വിവാദങ്ങളുടെ സഹയാത്രിക...; ആരാണ് പൂനം പാണ്ഡെ...?

വിവാദങ്ങളുടെ സഹയാത്രിക...; ആരാണ് പൂനം പാണ്ഡെ...?

സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഓൺലൈൻ സെൻസേഷനുകളിൽ ഒരാളാണ് നടിയും മോഡലുമായ പൂനം പാണ്ഡെ. സ്വന്തം മരണ വാർത്ത വ്യാജമായി ചമച്ച് ഇപ്പോൾ ആ വിശേഷണം ഒരിക്കൽക്കൂടി ഊട്ടിയുറപ്പിക്കുന്നു...
Published on

സ്വന്തം ലേഖിക

വിവാദങ്ങൾ വിട്ടൊഴിയാത്ത ജീവിതമാണ് നടിയും മോഡലുമായ പൂനം പാണ്ഡെയുടേത്. വിവാഹ ജീവിതം മുതൽ വേറിട്ട പ്രഖ്യാപനങ്ങളാലും സോഷ്യൽ മീഡിയ പോസ്റ്റുകൾ വരെ വാർത്തകൾക്ക് വിഷയമായി മാറി. ഏറ്റവുമൊടുവിൽ പൂനത്തിന്‍റെ അകാല വിയോഗത്തിന്‍റെ ഞെട്ടലിലായിരുന്നു ആരാധകർ ഒരു ദിവസം. സ്വന്തം മരണ വാർത്ത 24 മണിക്കൂറിനുള്ളിൽ നിഷേധിച്ചുകൊണ്ട് പൂനം വീണ്ടും വാർത്തകളിൽ നിറയുകയാണ്.

സെർവിക്കൽ കാൻസറിനെ തുടർന്നുള്ള നിര്യാണവാർത്ത പൂനത്തിന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അവരുടെ പിആർ ടീം പുറത്തുവിട്ടത്. എന്നാൽ, ഇത് ക്യാൻസർ ബോധവത്കരണം ലക്ഷ്യമിട്ടുള്ള പ്രചരണമായിരുന്നു എന്ന് അവർ തന്നെ പിന്നീട് വെളിപ്പെടുത്തി.

വിവാദങ്ങൾ അവർക്ക് പുത്തരിയല്ല. സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ ഓൺലൈൻ സെൻസേഷനുകളിൽ ഒരാളാണ് പൂനം പാണ്ഡെ. മോഡലിങ്ങിലൂടെയാണ് സിനിമരംഗത്തേക്കെത്തുന്നത്. 2013 ൽ പുറത്തിറങ്ങിയ 'നഷ' എന്ന ഹിന്ദി ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം. ലൗ ഈസ് പോയിസൺ, അദാലത്ത്, മാലിനി ആൻഡ് കോ, ആ ഗയാ ഹീറോ തുടങ്ങി കന്നഡ, തെലുങ്ക്, ഹിന്ദി ഭഷകളിലായി പത്തോളം സിനിമകളിൽ അഭിനയിച്ചു.

പൂനത്തിന്‍റെ വ്യാജ മരണ വാർത്ത വരുന്നതിനും മൂന്നു ദിവസം മുൻപാണ് അവർ അതിനു മുൻപ് അവസാനമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. പൂർണ ആരോഗ്യവതിയായാണ് പൂനത്തെ ചിത്രങ്ങളിൽ കാണാനാവുക. എന്നാൽ ഇത്രയും കാലം അവർക്ക് അസുഖമുണ്ടെന്നോ, ചികിത്സ തേടുകയാണെന്നോ ഉള്ള യാതൊരു വിവരവും പുറത്തുവന്നിരുന്നില്ല. എന്നിട്ടും അവരുടെ മരണ വാർത്തയിൽ ആർക്കും ഒന്നും സംശയിക്കാനുണ്ടായിരുന്നില്ല.

അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളും വീഡിയോകളുമാണ് പൂനം പാണ്ഡെയെ പ്രശസ്തയാക്കിയത്. ഇവർക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ഇൻസ്റ്റഗ്രാം പേജിൽ മാത്രം 12 ലക്ഷം ഫോളോവേഴ്സ് ആണുള്ളത്. 2010 ൽ നടന്ന ഗ്ലാഡ്രാഗ്സ് മാൻഹണ്ട് ആൻഡ് മെഗാമോഡൽ മത്സരത്തിലെ ആദ്യ 9 സ്ഥാനങ്ങളിലൊന്നിൽ ഇടം നേടിയതോടെ ഫാഷൻ മാസികയുടെ മുഖ ചിത്രമായി.

2020 ൽ പൂനം സാം ബോംബെ എന്ന വ്യവസായിയെ വിവാഹം ചെയ്തിരുന്നു. ഏവരെയും അത്ഭുതപ്പെടുത്തിയ വിവാഹമായിരുന്നെങ്കിലും അധികം നിലനിന്നില്ല. ഭർത്താവ് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഇവർ മുംബൈ പൊലീസിൽ പരാതി നൽകി. തുടർന്ന് 2021 വിവാഹമോചനം. കങ്കണ റണാവത്ത് അവതാരികയായ 'ലോക്കപ്പ് ഷോ'യിലൂടെയാണ് പൂനം താൻ അനുഭവിച്ച ഗാർഹിക പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഷോയിൽ വിജയിച്ചില്ലെങ്കിലും ഇതോടെ പ്രേഷക പ്രീതി നേടാൻ പൂനത്തിനായി.

2011 ൽ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ വിജയിച്ചാൽ വിവസ്ത്രയായി എത്തുമെന്ന പ്രസ്താവന സമൂഹമാധ്യമങ്ങളിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ലോകകപ്പിൽ ഇന്ത്യ വിജയിച്ചെങ്കിലും എതിർപ്പുകളെ തുടർന്ന് താരം തന്‍റെ പ്രസ്താവനയിൽ നിന്ന് പിൻമാറുകയായിരുന്നു. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിൽ വിജയിച്ചതിനു പിന്നാലെ ടോപ് ലെസ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. 'ന്യൂ പിക് ഫോർ ഇന്ത്യ' എന്ന ക്യാപ്ഷനോടു കൂടിയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

logo
Metro Vaartha
www.metrovaartha.com