ഇന്ത്യയിലെ 25% കൗമാരക്കാര്‍ക്ക് രണ്ടാം ക്ലാസ് പുസ്തകം പോലും വായിക്കാനറിയില്ല: സർവേ

18 വയസ് തികഞ്ഞ 32.6% പേരും 14 വയസുള്ള കുട്ടികളില്‍ 3.9% പേരും പഠനം ഉപേക്ഷിച്ചതായാണ് പഠനത്തിൽ കണ്ടെത്തിയത്.
25 percent of rural youth cannot read a class 2 level text fluently
25 percent of rural youth cannot read a class 2 level text fluently

ഇന്ത്യയിലെ 14 നും 18 നും ഇടയിൽ പ്രായമുള്ള 25% കൗമാരക്കാർക്കും അവരുടെ മാതൃഭാഷയിലുള്ള രണ്ടാം ക്ലാസ് പാഠപുസ്തകം പോലും നന്നായി വായിക്കാൻ അറിയില്ലെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ വാർഷിക വിദ്യാഭ്യാസ റിപ്പോർട്ടിലാണ് (ASER) ഇക്കാര്യം വ്യക്തമാക്കുന്നത്. ഇംഗ്ലീഷിന്‍റെ കാര്യത്തിൽ ഏകദേശം 42% കുട്ടികള്‍ക്ക് ചെറിയ വാചകം പോലും കൂട്ടിവായിക്കാന്‍ അറിയില്ലെന്നും ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

പകുതിയിലധികം പേർക്കും (57.3%) ഇംഗ്ലീഷ് വായിക്കാന്‍ അറിയാം. ഇതില്‍ മൂന്നിലൊന്ന് കുട്ടികൾക്കു മാത്രമാണ് ഇംഗ്ലീഷ് വാചകം വായിച്ച് അര്‍ഥം പറയാന്‍ അറിയുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കണക്കിന്‍റെ കാര്യത്തിലും റിപ്പോര്‍ട്ട് പ്രതീക്ഷ നല്‍കുന്നതല്ല. സർവേയിൽ പങ്കെടുത്ത 34,745 കൗമാരക്കാരിൽ, 43.3% പേർക്ക് മാത്രമേ മൂന്നക്ക സംഖ്യയെ ഒറ്റ അക്ക സംഖ്യകൊണ്ട് ഹരിച്ചുള്ള ഒരു ഗണിതശാസ്ത്ര പ്രശ്നം പരിഹരിക്കാൻ കഴിവുള്ളൂ. മൂന്ന്, നാല് ക്ലാസുകളിൽ പഠിക്കുമ്പോള്‍ തന്നെ പൊതുവേ കുട്ടികള്‍ ഇതില്‍ പ്രാവീണ്യം നേടാറുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, 2017 സര്‍വേയെ അപേക്ഷിച്ച് ഇക്കാര്യത്തിൽ മെച്ചമുണ്ട്. അന്നത്തെ സര്‍വേയില്‍ 39.5% കുട്ടികള്‍ക്ക് മാത്രമാണ് ഇതിനുള്ള കഴിവ് ഉണ്ടായിരുന്നത്.

മൊത്തത്തിൽ, പ്രതികരിച്ചവരിൽ 86.8% പേരും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എൻറോൾ ചെയ്തിട്ടുള്ളവരാണ്. 18 വയസ് തികഞ്ഞ 32.6% പേരും 14 വയസുള്ള കുട്ടികളില്‍ 3.9% പേരും പഠനം ഉപേക്ഷിച്ചതായാണ് പഠനത്തിൽ കണ്ടെത്തിയത്.

89% കുട്ടികളുടെ വീടുകളിലും സ്‌മാർട്ട്‌ഫോൺ ലഭ്യമാണെന്നും ഇതിൽ 94.7% പുരുഷന്മാരും 89.8% സ്ത്രീകളും അത് എങ്ങനെ ഉപയോഗിക്കേണ്ടത് എന്ന് അറിയാമെന്നും സര്‍വേ വ്യക്തമാക്കി. എന്നാല്‍ 19.8% പെണ്‍കുട്ടികള്‍ക്കും 43.7% ആണ്‍കുട്ടികള്‍ക്കും മാത്രമാണ് സ്വന്തമായി സ്മാര്‍ട്ട്‌ഫോണ്‍ ഉള്ളത്.

പത്താം ക്ലാസിന് ശേഷം വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് തെരഞ്ഞെടുക്കുന്ന ഏറ്റവും ഇഷ്ടപ്പെട്ട സ്ട്രീം ഹ്യുമാനിറ്റീസ് ആണെന്നും ഈ സർവേ കണ്ടെത്തി. സർവേയിൽ പങ്കെടുത്ത 11, 12 ക്ലാസുകളിൽ 55% പേർ ഹ്യുമാനിറ്റീസും 31% പേർ സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സും, 9% പേർ കൊമേഴ്‌സ് എന്നിവയും തെരഞ്ഞെടുത്തവരാണെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കി.

കൊവിഡ് -19 കാലത്ത് ഒരു പ്രധാന ആശങ്കയായി ഉപജീവനമാർഗം കണ്ടെത്തുന്നതിനായി മുതിർന്ന കുട്ടികൾ പഠനം ഉപേക്ഷിച്ചു പോകും എന്ന ഭയം എന്നാൽ അടിസ്ഥാനരഹിതമാണെന്ന് പഠനത്തിൽ തെളിഞ്ഞു. 2017-ലെ 81% എന്നത് അപേക്ഷിച്ച് ഏകദേശം 84% പേർ കുറഞ്ഞത് 8-ാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com