കായിക താരങ്ങളുടെ 'ആലിംഗന ചിത്ര'ത്തിന് ചൈനയുടെ വിലക്ക്

വിലക്കേര്‍പ്പെടുത്തിയതിനു ശേഷവും ചില ചൈനീസ് മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ ഈ ചിത്രം കാണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Gold medalist Lin Yuwei and teammate Wu Yanni at the 19th Asian Games in Hangzhou, China, October 1, 2023
Gold medalist Lin Yuwei and teammate Wu Yanni at the 19th Asian Games in Hangzhou, China, October 1, 2023
Updated on

ഹാങ്ചൗ: ചൈനീസ് കായിക താരങ്ങളുടെ 'ആലിംഗന ചിത്ര'ത്തിന് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തി ചൈന. 1989-ലെ ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയെ ഓർമിപ്പിക്കുന്നതാണ് ചിത്രം എന്നതിന്‍റെ പേരിലാണ് ചിത്രം സെന്‍സർ ചെയ്തിരിക്കുന്നത്. ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'വീബോ'യില്‍ ആലിംഗന ചിത്രം പങ്കുവെച്ചതോടെയാണ് ഇക്കാര്യം ചൈനീസ് ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്.

ഹാങ്‌ചൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസ് ഫൈനലിന് ശേഷം ആലിംഗനം ചെയ്യുന്ന ലെയ്ൻ 6-ൽ നിന്നുള്ള ലിന്‍ യൂവിയും, 4-ൽനിന്നുള്ള വു യാന്നിയുമാണ് ചിത്രത്തിൽ. ഇരുവരും ഒരുമിച്ച് നിൽക്കുമ്പോൾ, അവരുടെ ലെയ്ൻ നമ്പറുകൾ കാണിക്കുന്ന സ്റ്റിക്കറുകൾ '64' എന്ന് ചേർത്തുവായിക്കാം എന്നതാണ് പ്രശ്നമായത്.

വിലക്കേര്‍പ്പെടുത്തിയതിനു ശേഷവും ചില ചൈനീസ് മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ ഈ ചിത്രം കാണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

1989 ജൂൺ 4നാണ് ജനാധിപത്യവാദികളായിരുന്ന ആയിരക്കണക്കിന് ചെറുപ്പക്കാരെ ചൈനീസ് സൈന്യം ടിയാനന്‍മെന്‍ സ്‌ക്വയറില്‍ നിര്‍ദയം വെടിവച്ചു കൊന്നത്. ആറാം മാസമായ ജൂണിലെ നാലാം തീയതി സൂചിപ്പിക്കാൻ അതിനു ശേഷം '64' എന്ന സംഖ്യ ഉപയോഗിച്ചുവരുന്നുണ്ട്. ടിയാനൻമെൻ കൂട്ടക്കൊലയെക്കുറിച്ചുള്ള ഇന്‍റർനെറ്റ് ചർച്ചകൾക്കു പോലും ചൈനീസ് ഗവൺമെന്‍റ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആരെങ്കിലും സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പരാമർശിച്ചാൽ പോലും അവർക്കു പിടിവീഴും. 1989-ലെ ടിയാനൻമെൻ കൂട്ടക്കൊലയെ അനുസ്മരിക്കുന്നതിന് '64' നമ്പറില്‍ കലിഫോര്‍ണിയയിലെ യെര്‍മോയില്‍ ലിബര്‍ട്ടി സ്‌കള്‍പ്ച്ചര്‍ പാര്‍ക്കില്‍ വലിയൊരു ശില്‍പ്പവുമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com