ഹായ് ബിർണാണി!! ബിരിയാണി ഫെസ്റ്റിൽ മമ്മൂട്ടിക്കൊപ്പം താരമായി ശങ്കുവും | video
മമ്മുക്ക ഒരു ബിരിയാണി പ്രിയനാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ബിരിയാണി ഫെസ്റ്റിൽ മുഖ്യാതിഥിയായി എത്തിയതും അദ്ദേഹമായിരുന്നു.
ലോകത്ത് ഒരുപാട് തരം ബിരിയാണികളുണ്ട്. കുറേയൊക്കെ താൻ കഴിച്ചിട്ടുള്ളതാണെന്നും ഭാര്യ ഉണ്ടാക്കുന്നത് മറ്റൊരുതരം ബിരിയാണിയാണെന്നും ഫെസ്റ്റിവലിൽ പങ്കെടുത്ത് മമ്മുക്ക പറഞ്ഞു. ഉണ്ടാക്കുന്നത് മാത്രമല്ല നല്ലത് കണ്ടുപിടിക്കുന്നതും പ്രയാസമുള്ള കാര്യമാണെന്നും മമ്മൂട്ടി ഓർമിപ്പിച്ചു. ഇതിനകം തന്നെ മമ്മൂട്ടിയുടെ ഈ ഒരു വീഡിയോ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
പരിപാടിയിലെ മറ്റൊരു മുഖ്യ ആകർഷണം അങ്കണവാടിയിൽ ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് പറഞ്ഞ ശങ്കുവായിരുന്നു. സോഷ്യൽമീഡിയയിൽ ഇപ്പോൾ താരമായ ശങ്കു മാതാപിതാക്കൾക്കൊപ്പം ബിരിയാണി ഫെസ്റ്റുവലിൽ പങ്കെടുക്കാനെത്തിയതായിരുന്നു.
'ബിർണാണി' എന്ന് പറഞ്ഞായിരുന്നു മമ്മൂട്ടി ശങ്കുവിനോട് സംസാരിച്ചത്. നിനക്ക് ബിരിയാണി കിട്ടിയോ എന്നും മമ്മൂട്ടി ചോദിച്ചിരുന്നു. മമ്മൂട്ടിയെ ചൂണ്ടി ഈ മാമൻ എന്തെങ്കിലും തന്നോ എന്ന അവതാരകനായ മിഥുൻ രമേശിന്‍റെ ചോദ്യത്തിന് കയ്യിൽ കൊണ്ട് നടക്കുന്നേയുള്ളൂ എന്നായിരുന്നു ശങ്കുവിന്‍റെ മറുപടി. മമ്മൂട്ടി പാടി അഭിനയിച്ച പാട്ടും പാടി ശങ്കു മമ്മുക്കയെ കയ്യിലെടുത്തു. മമ്മൂട്ടിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോഴും മറുപടി ബിരിയാണിയും പൊരിച്ച കോഴിയും എന്നായിരുന്നു. ഒപ്പം മമ്മൂക്കയോട് ചിക്കൻ ബിരിയാണി വാങ്ങിത്തരാൻ പറയുമെന്നും ശങ്കു.
മമ്മൂക്കയുടെ സിനിമയെക്കുറിച്ച് ചോദിച്ചപ്പോൾ അതെനിക്ക് അറിഞ്ഞൂട എന്നായിരുന്നു ശങ്കുവിന്‍റെ മറുപടി. ബിരിയാണിയിൽ എന്തൊക്കെയുണ്ടാവുമെന്ന് ചോദിച്ചപ്പോൾ പൊരിച്ച കോഴി എന്നായിരുന്നു വീണ്ടും ശങ്കുവിന്‍റെ മറുപടി. നമ്മൾ പഠിക്കുന്ന കാലഘട്ടത്തിൽ ബിരിയാണിയൊന്നും ഇല്ലാത്തതിന്‍റെ വിഷമമുണ്ടെന്നും വിദേശത്തുള്ള തനിക്ക് ശങ്കുവിന്‍റെ എല്ലാ വീഡിയോകളും അയച്ചുതരാറുണ്ടെന്നും താനാണ് അത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുള്ളതെന്നും ശങ്കുവിന്‍റെ അച്ഛൻ.
അങ്ങനെയാണ് അത് വൈറലായതെന്നും മാതാപിതാക്കൾ പറഞ്ഞു. ഇനി എന്തായാലും ബിരിയാണിയുടെ ബ്രാൻഡ് അംബാസഡറായി ശങ്കുവിന് ഷൈൻ ചെയ്യാമെന്നായിരുന്നു അവതാരകന്‍റെ മറുപടി. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഈ ബിരിയാണി കഥയും ഇതിലെ നായകന്മാരും.