
പ്രത്യേക ലേഖകൻ
സങ്കൽപ്പമോ യാഥാർഥ്യമോ എന്ന് ഉറപ്പില്ലാതിരിക്കുമ്പോഴും, പതിറ്റാണ്ടുകളായി മനുഷ്യഭാവനയെയും ശാസ്ത്രകുതുകികളെയും ഒരുപോലെ ഉത്തേജിപ്പിക്കുന്ന കഥകൾ ഏറെയുണ്ട് പറക്കുംതളികകളെക്കുറിച്ച്.
എന്താണെന്നു മനസിലാകാത്ത പേടകങ്ങള്‍ കണ്ടെന്ന യുഎസ് വൈമാനികന്‍ കെന്നത്ത് അര്‍നോള്‍ഡിന്‍റെ 1947ലെ വെളിപ്പെടുത്തലോടെയാണ് ആഗോളവ്യാപകമായി ശാസ്ത്രലോകം ഈ വിഷയം ഗൗരവപൂർവം പരിഗണിച്ചുതുടങ്ങിയത്. ആ വര്‍ഷം തന്നെയായിരുന്നു ഇതുമായി ബന്ധപ്പെട്ട "റോസ്‌വെല്ലിലെ ബലൂണ്‍ അപകടം'. അതു ബലൂണല്ല, അന്യഗ്രഹപേടകമാണെന്ന് 1978ല്‍ ജെസ്സി മാര്‍സല്‍ എന്ന മുന്‍ സൈനികോദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ, അന്യഗ്രഹജീവികളുമായി യുഎസ് കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് 2020ല്‍ ഇസ്രയേൽ ബഹിരാകാശ ഏജന്‍സിയുടെ മുന്‍ മേധാവി ഹൈം എഷീദിന്‍റെ വെളിപ്പെടുത്തൽ വന്നതോടെ ചർച്ചകളുടെ തലം തന്നെ മാറി.
അന്യഗ്രഹ ജീവികളുടേതെന്നു കരുതപ്പെടുന്ന അജ്ഞാതമായ പറക്കും തളികകള്‍ കണ്ടതായി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളത് യുഎസില്‍ നിന്നാണ്. യുഎസ് സൈന്യത്തിന്‍റെ രഹസ്യായുധങ്ങളായിരിക്കാം ഇവയെന്ന അഭ്യൂഹത്തിനു പോലും ഇതു വഴിമരുന്നിട്ടു. എന്നാൽ, ഇത്തരം വാഹനങ്ങള്‍ പലതും യുഎസ് പിടിച്ചെടുത്തിട്ടുണ്ടെന്നും, അവയില്‍ പരിശോധനകള്‍ നടത്തുന്നുണ്ടെന്നുമുള്ള വെളിപ്പെടുത്തലാണ് ഏറ്റവും പുതിയ കൗതുകം.
യുഎസ് പ്രതിരോധ വകുപ്പിനു കീഴില്‍ അജ്ഞാതപേടകങ്ങളെക്കുറിച്ചു ഗവേഷണം നടത്തിയിട്ടുള്ള ഡേവിഡ് ഗ്രഷ് എന്ന ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്, പത്ര സമ്മേളനത്തിലോ പുസ്തകമെഴുതിയോ ഒന്നുമല്ല, യുഎസ് കോണ്‍ഗ്രസിനു മുന്നില്‍ നൽകിയ മൊഴിയാണിത്.
14 വര്‍ഷത്തോളം യുഎസ് ഇന്‍റലിജന്‍സിന്‍റെ ഭാഗമായിരുന്ന ഗ്രഷ് കഴിഞ്ഞ ഏപ്രിലിലാണ് വിരമിച്ചത്. നേരത്തെ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖങ്ങളിലും ഗ്രഷ് ഈ വിഷയം ഉന്നയിച്ചിരുന്നു. എന്നാല്‍, മറ്റെന്നത്തെയും പോലെ യുഎസ് സര്‍ക്കാര്‍ ഇപ്പോഴും ഇതു നിഷേധിക്കുകയാണ്.
പൂര്‍ണമായും ഭാഗികമായും ഇത്തരം പേടകങ്ങള്‍ യുഎസ് കണ്ടെത്തിയിട്ടുണ്ടെന്നും, 1930 മുതല്‍ അന്യഗ്രഹജീവികളെക്കുറിച്ച് സൂചനകള്‍ ലഭിച്ചിരുന്നു എന്നുമാണ് ഗ്രഷ് പറയുന്നത്. ഇത്തരം പല പേടകങ്ങളും അഴിച്ച് പരിശോധിച്ച് മനസിലാക്കുന്ന പദ്ധതിയും യുഎസിനുണ്ടെന്നാണ് ഗ്രഷിന്‍റെ വാദം.
യുഎസ് കോണ്‍ഗ്രസിന്‍റെ ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി ഈ വിഷയത്തില്‍ ഡേവിഡ് ഗ്രഷിനൊപ്പം മറ്റു രണ്ടു പേരെ കൂടി വിസ്തരിച്ചുകഴിഞ്ഞു. 2004 ല്‍ അജ്ഞാത പേടകം കണ്ടെന്ന് അവകാശപ്പെടുന്ന മുന്‍ നാവിക കമാന്‍ഡര്‍ ഡേവിഡ് ഫ്രെവര്‍, അറ്റ്ലാന്‍റിക് തീരത്ത് തുടര്‍ച്ചയായി അന്യഗ്രഹ വാഹനങ്ങള്‍ വരുന്നത് കണ്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്ന മുന്‍ നാവികസേനാ പൈലറ്റ് റ്യാന്‍ ഗ്രേവ്സ് എന്നിവരാണ് ഇവര്‍.
യുഎസ് യുദ്ധക്കപ്പലുകളിലെ നാവികര്‍ ഇവയെ കണ്ടെന്നു പറയുകയും റെക്കോര്‍ഡ് ചെയ്ത വിഡിയോകള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. പെന്‍റ്ഗണ്‍ ഇതു നിഷേധിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതേത്തുടര്‍ന്നാണ് യുഎസ് കോണ്‍ഗ്രസ് ഈ വിഷയം ചര്‍ച്ചയ്ക്കെടുത്തത്.
എന്നാൽ, പറക്കുംതളികകൾ യുഎസിന്‍റേതു തന്നെയായിരുന്നാലും, ഇനിയഥവാ അന്യഗ്രഹജീവികളുടെ പക്കൽ നിന്ന് കരസ്ഥമാക്കി അഴിച്ചുപണിയുന്നുണ്ടെങ്കിലും, ഇത്രയും കാലം നിഗൂഢമാക്കിവച്ചിട്ടുണ്ടെങ്കിൽ ഇനിയും അത് അങ്ങനെ തന്നെ തുടരുക എന്നതാവും യുഎസിനെ സംബന്ധിച്ച് ഏറ്റവും സാധ്യതയുള്ള കാര്യം.