സ്വന്തം ലേഖകൻ
ദുബായ്: യുഎഇയുടെ ആദ്യ എസ്എആർ ഉപഗ്രഹത്തിന്‍റെ വിക്ഷേപണം വിജയകരം. രാജ്യത്തിന്‍റെ ലോ എർത്ത് ഓർബിറ്റ് എസ്എആർ ഉപഗ്രഹമാണ് ഭ്രമണപഥത്തിൽ എത്തിയത്. അമേരിക്കയിലെ കാലിഫോർണിയയിൽ ഉള്ള വാൻഡെർബെർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നായിരുന്നു വിക്ഷേപണം.
ഭൂമിയുടെ ഏറ്റവും അടുത്ത ഭ്രമണ പഥത്തിൽ കറങ്ങുന്ന ഈ ഉപഗ്രഹത്തിന് രാത്രിയും പകലും പ്രതികൂല കാലാവസ്ഥയോ സൂര്യ പ്രകാശ തടസ്സമോ ഇല്ലാതെ ഭൂമിയുടെ ചി ത്രങ്ങൾ മിഴിവോടെ പകർത്താൻ സാധിക്കും. ഭൗമോപരിതലത്തെ കൃത്യമായി പകർത്താൻ സഹായിക്കുന്ന സെൻസിങ്ങ് സംവിധാനം ഇതിൽ ഉണ്ട്.
ദേശീയ ബഹിരാകാശ സ്ട്രാറ്റജി 2030 പ്രകാരമാണ് ഉപഗ്രഹ വിക്ഷേപണം അടക്കമുള്ള ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നത്. അബൂദബി കമ്പനികളായ ബയാനാത്ത്, യാസാത്ത്എന്നിവയാണ് വിക്ഷേപണത്തിന് നേതൃത്വം നൽകിയത്. യൂറോപ്യൻ കമ്പനിയായ ഐ.സി.ഇ.വൈ.ഇയുമായി സഹകരിച്ചാണ് സാറ്റലൈറ്റ് വികസിപ്പിച്ചത്.
ഐസിഇവൈഇ റഡാർ ആന്‍റിനക്ക് കൂടുതൽ ഭൗമ മേഖലകൾ കണ്ടെത്താനുള്ള ശേഷിയുണ്ട്. ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്‍ററിൽ നിന്ന് ഉപഗ്രഹത്തെ നിയന്ത്രിക്കാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.