

മീശപ്പുലി മല
ഇടുക്കി: കോടമഞ്ഞിൽ പൊതിഞ്ഞ് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾ പോയിരിക്കേണ്ട സ്ഥലമാണ് മീശപ്പുലി മല. പഞ്ഞിക്കെട്ട് പോലുള്ള കോടമഞ്ഞിലൂടെ ഉദിച്ചു വരുന്ന സൂര്യൻ. സൂര്യ രശ്മി തട്ടി സ്വർണനിറമായ മേഘങ്ങൾ കണ്ടിരിക്കേണ്ട വിസ്മയ കാഴ്ചകളാണ് മീശപ്പുലി മല സമ്മാനിക്കുന്നത്. ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന മലയാണ് മീശപ്പുലി മല.
ആനമുടി കഴിഞ്ഞാൽ കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലി മല. മീശയുടെ രൂപത്തിലാണ് ഈ പർവ്വതനിര കാണപ്പെടുന്നത്.
അതുകൊണ്ടാണ് ഇതിനെ മീശപ്പുലി മലയെന്ന് വിളിക്കുന്നത്. മൂന്നാറിൽ നിന്നും മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റ് കടന്നാൽ മീശപ്പുലിമലയിലേക്കുള്ള ബേസ്‌ക്യാമ്പിൽ എത്താം. മീശപ്പുലി മലയിലേക്കുള്ള ട്രക്കിംഗ് കേരള വനം വികസന കോർപ്പറേഷൻ മുഖാന്തിരമാണ് നടത്തുന്നത്. മീശപ്പുലിമലയിലേക്ക് അനധികൃത ട്രക്കിംഗ് അനുവദനീയമല്ല.
നേപ്പാളിന്‍റെ ദേശീയ പുഷ്പവും ഉത്തരാഖണ്ഡിന്‍റെയും നാഗാലാൻഡിന്‍റെയും സംസ്ഥാന വൃക്ഷവുമായ കാട്ടുപൂവരശ് മീശപ്പുലി മലയിൽ ധാരാളമായി കാണപ്പെടുന്നു. ഇവിടുത്തെ ഒരു താഴ്‌വരക്ക് റോഡോഡെൻട്രോൺ വാലി എന്നാണ് പേരു നൽകിയിരിക്കുന്നത്. ബേസ്‌ക്യാമ്പിൽ ടെന്‍റും അഞ്ചുകിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്നും 8000 അടി ഉയരെയുള്ള റോഡോവാലിയിലെ റോഡോമാൻസിലിലും താമസസൗകര്യം ലഭ്യമാണ്. ഹൃദയ തടാകം മീശപ്പുലി മലയിലുണ്ട്.