ബഹിരാകാശത്തു പോകണോ, മൂന്നരക്കോടി മുടക്കിയാൽ ടിക്കറ്റെടുക്കാം! - Video

സ്പേസ് ടൂറിസം എന്ന സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് റിച്ചാർഡ് ബ്രാൻസന്‍റെ വിർജിൻ ഗാലക്റ്റിക്
റിച്ചാർഡ് ബ്രാൻസൺ
റിച്ചാർഡ് ബ്രാൻസൺ

വി.കെ. സഞ്‌ജു

ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങൾ കാണാൻ കടലിനടിയിൽ പോകുന്നതിന് ടൈറ്റൻ പേടകത്തിൽ ഒരു സീറ്റ് ബുക്ക് ചെയ്യാൻ രണ്ടു കോടി രൂപയായിരുന്നു ചെലവ്. ‌ടൈറ്റന്‍ ദുരന്തത്തിനു പിന്നാലെ ടൈറ്റാനിക് പര്യവേക്ഷണമൊക്കെ നിർത്തിവച്ചിരിക്കുകയാണ്. ചെലവാക്കാൻ വഴി കാണാതെ ഒരുപാട് കാശ് കൈയിൽ വെറുതേയിരിക്കുന്നവർക്ക് കടലിൽ പോകുന്നതിനു പകരം ആകാശത്തേക്കു പോകാം, അങ്ങു ബഹിരാകാശത്തേക്ക്.

നാസയുടെയും ഇസ്രൊയുടെയും സഹായമൊന്നും വേണ്ട, സംഗതി സിമ്പിളാണ്. മൂന്നരക്കോടി രൂപ മുടക്കി ടിക്കറ്റെടുക്കുക, വിമാനത്തിൽ പോകുന്നതു പോലെ പോയി വരുക!

ബ്രിട്ടിഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസൺ ഇരുപതു വർഷം മുൻപ് ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ചു പറഞ്ഞപ്പോൾ അയാൾക്ക് ഭ്രാന്താണെന്നു പലരും പരിഹസിച്ചു. എന്നാലിതാ, ബ്രാൻസന്‍റെ വിർജിൻ ഗാലക്റ്റിക് ആ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുന്നു- സ്പേസ് ടൂറിസം!

ചരിത്രത്തിൽ ആദ്യത്തെ വാണിജ്യ ബഹിരാകാശ യാത്രയിലെ സഞ്ചാരികൾ. വിർജിൻ ഗാലക്റ്റിക് പുറത്തുവിട്ട ചിത്രം.
ചരിത്രത്തിൽ ആദ്യത്തെ വാണിജ്യ ബഹിരാകാശ യാത്രയിലെ സഞ്ചാരികൾ. വിർജിൻ ഗാലക്റ്റിക് പുറത്തുവിട്ട ചിത്രം.@virgingalactic

റോക്കറ്റ് പ്ലെയിൻ

ചരിത്രത്തിൽ ആദ്യത്തെ വാണിജ്യ ബഹിരാകാശ യാത്രയാണ് വിർജിൻ ഗാലക്റ്റിക്കിന്‍റെ 'യൂണിറ്റി' എന്ന പേടകം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. ബഹിരാകാശത്തു പോകുന്ന വാഹനത്തെ വിമാനമെന്നു വിളിക്കണോ റോക്കറ്റെന്നു വിളിക്കണോ എന്നൊരു കൺഫ്യൂഷൻ സ്വാഭാവികമാണ്- സൗകര്യത്തിന് റോക്കറ്റ് പ്ലെയിൻ എന്നു വിളിക്കാം.

വലിയൊരു വിമാനത്തിന്‍റെ സഹായത്തോടെയാണ് യൂണിറ്റിയുടെ യാത്ര തുടങ്ങുന്നത്. സാധാരണ റൺവേയിൽനിന്നു പറന്നുയരുന്ന വിമാനം നിശ്ചിത ഉയരത്തിലെത്തിയ ശേഷം യൂണിറ്റി അതിൽ നിന്നു വേർപെട്ട് റോക്കറ്റ് എൻജിന്‍റെ കരുത്തിൽ കുത്തനെ മുകളിലേക്കു കുതിക്കും.

രണ്ടു വർഷം മുൻപ് ബ്രാൻസൺ നേരിട്ട് പറന്ന് പരീക്ഷിച്ച ശേഷമാണ് പണം മുടക്കിയവർക്ക് പറക്കാൻ അവസരം കൊടുത്തത്. ഔപചാരികമായി യൂണിറ്റിയുടെ കന്നിയാത്രയിൽ ആറു പേരാണ് ബഹിരാകാശം കണ്ടുമടങ്ങിയത്- പണം കൊടുത്തു കയറിയ മൂന്നു യാത്രക്കാരും, വിർജിന്‍ ഗാലക്റ്റിക്കിന്‍റെ മൂന്നു ജീവനക്കാരും. ഇറ്റാലിയൻ വ്യോമസേനയിലെ രണ്ടു കേണൽമാരും ഇറ്റലിയിൽനിന്നുതന്നെയുള്ള ഒരു എയ്റോനോട്ടിക്കൽ എൻജിനീയറുമായിരുന്നു യാത്രക്കാർ. ജീവനക്കാരിൽ രണ്ടു പേർ പൈലറ്റുമാർ, ഒരാൾ ഇൻസ്ട്രക്റ്ററും.

ആകാശത്തിന്‍റെ അതിര്

ഭൗമോപരിതലത്തിൽ നിന്ന് 85 കിലോമീറ്റർ അകലെ വരെയാണ് യൂണിറ്റി എത്തിയത്. സമുദ്ര നിരപ്പിൽ നിന്ന് 80 -100 കിലോമീറ്റർ വരെയൊക്കെ ഉയരത്തിലാണ് ബഹിരാകാശത്തിന്‍റെ തുടക്കം. അതിലേറെ കൃത്യമായ ഒരു അതിർത്തിയൊന്നും നിർണയിക്കാൻ സാധിക്കില്ല. സ്പേസ് ഫ്ളൈറ്റുകളുടെ യാത്രയ്ക്ക് 100 കിലോമീറ്റർ അകലെ കാർമൻ ലൈൻ എന്നൊരു സാങ്കൽപ്പിക രേഖ നിശ്ചയിച്ചിട്ടുണ്ട്.

എന്നുവച്ചാൽ, 85 കിലോമീറ്ററിൽ, ഏതാണ്ട് ബഹിരാകാശത്തിന്‍റെ അതിർത്തി വരെയായിരുന്നു യൂണിറ്റിയുടെ യാത്ര. അവിടെ നിന്ന് റോക്കറ്റ് എൻജിൻ സ്വിച്ചോഫ് ചെയ്ത ശേഷം കുത്തനെ താഴേക്കുള്ള യാത്ര തുടങ്ങുന്നതു വരെയുള്ള ഏതാനും മിനിറ്റുകൾ മാത്രമാണ് ബഹിരാകാശത്തെ ഭാരമില്ലായ്മ അനുഭവപ്പെടുക. ഗുരുത്വാകർഷണം നഷ്ടമാകുന്നതിലുപരി, പേടകത്തിന്‍റെ ദിശമാറ്റമാണ് ഇതിനു കാരണമാകുന്നതെന്നും പറയാം. ആകെ 75 മിനിറ്റ് മാത്രമാണ് പോയിവരാനെടുക്കുന്ന സമയം. പരമാവധി ദൂരത്തിലെത്തുമ്പോൾ, കേട്ടുകേൾവി മാത്രമുള്ള ഭൂമിയുടെ ആ ഗോളാകൃതിയുടെ ഒരു കഷണവും ഒരു നോക്കുകാണാം.

പൊടിപൊടിക്കുന്ന ബുക്കിങ്

ഇനി ഈ കോടികളൊക്കെ മുടക്കി ആരാണിതിനു പോകാനെന്നാണു ചോദ്യമെങ്കിൽ, കേട്ടോളൂ: എണ്ണൂറോളം ടിക്കറ്റുകൾ ഇതിനകം വിറ്റുപോയിക്കഴിഞ്ഞു. ഭാവിയിൽ പ്രതിവർഷം 400 സർവീസുകൾ നടത്താൻ മാത്രം ശേഷി കൈവരിക്കുകയാണ് വിർജിൻ ഗാലക്റ്റിക് കമ്പനിയുടെ അടുത്ത ലക്ഷ്യം. അതെ, കമ്പനിയുടെ കളികൾ നമ്മൾ കാണാനിരിക്കുന്നതേയുള്ളൂ...!

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com