

84ാം വയസിൽ വിമാനയാത്ര ചെയ്യണമെന്ന് മുത്തശ്ശിക്ക് ഒരാഗ്രഹം; സന്തോഷത്തോടെ നിറവേറ്റി കൊടുത്ത് കൊച്ചുമകൻ
ജീവിതത്തിൽ എല്ലാവർക്കും പല പല ആഗ്രഹങ്ങളുണ്ടാകും പക്ഷേ അത് പൂർത്തികരിക്കുന്നത് വിരളമായിരിക്കും. എന്നാൽ വർഷങ്ങളായി വിമാനയാത്ര ചെയ്യണമെന്ന തന്‍റെ മുത്തശിയുടെ ആഗ്രഹം 84ാം വയസിൽ നിറവേറ്റി കൊടുത്ത ഒരു കൊച്ചു മകന്‍റെ വിഡിയോയാണ് ഇപ്പോൾ സോഷ‍്യൽ മീഡിയയിൽ വൈറലാകുന്നത്. അർണാബ് എന്ന യുവാവാണ് മുത്തശ്ശിയുടെ വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചത്.
ഇതിന്‍റെ വിഡിയോയും അർണാബ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. വളരെയധികം ആവേശത്തോടെ മുത്തശ്ശി വിമാനത്തിന്‍റെ പടി കയറുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്.
ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടിട്ടുള്ളത്. വിമാനം പറന്ന് ഉയർന്നതോടെ മുത്തശ്ശി ജനലിലൂടെ പുറത്തെ മനോഹരമായ ദൃശ‍്യങ്ങൾ കൗതുകത്തോടെ നോക്കിയിരിക്കുന്നത് കാണാം. കൊച്ചു മകനൊപ്പം സെൽഫിയെടുത്ത് സന്തോഷത്തോടെയാണ് മുത്തശ്ശി യാത്ര തുടങ്ങിയത്.