ഹാവൂ സമാധാനം...! ഡിലീറ്റ് ചെയ്ത വാട്ട്സാപ്പ് മെസേജുകൾ ഇനി തിരിച്ചെടുക്കാം

ഡിലീറ്റ് ചെയ്ത മെസേജ് തിരിച്ചെടുക്കാൻ വെറും അഞ്ച് സെക്കൻഡ് മാത്രമായിരിക്കും കിട്ടുക.
WhatsApp introduces Undo option of 'delete for me'
ഹാവൂ സമാധാനം...! ഡിലീറ്റ് ചെയ്ത് വാട്ട്സാപ്പ് മെസേജുകൾ ഇനി തിരിച്ചെടുക്കാം

''കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചെടുക്കാനാവില്ല'' എന്നു ലാലേട്ടൻ പണ്ട് ആറാം തമ്പുരാനിൽ പറഞ്ഞതു പോലെയായിരുന്നു ഒരുകാലത്ത് വാട്ട്സാപ്പ് ചാറ്റിന്‍റെ അവസ്ഥ. അയച്ചാൽ പിന്നെ തിരിച്ചെടുക്കാൻ കഴിയില്ലായിരുന്നു. പിന്നീട് അയച്ച മെസേജ് ഡിലീറ്റ് ചെയ്യാൻ ഓപ്ഷൻ വന്നു, 'ഡിലീറ്റ് ഫോർ മീ', 'ഡിലീറ്റ് ഫോർ എവരിവൺ' എന്നിങ്ങനെ രണ്ട് ഓപ്ഷൻ.

''വിളിച്ചുപറയാതെ വെടി വഴിപാട് നടത്തിയാൽ ഫലം കുറയും'' എന്നു പറയുമ്പോലെ, ഡിലീറ്റ് ഫോർ എവരിവൺ ഉപയോഗിച്ചാൽ, മെസേജ് കിട്ടുന്ന ആൾ അതറിയും, ഈ മെസേജ് ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്നു വിളിച്ചുപറഞ്ഞുകളയും വാട്ട്സാപ്പ്. എന്നാൽ, അതിലും വലിയൊരു അപകടത്തിൽ ചെന്നു ചാടാറുണ്ട് പലരും, ഈ ഡിലീറ്റ് ഓപ്ഷൻ കാരണം. ഡിലീറ്റ് ഫോർ എവരിവൺ സെലക്റ്റ് ചെയ്യുന്നതിനു പകരം ഡിലീറ്റ് ഫോർ മീ അബദ്ധത്തിൽ ടച്ച് ചെയ്തു പോയാൽ പെട്ടു. വേണ്ടെന്നു വച്ച മെസേജ് സ്വന്തം ചാറ്റിൽ നിന്നു പോകുകയും ചെയ്യും, കിട്ടിയ ആളുടെ ചാറ്റിൽ കിടക്കുകയും ചെയ്യും, അയച്ച ആൾക്ക് പിന്നീടൊട്ട് ഡിലീറ്റ് ചെയ്യാൻ സാധിക്കുകയുമില്ല.

ഈ പ്രശ്നത്തിനു പരിഹാരം അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സാപ്പ് ഇപ്പോൾ. ഡിലീറ്റ് ഫോർ മീ അബദ്ധത്തിൽ ക്ലിക്ക് ചെയ്തു പോയെങ്കിൽ ആ മെസേജ് തിരിച്ചുപിടിക്കാൻ അവസരമുണ്ട്, അതിനാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്ന അൺഡൂ (Undo) ഓപ്ഷൻ. പക്ഷേ, വെറും അഞ്ച് സെക്കൻഡ് മാത്രമായിരിക്കും അതിനു കിട്ടുന്ന സമയം. അതുകൊണ്ട് ഇനിയായാലും ശ്രദ്ധിക്കണം അമ്പാനേ, ഡിലീറ്റൊക്കെ സൂക്ഷിച്ചു വേണം ഉപയോഗിക്കാൻ. അതെ, കൈവിട്ട ആയുധവും വാവിട്ട ചാറ്റും ഒരു പോലെയാണ്....

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com