പള്ളുരുത്തിക്കാരൻ റിജോയ് റിബേല്ലോ ശാസ്ത്ര പര്യവേക്ഷണത്തിനായി വീണ്ടും അന്‍റാർട്ടിക്കയിലേക്ക്

ഡിസംബർ 6ന് അന്‍റാർട്ടിക്കയിലെ മൈത്രി ഗവേഷണകേന്ദ്രത്തിലെത്തും.
Rijoy Rebello from Palluruthy heads to Antarctica once again for scientific exploration

റിജോയ് റിബേല്ലോ

Updated on: 

കൊച്ചി: അന്‍റാർട്ടിക്കയിലേക്കുള്ള 46–-ാമത് ഇന്ത്യൻ ശാസ്ത്ര പര്യവേക്ഷണത്തിൽ വീണ്ടും അംഗമായി റിജോയ് റിബേല്ലോ. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ നൂതന അന്തരീക്ഷ റഡാർ ഗവേഷണ കേന്ദ്രത്തിലെ പ്രൊജക്റ്റ്‌ സയന്‍റിസ്റ്റ് ആണ് എറണാകുളം പള്ളുരുത്തി സ്വദേശിയായ റീജോയ് റെബേല്ലോ. 37ാമത് പോളാർ ഗവേഷണത്തിലെയും അംഗമായിരുന്നു. നവംബർ 23-ന് ഗോവയിലെ നാഷണൽ സെന്‍റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിൽ (എൻസിപിഒആർ) റിപ്പോർട്ട് ചെയ്ത ശേഷം ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ വഴി ഡിസംബർ 6ന് അന്‍റാർട്ടിക്കയിലെ മൈത്രി ഗവേഷണകേന്ദ്രത്തിലെത്തും.

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഗോവയിലെ എൻസിപിഒആർ ആണ് പര്യവേക്ഷണം ഏകോപിപ്പിക്കുന്നത്. മൈത്രി ഗവേഷണകേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള 'മൂവബിൾ അറ്റ്മോസ്ഫെറിക് റഡാർ ഫോർ അന്‍റാർട്ടിക്ക' (മാര) എന്ന വിൻഡ്-പ്രൊഫൈലർ റഡാറിന്‍റെ കാലിബ്രേഷനും അറ്റകുറ്റപ്പണികൾക്കുമായാണ് റിജോയ് റിബേല്ലോ യാത്ര തിരിക്കുന്നത്.

54.5 മെഗാഹെർട്സ് ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന റഡാറാണ് മാര. ഭൗമാന്തരീക്ഷത്തിലെ ട്രോപോസ്ഫിയർ മുതൽ മെസോസ്ഫിയർ വരെയുള്ള വിവിധ പാളികളിലെ കാറ്റിന്‍റെ ഗതി, പ്രക്ഷുബ്ധത, അന്തരീക്ഷ തരംഗങ്ങൾ, മറ്റ് അന്തരീക്ഷ സവിശേഷതകൾ എന്നിവ തുടർച്ചയായി അളക്കുന്നതിനാണ് ഈ റഡാർ ഉപയോഗിക്കുന്നത്. ദൗത്യം പൂർത്തിയാക്കി 2027 ഫെബ്രുവരി 15-ന് സംഘം ഇന്ത്യയിൽ തിരിച്ചെത്തും.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ ഇലക്ട്രോണിക്സ് വകുപ്പിലെ ഡോക്ടർ ബിനു പോൾ നൂതന അന്തരീക്ഷ റഡാർ ഗവേഷണ കേന്ദ്രത്തിലെ ഡയറക്ടർ പ്രൊഫസർ അഭിലാഷ് എന്നിവരുടെ കീഴിലാണ് റിജോയ് റിബേല്ലോയുടെ ഗവേഷണം പുരോഗമിക്കുന്നത്. വൈപ്പിൻ സ്വദേശിനി എൽസി ഡിസ്റ്റിൽന റെഡ്രേഗസ്യാണ് റിജോയുടെ ഭാര്യ. മക്കൾ : റൈഡൻ റിബേല്ലോ, റോവാൻ റിബേല്ലോ