എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആന പ്രസവിച്ചു, ദേവിക്ക് ട്രാക്റ്റർ വാഹനമാക്കി

ജനിച്ചത് പിടിയാനക്കുട്ടിയെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും അധികൃതർ
ശിവമൊഗ്ഗയിലെ വാസവി സ്കൂൾവളപ്പിൽ പ്രസവിച്ച നേത്രാവതി കുട്ടിയാനയ്ക്കൊപ്പം. സമീപം സ്ക്രേബൈലു ക്യാംപിലെ മറ്റൊരു പിടിയാന ഹേമാവതി.
ശിവമൊഗ്ഗയിലെ വാസവി സ്കൂൾവളപ്പിൽ പ്രസവിച്ച നേത്രാവതി കുട്ടിയാനയ്ക്കൊപ്പം. സമീപം സ്ക്രേബൈലു ക്യാംപിലെ മറ്റൊരു പിടിയാന ഹേമാവതി.

ശിവമോഗ: നവരാത്രി ആഘോഷത്തിനായി എത്തിച്ച ആന എഴുന്നള്ളിപ്പിന് മണിക്കൂറുകൾ മുൻപ് പ്രസവിച്ചു. ഇതേത്തുടർന്നു ദേവിയെ ട്രാക്റ്ററിൽ എഴുന്നള്ളിച്ചു. കർണാടകയിലെ ശിവമൊഗ്ഗയിലായിരുന്നു കൗതുകമുണർത്തുന്ന സംഭവം. കർണാടക വനംവകുപ്പിനു കീഴിലുള്ള സക്രേബൈലു ക്യാംപിൽ നിന്ന് ആഘോഷങ്ങൾക്കായി കൊണ്ടുവന്ന നേത്രാവതി എന്ന പിടിയാനയാണു തിങ്കളാഴ്ച പുലർച്ചെ തളച്ചിരുന്ന സ്കൂൾ വളപ്പിൽ പ്രസവിച്ചത്. ആനയെയും കുട്ടിയെയും ക്യാംപിലേക്കു മാറ്റി. ജനിച്ചത് പിടിയാനക്കുട്ടിയെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും അധികൃതർ.

സക്രേബൈലു ക്യാംപിലെ സാഗർ, നേത്രാവതി, ഭാനുമതി എന്നീ ആനകളെയാണ് ഏറെ വർഷങ്ങളായി ശിവമൊഗ്ഗയിൽ നവരാത്രി ആഘോഷങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. ഇത്തവണ ഭാനുമതി ഗർഭിണിയാണ്. ക്യാംപിലെ മറ്റൊരു വലിയ ആനയായ കുന്തി അടുത്തിടെ ഒരു കുട്ടിക്കു ജന്മം നൽകിയതേയുള്ളൂ. ഇതേത്തുടർന്ന് ഇരുപത്തെട്ടുകാരി നേത്രാവതിയെ അധികൃതർ ചാമുണ്ഡേശ്വരി ദേവിയുടെ പല്ലക്ക് എഴുന്നള്ളിക്കാൻ നിയോഗിക്കുകയായിരുന്നു.

മൂന്നു മാസം മുൻപ് നടത്തിയ പരിശോധനയിൽ നേത്രാവതി ഗർഭലക്ഷണങ്ങൾ കാണിച്ചിരുന്നുമില്ല. എന്നാൽ, 22നു പുലർച്ചെ സ്കൂൾ വളപ്പിൽ തളച്ചിരുന്ന ആന അസ്വസ്ഥത കാണിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്തതോടെ പാപ്പാന്മാരെത്തി നോക്കിയപ്പോഴാണ് പ്രസവിച്ചതായി കണ്ടത്. ഹേമാവതിക്കും സാഗറിനും പല്ലക്ക് എഴുന്നള്ളിച്ചു ശീലമില്ല. നേത്രാവതിയെ മാറ്റിയതോടെ പല്ലക്ക് എഴുന്നള്ളിക്കാൻ ട്രാക്റ്റർ ഉപയോഗിക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com