

ചരിത്ര നിമിഷം കുറിച്ച് സുപ്രീം കോടതിയിൽ ആദ്യമായി ഒരു ബധിരയും മൂകയുമായ അഭിഭാഷക കേസ് വാദിച്ചു. ആംഗ്യഭാഷ ഉപയോഗിച്ചായിരുന്നു അഭിഭാഷകയായ സാറ സണ്ണി കോടതിയിൽ വാദിച്ചത്. ആംഗ്യഭാഷയിൽ (ISL) ജഡ്ജിക്ക് മനസിലാകും വിതം യുവ അഭിഭാഷകയ്ക്കു വേണ്ടി സൗരഭ് റോയ് ചൗധരിയും ഹാജരായി.
ഓൺലൈന്‍ വഴിയായിരുന്നു കേസ് കോടതി പരിഗണിച്ചത്. വെർച്വൽ നടപടിക്രമങ്ങൾ കൈകാര്യം ചെയ്തിരുന്ന കൺട്രോൾ റൂം അഭിഭാഷകയായ സാറ സണ്ണിക്ക് സ്‌ക്രീൻ സ്പേസ് നൽകാന്‍ ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നീട് ചീഫ് ജസ്റ്റിസ് ഇടപ്പെട്ട് അനുമതി നൽകുകയായിരുന്നു. അങ്ങനെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് മുമ്പാകെ സൗരഭ് റോയ് ചൗധരി തന്‍റെ വാദങ്ങൾ തുടങ്ങി. ഭിന്നശേഷിക്കാരായ 2 പെൺകുട്ടികളുടെ വളർത്തു പിതാവ് കൂടിയാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡെന്ന കാര്യവും ഇതിനിടയിൽ പ്രസക്തമാകുന്നു.
അഡ്വക്കേറ്റ് ഓൺ റെക്കോഡ് എന്ന സംഘടനയിലെ സഞ്ജിത ഐൻ ആണ് സാറയ്ക്ക് കേസ് വാദിക്കാൻ അവസരമൊരുക്കിയത്. തുല്യ നീതി ഉറപ്പാക്കി നീതിന്യായ സംവിധാനം കൂടുതൽ പ്രാപ്യമാക്കാനും ഭിന്നശേഷിക്കാർ കോടതിയിൽ വരുമ്പോൾ അവർ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കാനുമായി വിശദമായ പ്രവേശനക്ഷമത ഓഡിറ്റിന് അദ്ദേഹം കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു. രാജ്യത്ത് എല്ലാ ആളുൾക്കും ഒരേ നീതി ഉറപ്പാക്കാനുള്ള ചീഫ് ജസ്റ്റിസിന്‍റെ ശ്രമമായിട്ടായിരുന്നു ആളുകൾ ഈ നീക്കത്തെ വിലയിരുത്തിയത്.
" ചീഫ് ജസ്റ്റിസിന്‍റേത് തുറന്ന മനസാണ്. ഭിന്നശേഷിക്കാർക്കായി അദ്ദേഹം അവസരങ്ങളുടെ വാതിൽ തുറന്ന് തന്നു. കേസിന്‍റെ വാദത്തിനായി ഞാനവിടെ ഉണ്ടായിരുന്നില്ലെങ്കിലും കോടതി നടപടികൾ മനസിലാക്കുന്നതിനായി അഭിഭാഷക സഞ്ജിത എന്നെ സഹായിച്ചു. ഭിന്നശേഷിക്കാർ പുറകിലല്ലെന്ന് ഇതുവഴി തെളിയിക്കാനായി"- സാറ സണ്ണി മാധ്യമങ്ങളോട് പറഞ്ഞു.