'ഒരു മാസം കഴിച്ചു കൂട്ടണമെങ്കിൽ വേണം 71,000 രൂപ'; ചെലവുകൾ എണ്ണി പറഞ്ഞ് യുവതി

ബെംഗളൂരുവിൽ ജോലി ചെയ്തുവരുന്ന ഒരു സോഫ്റ്റ്‌വെയർ എൻജിനീയറുടെ പ്രതിമാസ ചെലവുകളുടെ കണക്കാണ് ഇപ്പോൾ സോഷ‍്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്
bengaluru woman monthly expense is 71,000 rs; internet reacts

അഞ്ജലി

Updated on

ഇന്ത‍്യയിൽ ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നാണ് ബെംഗളൂരു. പ്രത‍്യേകിച്ച് ഐടി പ്രൊഫഷണലുകളായ യുവാക്കൾക്ക്. അവരുടെ ജീവിത ചെലവുകൾ‌, ദൈനംദിന ജീവിതത്തിലെ തെരഞ്ഞെടുപ്പുകൾ എല്ലാം വ‍്യത‍്യസ്തമായിരിക്കാം.

എന്നാൽ‌ ബെംഗളൂരുവിൽ ജോലി ചെയ്തുവരുന്ന ഒരു സോഫ്റ്റ്‌വെയർ എൻജിനീയറുടെ പ്രതിമാസ ചെലവുകളുടെ കണക്കാണ് ഇപ്പോൾ സോഷ‍്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. ഇക്കഴിഞ്ഞ മേയ് മാസം 71,000 രൂപ തനിക്ക് ചെലവായതായാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. അറ്റ്ലാസിയൻ എന്ന കമ്പനിയിൽ സോഫ്‌റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന അഞ്ജലിയാണ് തന്‍റെ ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ പ്രതിമാസ ചെലവ് കണക്കുകൾ പുറത്തുവിട്ടത്.

71,000 രൂപ പ്രതിമാസം ബെംഗളൂരുവിൽ ചെലവഴിക്കുന്നത് അത്ര മോശമല്ലെന്നാണ് യുവതിയുടെ പക്ഷം. 1bhk അപ്പാർട്മെന്‍റിന് വേണ്ടി 28,000 രൂപയും വെള്ളത്തിനും വൈദ‍്യുതിക്കും 1,000 രൂപയും ചെലവാകുന്നുണ്ടെന്നാണ് അഞ്ജലി പറയുന്നത്. വാരാന്ത‍്യങ്ങളിൽ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ലഭിക്കും. അതിനാൽ ഭക്ഷണത്തിന് വേണ്ടി അധികമായി പണം ചെലവാകുന്നില്ല. പക്ഷേ വീട്ടിൽ പാചകത്തിന് ആളെ വച്ചിട്ടുണ്ടെന്നും അതിനായി 3,000 രൂപയും സാധനങ്ങൾ വാങ്ങാൻ 3,000 മുതൽ 4,000 രൂപ വരെ ചെലവാക്കേണ്ടി വരുമെന്നും അഞ്ജലി വ‍്യക്തമാക്കി.

കമ്പനി തന്നെ ക‍്യാബ് സർവീസ് തരുന്നതിനാൽ ഗതാഗതത്തിനായി പണം ചെലവാകുന്നില്ല. എന്നാൽ ജിമ്മിൽ പോകുന്നതിനാൽ 3,000 രൂപ അവിടെ നൽകണം. തന്‍റെ ശമ്പളത്തിന്‍റെ പ്രധാന ഭാഗം വിനോദത്തിനു വേണ്ടിയാണ് വിനിയോഗിക്കുന്നതെന്നാണ് യുവതി പറയുന്നത്. ഷോപ്പിങ്ങിനും വിനോദത്തിനും വേണ്ടി 12,000 മുതൽ 15,000 രൂപ വരെയും ഇത് കൂടാതെ ബെംഗളൂരുവിൽ നിന്നും 3-4 ദിവസം നീണ്ടു നിൽക്കുന്ന യാത്രകൾ ചെയ്യാറുണ്ടെന്നും അതിനായി 15,000 മുതൽ 20,000 രൂപ ചെലവ് വരുമെന്നും അഞ്ജലി പറഞ്ഞു.

അഞ്ജലിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് ഉപയോക്താക്കളിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അമിത ചെലവാണിതെന്ന് ചിലർ കമന്‍റ് രേഖപ്പെടുത്തിയപ്പോൾ ബെംഗളൂരുവിന്‍റെ യഥാർഥ‍്യമാണിതെന്ന് മറ്റു ചിലരും കുറിച്ചു.

കമന്‍റ് ചെയ്യുന്ന ആളുകൾക്ക് ബെംഗളൂരുവിൽ താമിസിക്കുന്നവരുടെ പ്രതിമാസ വാടക അറിയില്ലെന്നും. നല്ല സ്ഥലത്തിന് 28,000 രൂപ മാസ വാടകയായി നൽകുന്നതിൽ തെറ്റില്ലെന്നും മറ്റൊരു ആൾ കുറിച്ചു. കുടുംബാംഗങ്ങളുടെ വീട്ടിലേക്ക് താമസം മാറിയിട്ടും തനിക്ക് 50,000 രൂപ ചെലവ് വരുന്നുണ്ട്, ബെംഗളൂരുവിൽ ജീവിക്കാൻ 71,000 രൂപയോ? എനിക്ക് 10,000 രൂപ മതി. എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.

logo
Metro Vaartha
www.metrovaartha.com