
ബെർലിൻ: മാൾഡോവയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഓസ്ട്രിയൻ പ്രസിഡന്‍റ് അലക്സാണ്ടർ വാൻഡെർ ബെല്ലെന് ഔപചാരിക സ്വീകരണത്തിനിടയിൽ നായയുടെ കടിയേറ്റു. മാൾഡോവൻ പ്രസിഡന്‍റ് മയ സാൻഡുവിന്‍റെ വളർത്തുനായ കോഡ്രറ്റാണ് അതിഥിയുടെ വലതുകൈവിരൽ കടിച്ചുമുറിച്ചത്. മാൾഡോവൻ തലസ്ഥാനമായ ചിസിനൗവിൽ വെള്ളിയാഴ്ചയാണ് സംഭവം. ചെറിയ മുറിവുണ്ടെന്നും ചികിത്സിച്ചു ബാൻഡേജ് ചുറ്റിയെന്നും ഓസ്ട്രിയൻ പ്രസിഡന്‍റിന്‍റെ ഓഫിസ് അറിയിച്ചു.
യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള മാൾഡോവയുടെ അഭ്യർഥനയെക്കുറിച്ചു ചർച്ചയ്ക്കെത്തിയതായിരുന്നു വാൻഡെർ ബെല്ലെന്നും സ്ലൊവേനിയൻ പ്രസിഡന്‍റ് നടാഷ പിർക് മുസറും. ഇവർക്കൊപ്പം നടന്നുനീങ്ങുമ്പോൾ അംഗരക്ഷകരുടെ സമീപത്തുണ്ടായിരുന്ന നായയെ മയ സാൻഡു ഓമനിച്ചു. ഇതുകണ്ട് അടുത്തെത്തിയപ്പോഴാണ് ഓസ്ട്രിയൻ പ്രസിഡന്‍റിന്‍റെ വലതു കൈവിരലിൽ നായ കടിച്ചത്. താനൊരു നായസ്നേഹിയാണെന്നും അതിനാലാണ് അപകടം സംഭവിച്ചതെന്നും വാൻഡെർ ബെല്ലെൻ പറഞ്ഞു.
അപകടത്തിൽ ഒരു കാൽ നഷ്ടമായ നായയാണ് കോഡ്രറ്റ്. മാൾഡോവയുടെ പ്രഥമ വനിതാ പ്രസിഡന്‍റായ മയ സാൻഡു ഇതിനെ തെരുവിൽ നിന്ന് ഏറ്റെടുക്കുകയായിരുന്നു. നിരവധിയാളുകളെ കണ്ട് നായ പരിഭ്രമിച്ചതിനാലാണ് കടിച്ചതെന്ന് മയ സാൻഡു പറഞ്ഞു.