
മലയാള സിനിമയുടെ ആദ്യ നായിക പി.കെ റോസിയുടെ 120-ാം ജന്മവാർഷിക ദിനത്തിൽ ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ പുറത്തിറക്കി. 1903-ൽ ഇതേദിവസം തിരുവനന്തപുരത്ത് ജനിച്ച രാജമ്മയാണ് പിന്നീട് പി.കെ റോസിയെന്ന പേരിൽ മലയാള സിനിമയിലെ ആദ്യ നായികയായി എത്തിയത്.
പി. കെ റോസിയുടെ ഛായാചിത്രമാണ് ഗൂഗിൾ ഇന്ന് ഹോം പേജിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. സ്ത്രീകൾ പൊതുരംഗത്ത് കടന്നുവരാത്ത കാലത്ത് ധൈര്യത്തോടെ മലയാള സിനിമ ലോകത്തേക്ക് വന്ന സ്ത്രീയാണ് റോസി. ജെ.സി ഡാനിയൽ സംവിധാനം ചെയ്ത ആദ്യമലയാള ചലചിത്രമായ വിഗതകുമാരനിലൂടെയാണ് പി.കെ റോസിയുടെ സിനിമാപ്രവേശം. മലയാള സിനിമാ ചരിത്രത്തിലെ ആദ്യ നായികയായി എത്തിയ ദലിത് കൃസ്ത്യന്‍ വനിതയാണ് പി. കെ. റോസി.
1930 ൽ നവംബർ 7നാണ് കേരളത്തിലെ ആദ്യ നിശബ്ദചിത്രമായ വിഗതകുമാരന്‍ തിരുവനന്തപുരം കാപ്പിറ്റോൾ തീയറ്ററിൽ പ്രദർശനത്തിന് എത്തുന്നത്. സിനിമയിലെ സവർണ്ണ കഥാപാത്രമായി കീഴ്ജാതിക്കാരി അഭിനയിച്ചു എന്ന കാരണത്താൽ റോസി സ്ക്രീനിൽ വന്നപ്പോഴെല്ലാം കാണികൾ കൂവുകയും ചെരുപ്പ് വലിച്ചെറിയുകയും ചെയ്തു എന്നാണ് ചരിത്രം. സിനിമ കാണാന്‍ എത്തിയവർ തീയറ്ററിന് തീയിട്ട സംഭവവും ഉണ്ടായിട്ടുണ്ട്.
"മലയാള സിനിമയിലെ ആദ്യനായികയായി മാറിയ റോസി, സ്ത്രീകൾക്ക് കല നിഷിദ്ധമായിരുന്ന കാലത്ത് വിഗതകുമാരനിലൂടെ നായികയായി എത്തി തടസങ്ങൾ മറികടക്കുകയായിരുന്നു. റോസിയുടെ ജീവിതകാലത്ത് ഒരിക്കലും അവളുടെ പ്രവർത്തനത്തിന് അംഗീകാരം ലഭിച്ചില്ല, എങ്കിലും റോസിയുടെ കഥ ഇന്നും പ്രസക്തമാണ്. അവളുടെ കഥ പലർക്കും പ്രചോദനവുമാണ്. നിങ്ങളുടെ ധൈര്യത്തിനും നിങ്ങൾ അവശേഷിപ്പിച്ച പൈതൃകത്തിനും നന്ദി, പി.കെ. റോസി."- ഗൂഗിൾ എഴുതുന്നു