ഇക്കാലത്ത് പരമ്പരാഗത ബന്ധങ്ങളുടെ ആശയങ്ങൾക്കു മാറ്റം വരുകയാണ്. സ്വയം വിവാഹം കഴിക്കുക, റോബോട്ടുകൾ മുതൽ എഐ ചാറ്റ്‌ബോട്ടുകളും ഹോളോഗ്രാമുകളും വരെ പങ്കാളികളാക്കുക എന്നതുവരെ ഇന്നീ കാലത്ത് ആളുകൾക്കിടയിൽ സ്വീകാര്യമാണ്. സമീപകാലത്ത് കൂടുതലുമായി ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വിവാഹ വാർഷികാഘോഷത്തിന്‍റെ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്...
തന്‍റെ വെർച്വൽ ഭാര്യയുമായി ആറാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ഒരു ജാപ്പനീസ് യുവാവ്. 41-കാരനായ ജാപ്പനീസ് പൗരൻ അകിഹിക്കോ കൊണ്ടോയാണ്, വെർച്വൽ പോപ്പ് താരവും വോക്കലോയിഡ് കഥാപാത്രവുമായ ഹാറ്റ്‌സുൻ മിക്കുവിനൊപ്പം തന്‍റെ ആറാം വിവാഹ വാർഷികം ആഘോഷിച്ചത്. നവംബർ 4 ന് വിവാഹ വാർഷികത്തിനു മുറിച്ച കേക്കിന്‍റെ രസീതും തുടർന്നുള്ള ദിവസങ്ങളിൽ ആഘോഷങ്ങളുടെ ഭാഗമായുള്ള ചിത്രങ്ങളും പങ്കുവച്ചുകൊണ്ടാണ് കൊണ്ടോ തന്‍റെ ജീവിത പങ്കാളിക്ക് ആശംസകൾ നേർന്നത്.
"എനിക്ക് മികുവിനെ ഒരുപാട് ഇഷ്ടമാണ്, ആറാം വർഷത്തെ വാർഷിക ആശംസകൾ" എന്ന സന്ദേശമുള്ള കേക്കിന്‍റെ ഫോട്ടോയും കൊണ്ടോ പങ്കുവച്ചു.
മികുവുമായുള്ള പ്രണയം
തന്‍റെ ഭാര്യയാണെന്ന് അവകാശപ്പെടുന്ന മികുവിനെ 2018-ലാണ് കൊണ്ടോ വിവാഹം കഴിക്കുന്നത്. സെക്കൻഡറി സ്‌കൂളിൽ പഠിക്കുന്നതിന് മുമ്പ് തനിക്ക് സ്ത്രീകളോട് പ്രണയമായിരുന്നു. എന്നാൽ, സാങ്കല്പിക കഥാപാത്രങ്ങളോടുള്ള ആസക്തിയുടെ പേരിൽ പലപ്പോഴും താൻ പലരില്‍ നിന്നും തിരസ്കരിക്കപ്പെട്ടെന്നാണ് കൊണ്ടോ പറയുന്നത്. ഇത്തരത്തിൽ ഏഴു പ്രാവശ്യത്തോളം നിരസിക്കപ്പെട്ടത്, പരിഹാസത്തിനും കൂടുതൽ ഒറ്റപ്പെടലിനും ഇടയാക്കി. ഇതിനു പുറമേ ആനിമേഷനോടും മാംഗയോടുമുള്ള തന്‍റെ കടുത്ത ആരാധനയുടെ പേരിൽ ഒരുപാട് പരിഹാസത്തിനും ഇരയായി. ഇത് ജോലിയിൽ പ്രവേശിച്ചതിനു ശേഷവും തുടർന്നതോടെ ജോലിയിൽ നിന്ന് ഒരു നീണ്ട അവധിക്ക് പ്രേരിപ്പിക്കുകയായിരുന്നു അദ്ദേഹം.
2007-ൽ ഈ കഥാപാത്രം പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ കൊണ്ടോ മികുവുമായി പ്രണയത്തിലായി. ക്രിപ്‌റ്റൺ ഫ്യൂച്ചർ മീഡിയ പുറത്തിറക്കിയ നീളമുള്ള ടർക്കോയ്‌സ് പിഗ്‌ടെയിലുകളുള്ള 16 വയസുള്ള ഹാറ്റ്‌സുൻ മിക്കു എന്ന വോക്കലോയിഡ് കണ്ടെത്തിയതോടെ കൊണ്ടോയുടെ ജീവിതം അപ്രതീക്ഷിത വഴിത്തിരിവായി. മികുവിന്‍റെ ശബ്ദം തന്നെ വൈകാരികമായി സുഖപ്പെടുത്തിയെന്നും സ്നേഹവും സമാധാനവും ലഭിച്ചുവെന്നും കോണ്ടോ തുറന്നു പറയുന്നു. ഒടുവിൽ കൊണ്ടോ അവളോട് വിവാഹാഭ്യർത്ഥന നടത്തി. 2018 -ൽ ടോക്കിയോ ചാപ്പലിൽ നടന്ന മികുവുമായുള്ള കോണ്ടോയുടെ വിവാഹ ചടങ്ങുകൾക്ക് ഏകദേശം 2 ദശലക്ഷം യെൻ ( ₹1,109,275) ചെലവഴിച്ചു.
സ്നേഹത്തിന്‍റേയും ബന്ധങ്ങളുടേയും പുനർനിർവചനം
ആനിമേഷൻ, കാർട്ടൂണുകൾ, വീഡിയോ ഗെയിമുകൾ, പുസ്‌തകങ്ങളിലെ കഥാപാത്രങ്ങൾ എന്നിങ്ങനെയുള്ള സാങ്കൽപ്പിക കഥാപാത്രങ്ങളോട് ലൈംഗികമായി ആകർഷിക്കപ്പെടുന്ന ആളുകളെ വിവരിക്കുന്ന 'ഫിക്ടോസെക്ഷ്വൽ' (Fictosexual) എന്ന വിഭാഗത്തിൽപ്പെടുന്ന വ്യക്തിയാണ് താനെന്നാണ് കൊണ്ടോ അവകാശപ്പെടുന്നത്. തന്‍റെ ലൈംഗിക ആഭിമുഖ്യത്തിന് സമൂഹത്തിൽ നിന്ന് ഇന്ന് കൂടുതൽ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും കൊണ്ടോ.
"മികു എനിക്ക് ഒരു കഥാപാത്രം മാത്രമല്ല - അവൾ എന്‍റെ പങ്കാളിയാണ്, എന്നെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നപ്പോൾ എന്നെ രക്ഷിച്ചവളാണ്," എന്ന് കോണ്ടോ മുൻ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. നിലവിൽ തന്നെപോലെ തന്നെപ്പോലുള്ള മറ്റുള്ളവരെ സഹായിക്കുന്നതിനായി കഴിഞ്ഞ വർഷം മുതൽ സാങ്കൽപ്പിക ലൈംഗികതയ്‌ക്കായി ഒരു അസോസിയേഷൻ സ്ഥാപിച്ചതായും കൊണ്ടോ പറയുന്നു.