
ജയ്പുർ: ഒരു കിലോഗ്രാം ഭാരമുള്ള സ്വർണ ബിസ്കറ്റ്, വെള്ളിയിൽ നിർമിച്ച തോക്കും കൈവിലങ്ങും, 23 കോടിയോളം രൂപ. രാജസ്ഥാനിലെ ചിത്തോഗഡിലുള്ള സൻവലിയ സേഠ് ക്ഷേത്രത്തിൽ രണ്ടു മാസത്തിനിടെ കാണിക്കയായി സമർപ്പിക്കപ്പെട്ടതാണിവ. രണ്ടു മാസത്തെ ഇടവേളയിലാണു ക്ഷേത്രത്തിലെ ഭണ്ഡാരം തുറക്കുന്നത്. ഇത്തവണ തുറന്നപ്പോഴായിരുന്നു അധികൃതരെ ഞെട്ടിച്ച കാണിക്കവരവ്.
ലഭിച്ച മുഴുവൻ സ്വർണം, വെള്ളി വസ്തുക്കളുടെയും മൂല്യം ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. പണം പൂർണമായി എണ്ണിയിട്ടുമില്ല. എല്ലാ മാസവും പൗർണമി ദിനത്തിലാണു ഭണ്ഡാരമെണ്ണുന്നത്. ഇത്തവണ ഇത് ഒരു ഘട്ടം കൊണ്ടു തീരുമെന്നു കരുതുന്നില്ല. രാജസ്ഥാനിലെ പ്രശ്സതമായ കൃഷ്ണ ക്ഷേത്രമാണ് സാൻവാലിയ സേഠ് ക്ഷേത്രം. ക്ഷേത്രത്തിൽ ഇതുവരെ ലഭിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ തുകയാണിതെന്നു ഭാരവാഹികൾ. ചിത്തോർഗഡ്-ഉദയ്പുർ ഹൈവേയിൽ ചിത്തോർഗഡിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് ക്ഷേത്രം.