
ആൾക്കൂട്ടത്തിലെ തിക്കിലും തിരക്കിനുമിടെ മധ്യവയസ്കന്‍ യുവതിയെ ലൈംഗിക ചുവയോടെ സ്പർശിക്കുന്ന വീഡിയൊ സമൂഹ മാധ്യമങ്ങളിൽ വന്‍ ചർച്ചയാകുന്നു. ബംഗളൂരു ലുലു മാളിൽ കഴിഞ്ഞ ഞായറാഴ്ച ഒക്‌ടോബർ 30ന് വൈകീട്ട് 6.30 ഓടെയാണ് സംഭവം നടക്കുന്നതെന്നാണ് റിപ്പോർട്ട്.
ആൾക്കൂട്ടത്തിനിടയിലൂടെ ചുറ്റിത്തിരിഞ്ഞു നടക്കുന്ന മധ്യവയസ്കൻ തിരക്കേറിയ മാളിലെ ഗെയിംസ് സോണിൽ വച്ച് പിന്നിലൂടെ വന്ന് യുവതിയെ മനഃപൂർവം സ്പര്‍ശിക്കുന്നത് വ്യക്തമായി വീഡിയോയില്‍ കാണാം.
ബോധപൂർവമായ മോശം പെരുമാറ്റത്തിന് ശേഷം ഇയാൾ ഒന്നും സംഭവിക്കാത്ത മട്ടിൽ മറ്റൊരിടത്തേക്ക് മാറുന്നതും വീഡിയോയിൽ കാണാം. ഇയാള്‍ നിരവധി സ്ത്രീകളോട് ഇത്തരത്തില്‍ മോശമായി പെരുമാറിയത് മനസിലാക്കിയ ഏതോ അജ്ഞാതൻ ആണ് ഈ വീഡിയോ പകര്‍ത്തിയത്.
സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ ബംഗളൂരു പൊലീസിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തതോടെയാണ് വാര്‍ത്തയാവുന്നത്. പൊലീസ് ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തതായും വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നും നിലവിൽ പ്രതി ഒളിവിൽ കഴിയുകയാണെന്നും പൊലീസ് അറിയിച്ചു.