

മൊബൈൽ നമ്പർ ചോദിച്ചിട്ട് നൽകിയില്ല, നോ പറഞ്ഞ് മടുത്ത് യുവതി; ഒടുവിൽ രക്ഷയായത് 'ഫെമിനിസം'
ആവശ‍്യമുള്ള സാഹചര‍്യത്തിൽ നോ പറയാൻ മടിയുള്ളവരെ നാം നിത‍്യജീവിതത്തിൽ നിരന്തരം കാണാറുണ്ട്. എന്നാൽ നോ പറഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ എന്തു ചെയ്യും? അതൊരു സ്ത്രീ ആണ് പറയുന്നതെങ്കിലോ? അത്തരത്തിലുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ‍്യമങ്ങളിൽ പ്രചരിക്കുന്നത്.
തന്‍റെ ചിത്രങ്ങളും വിഡിയോകളും റെക്കോഡ് ചെയ്യുകയായിരുന്നു യുവതി. ഇതിനിടെ അപരിചിതനായ ഒരു യുവാവ് യുവതിയോട് ഫോൺ നമ്പർ ആവശ‍്യപ്പെട്ടു.
തരാൻ പറ്റില്ലെന്ന് നിരവധി തവണ പറഞ്ഞിട്ടും ഇയാൾ പോകാൻ കൂട്ടാക്കിയില്ല. 8 തവണ നോ പറഞ്ഞിട്ടും രക്ഷയില്ലെന്ന് കണ്ടതോടെ താൻ ഒരു ഫെമിനിസ്റ്റാണെന്ന് പറഞ്ഞു. ഇതോടെ യുവാവ് ഉടനെ സ്ഥലം വിട്ടു. വിഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. പുരുഷന്മാർ ഫെമിനിസത്തെ ഭയക്കുന്നുവെന്നത് എത്ര രസകരമാണെന്നും വളരെ മികച്ച രീതിയിൽ നിങ്ങൾ കൈകാര‍്യം ചെയ്തുവെന്നും ഒക്കെയാണ് കമന്‍റുകൾ.