

ഗുജറാത്ത്: ക്ലാസ് മുറിയില്‍ വച്ച് നോട്ട്ബുക്കിൽ ശരിയായി എഴുതാത്തതിന് കിന്‍റർഗാർട്ടനിലെ കുട്ടിക്ക് അധ്യാപികയുടെ ക്രൂരമർദനം. സൂറത്തിലെ സാധന നികേതൻ സ്‌കൂളിലാണ് സംഭവം. കുഞ്ഞിനെ ക്രൂരമായി തല്ലുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് വിവിരം പുറം ലോകമറിയുന്നത്.
വീഡിയോയിൽ അധ്യാപിക കുഞ്ഞിന്‍റെ കവിളിൽ നുള്ളുന്നതും കുറഞ്ഞത് 35 തവണയെങ്കിലും മുതുകിൽ ക്രൂരമായി തല്ലുന്നതും കാണാനാകും. വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി പ്രചരിച്ചതോടെ അധ്യാപികയ്‌ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യവും ഉയർന്നു. തുടർന്ന് അധ്യാപികയെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
അധ്യാപികയുടെ ക്രൂരമായ മർദനത്തിൽ കുട്ടിയുടെ മുഖത്തും ശരീരത്തിലും നിരവധി പാടുകളും കണ്ടെത്തിയതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി പ്രഫുൽ പൻഷേരിയ അന്വേഷണത്തിന് ഉത്തരവ് നൽകി.