റിറ്റിയുടെ ഭാഗമായി, ട്രൂകോളർ ഉപയോക്താക്കൾക്ക് ട്രൂകോളർ എഐ ഐഡന്റിറ്റി എൻജിന്റെ ഭാഗമായി സെർച്ച് കോണ്ടെക്സ്റ്റ് എന്ന ശക്തമായ പുതിയ ആന്റി ഫ്രോഡ് ഫീച്ചറും ലഭിക്കും. ഏതെങ്കിലും നമ്പർ തിരയുമ്പോൾ, നമ്പർ ഉപയോക്താവിന്റെ പേര് അടുത്തിടെ മാറ്റുകയോ പതിവായി മാറ്റുകയോ ചെയ്താൽ ട്രൂകോളർ ഉപയോക്താക്കളെ തൽക്ഷണം അറിയിക്കാനുള്ള സംവിധാനവുമുണ്ട്.
ആപ്പ് ഈ സാന്ദർഭിക സന്ദേശത്തെ മൂന്ന് നിറങ്ങളായി തരംതിരിക്കുന്നു: നീല: നിഷ്പക്ഷമായ മാറ്റത്തിന്, മഞ്ഞ: ഇത് സംശയാസ്പദമായ പേരുമാറ്റത്തെ സൂചിപ്പിക്കുന്നു, ചുവപ്പ്: വഞ്ചന, തട്ടിപ്പ്, എന്നിവയ്ക്കായി തടുർച്ചയായി പേര് മാറ്റുന്നത്.
ആൻഡ്രോയിഡ്, ഐ ഫോൺ, ട്രൂകോളർ വെബ് എന്നിവയിലുടനീളമുള്ള എല്ലാ തെരയൽ ഫലങ്ങളിലും ഈ സന്ദേശം എല്ലാ ട്രൂകോളർ ഉപയോക്താക്കൾക്കും കാണാം. പ്രമുഖ ആഗോള ബ്രാൻഡ് കൺസൾട്ടൻസിയായ ഇന്റർബ്രാൻഡാണ് പുതിയ ബ്രാൻഡിങ് ഐഡന്റിറ്റി സംഘടിപ്പിക്കുന്നത്. പുതിയ ആപ്പ് ഐക്കണും മാറ്റങ്ങളും കാണാൻ, ഉപയോക്താക്കൾ ആൻഡ്രോയിഡിൽ ആപ്പ് പതിപ്പ് 13.34ലേക്കോ ഐഒഎസിൽ 12.58ലേക്കോ പതിപ്പിലേക്കോ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.