
നിർത്തിയിട്ടിരുന്ന ബസ് പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി 3 മരണം. ആന്ധ്രാപ്രദേശിലെ വിജയവാഡ ബസ് സ്റ്റാന്‍ഡില്‍ തിങ്കളാഴ്ച നടന്ന സംഭവത്തിൽ 2 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് നിയന്ത്രണം വിട്ട് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി യാത്രക്കാര്‍ക്ക് നേരെ പാഞ്ഞു കയറുകയായിരുന്നു.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകട സമയത്ത് ബസില്‍ 24 യാത്രക്കാര്‍ ഉണ്ടായിരുന്നു. ബസിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. എന്നാൽ പ്ലാറ്റ്‌ഫോമില്‍ ബസ് കാത്തുനിന്നവരാണ് അപകടത്തില്‍പ്പെട്ടത്.
ബസിന് തകരാറുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. 60 വയസ് പ്രായം വരുന്നയാളായിരുന്നു ഡ്രൈവര്‍. ഡ്രൈവറുടെ പിഴവ് കൊണ്ടാണോ സാങ്കേതിക തകരാര്‍ മൂലമാണോ അപകടം എന്നതടക്കം അന്വേഷിക്കുമെന്നും വൈസ് ചെയര്‍മാന്‍ അറിയിച്ചു.