

സോൾട്ട് ലേക്ക്(യുഎസ്) : യുഎസിൽ വിമാനത്തിന്‍റെ എൻജിനുള്ളിലേക്ക് കയറിയ യാത്രക്കാരൻ മരണപ്പെട്ടു. യുഎസിലെ സോൾട്ട് ലേക് സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. 30 വയസുള്ള കൈലർ എഫിഞ്ജറിനെയാണ് മരിച്ച നിലയിൽ എൻജിനുള്ളിൽ നിന്ന് കണ്ടെത്തിയത്. ഡെൻവറിലേക്ക് പോകുന്നതിനായാണ് എഫിഞ്ജർ ടിക്കറ്റ് എടുത്തിരുന്നത്. സംഭവ സമയത്ത് എൻജിൻ പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. എമർജൻസി എക്സിറ്റിലൂടെ ഒരു യാത്രക്കാരൻ കടന്നു പോകുന്നതായി കണ്ടുവെന്ന് വിവരം ലഭിച്ചതോടെയാണ് വിമാനത്താവളത്തിലെ ജീവനക്കാർ അന്വേഷണം ആരംഭിച്ചത്. എഫിഞ്ജറിന്‍റെ വസ്ത്രങ്ങളും ഷൂസും മറ്റു വസ്തുക്കളും റൺവേയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
അതിനു പുറകേയാണ് ഇയാൾ എൻജിനുള്ളിലേക്ക് കയറിയിട്ടുണ്ടാകാം എന്ന് ജീവനക്കാർ സംശയം പ്രകടിപ്പിച്ചത്. ഉടൻ തന്നെ പൈലറ്റിനോട് എൻജിനുകളുടെ പ്രവർത്തനം നിർത്താൻ നിർദേശം നൽകി. എൻജിനകത്തു നിന്നും പുറത്തെടുക്കുമ്പോൾ ഇയാൾ അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിനും മറ്റു പരിശോധനകൾക്കും ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. എഫിഞ്ജറിനെ എൻജിനുള്ളിൽ കണ്ടെത്തിയ ഉടൻ തന്നെ വിമാനത്തിനുള്ളിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു.