

ഡോ. മുഹമ്മദ് അൽ കുവൈത്തി.
File photo
ദുബായ്: യുഎഇയിൽ പ്രതിദിനം 6,40,000 സൈബർ ആക്രമണങ്ങൾ നടക്കുന്നതായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി വെളിപ്പെടുത്തി. രാജ്യത്തെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെയും തന്ത്രപ്രധാന മേഖലകളെയും ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള വൻതോതിലുള്ള ഡിജിറ്റൽ ആക്രമണങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ധനകാര്യം, ഊർജം, ആരോഗ്യം, സർക്കാർ സേവനങ്ങൾ തുടങ്ങിയ നിർണായക മേഖലകളെയാണ് പ്രധാനമായും വിദേശത്തുനിന്നുള്ള ആക്രമണകാരികൾ ലക്ഷ്യമിടുന്നത്. നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യയുടെ വളർച്ചയോടെ ആക്രമണങ്ങളുടെ വ്യാപ്തിയും സങ്കീർണ്ണതയും വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎഇയുടെ വികസിതവും നൂതനവുമായ സൈബർ സുരക്ഷാ പ്രതിരോധ സംവിധാനങ്ങൾ ഉള്ളതുകൊണ്ടുമാത്രമാണ് ഭൂരിഭാഗം ഭീഷണികളെയും വിജയകരമായി ചെറുക്കാൻ സാധിക്കുന്നത്.
ഇത്തരം ഡിജിറ്റൽ ഭീഷണികളെ മറികടക്കാൻ സർക്കാർ തലത്തിൽ വൻതോതിലുള്ള നിക്ഷേപങ്ങളും തത്സമയ പ്രതിരോധ നടപടികളും നടപ്പിലാക്കി വരികയാണ്.
സ്ഥാപനങ്ങളും സാധാരണക്കാരായ വ്യക്തികളും ഡിജിറ്റൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഡോ. അൽ കുവൈത്തി മുന്നറിയിപ്പ് നൽകി. സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, ആപ്പുകൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യണമെന്നും, ശക്തമായ പാസ്‌വേഡുകളും മൾട്ടി-ഫാക്ടർ ഓതെന്‍റിക്കേഷനും ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.