യ്യോ... വരുന്നൂ ആഴക്കടൽ ഏലിയനുകൾ!

സമുദ്രാന്തർ പർവതങ്ങളിലും ഏലിയനുകളോ? ഷ്മിറ്റ് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുടെ കണ്ടെത്തൽ കേൾക്കൂ...
Alien-like Creature Discovered In Deep Pacific Ocean
ഏലിയനുകളെന്നു തോന്നും വിധമുള്ള അത്യപൂർവ സമുദ്ര ജീവികൾ
Updated on

റീന വർഗീസ് കണ്ണിമല

സമുദ്രാന്തർ പർവതങ്ങളിലും ഏലിയനുകളോ? ഷ്മിറ്റ് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുടെ കണ്ടെത്തൽ കേൾക്കൂ...

സമുദ്രാന്തർ ഭാഗത്തെ ജൈവവൈവിധ്യത്തെ കുറിച്ചു പഠിക്കാനാണ് ഷ്മിറ്റ് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു വിദഗ്ധ സംഘം തെക്കൻ പസഫിക്കിലേക്ക് പുതിയൊരു യാത്ര നടത്തിയത്.

ഏലിയനുകളെന്നു തോന്നും വിധമുള്ള അത്യപൂർവ സമുദ്ര ജീവികളെയാണ് അവരവിടെ കണ്ടെത്തിയത്. അതാകട്ടെ, നൂറിലധികം പുതിയ സ്പീഷിസുകൾ! ഇന്നോളം ലോകം കണ്ടെത്തിയിട്ടില്ലാത്ത, മനുഷ്യനേത്രങ്ങളെത്തപ്പെട്ടിട്ടില്ലാത്ത അത്യപൂർവ ചാരുത!

അവിടെ ആ നാലംഗസംഘത്തെ കാത്തിരുന്നത് ചിലിയൻ തീരത്ത് നാസ്‌ക പർവതത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന 1.5 മൈൽ (2.4 കിലോമീറ്റർ) ഉയരമുള്ള അമ്പരപ്പിക്കുന്ന ഒരു കടൽ പർവതമായിരുന്നു!

ഇന്നോളം മനുഷ്യദർശനമേൽക്കാത്ത, പ്രപഞ്ചത്തിന്‍റെ അത്യത്ഭുതകരമായ ഒരു ജൈവവൈവിധ്യം അവിടെ അവരെ നോക്കി മന്ദസ്മിതം തൂകി.

മനുഷ്യനേത്രങ്ങൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒട്ടനവധി ജീവിവർഗങ്ങളുടെ സമ്പന്നത പ്രകൃതി അവിടെ അവർക്കായൊരുക്കി.

വൈിധ്യമാർന്ന ഏലിയനുകളെ പോലുള്ള സമുദ്ര സ്പീഷിസുകൾ!

പ്രേതത്തെ അനുസ്മരിപ്പിക്കും വിധമുള്ള വെളുത്ത സ്പോഞ്ച് പൂന്തോട്ടങ്ങൾ! സ്പാഗെട്ടി രാക്ഷസന്മാർ!

പിന്നീട് അവരെ വരവേറ്റത് കാസ്പർ നീരാളികളായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് സഹസ്രാബ്ദങ്ങൾ പ്രായമുള്ള ഗ്ലാസ് സ്പോഞ്ചുകളെ അവർ കണ്ടെത്തിയത്!

മുള പവിഴപ്പുറ്റുകളുടെ വിശാലമായ വനങ്ങളെയും ഈ കടൽ മലയിൽ പര്യവേഷക സംഘം കണ്ടെത്തി.ഒരു മാസം നീണ്ടുനിന്ന പര്യവേഷണത്തിലാണ് ഷ്മിറ്റ്സ് പര്യവേഷകർ ഈ അത്യപൂർവ നേട്ടം കൊയ്തത്.

spaghetti monsters
സ്പാഗെട്ടി രാക്ഷസൻ

സ്പാഗെറ്റി രാക്ഷസന്മാർ

യഥാർഥത്തിൽ ബാത്തിഫിസ കോണിഫെറയെയാണ് സ്പാഗെറ്റി മോൺസ്റ്റേഴ്സ് എന്നു വിളിക്കുന്നത്. 2015-ൽ ആദ്യമായി കണ്ട എണ്ണത്തൊഴിലാളികളാണ് ഈ ജീവിക്ക് ഇന്‍റർനെറ്റിലെ ആക്ഷേപഹാസ്യ ദേവതയായ ഫ്ലൈയിംഗ് സ്പാഗെട്ടി മോൺസ്റ്റർ എന്നു പേരു നൽകിയത്. ഈ ജീവികളുടെ ഗോനോഫോറുകൾ എന്ന് വിളിക്കപ്പെടുന്ന ഘടനകളാണ് അതിനു കാരണമായത്.

കടൽപർവതങ്ങളിലെ കാണാക്കാഴ്ചകൾ

വെള്ളത്തിനടിയിലുള്ള പർവതങ്ങളിലെ ഊർജ്ജസ്വലമായ സമുദ്രജീവികളെ കുറിച്ചുള്ള പര്യവേഷണത്തിൽ ചിലിയൻ കടൽത്തീരത്തിന്‍റെ ആഴങ്ങളിൽ അതിമനോഹരമായ വർണാഭ തെളിഞ്ഞു വന്നു.നിരവധി ജൈവ വർഗങ്ങൾ കടും ചുവപ്പ് നിറം പുറത്തു വിട്ടതാണ് ആ ആഴക്കടൽ ശോഭയ്ക്ക് കാരണമായത്.

എന്നാൽ രസമതല്ല. വിചിത്രമെന്നു തോന്നാമെങ്കിലും ചുവന്ന വെളിച്ചം ആദ്യം ആഗിരണം ചെയ്യപ്പെടുന്ന കടലാഴങ്ങളിൽ ഈ നിറം അദൃശ്യമാകുന്നു.തന്മൂലം ആഴത്തിൽ കറുത്തതായി കാണപ്പെടുന്ന സ്പീഷിസുകളെ മാത്രമാണ് കാണാനാകുക.

പര്യവേഷണ ആസൂത്രണത്തിന് നേതൃത്വം നൽകിയ ഓഷ്യൻ സെൻസസിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ ഒരു കൺസോർഷ്യം, തെക്കൻ പസഫിക്കിലെ ഈ പ്രദേശം ഉയർന്ന തോതിലുള്ള പ്രാദേശിക ജീവിവർഗങ്ങളെ - ലോകത്ത് മറ്റെവിടെയും കണ്ടെത്താൻ കഴിയാത്തവ - പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു.

ഇന്നുവരെ മാപ്പ് ചെയ്‌ത 14,500 കടൽ പർവതങ്ങൾ ലോകത്താകെയുള്ള കടൽ പർവതങ്ങളുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. ഇതിൽ നിന്നു മനസിലാക്കാമല്ലോ, പ്രപഞ്ചം ഇനിയുമെത്രയോ അത്ഭുതങ്ങൾ വരും തലമുറയ്ക്കായി കടലാഴങ്ങളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്ന്....

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com