'ഞാൻ ഭക്തനായെന്നു പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രം'; കൊടുങ്ങല്ലൂർ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി പി. ജയരാജൻ

പി. ജയരാജന്‍റെ കൊടുങ്ങല്ലൂർ ക്ഷേത്ര സന്ദർശനം ചർച്ചയായ പശ്ചാത്തലത്തിൽ, അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിശദീകരണം നൽകി
P Jayarajan Kodungallur temple visit

പി. ജയരാജൻ

https://www.facebook.com/pjayarajan.kannur

Updated on

കണ്ണൂർ: സിപിഎം നേതാവ് പി. ജയരാജന്‍റെ കൊടുങ്ങല്ലൂർ ക്ഷേത്ര സന്ദർശനം രാഷ്ട്രീയ വൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. താൻ ക്ഷേത്രദർശനം നടത്തിയെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചതിനെത്തുടർന്ന്, രൂക്ഷമായ ഭാഷയിലാണ് ജയരാജൻ പ്രതികരിച്ചത്. തന്നെ ഒരു 'ഭക്തൻ' ആയി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർക്ക് മറുപടിയുമായി അദ്ദേഹം പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്.

'സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്ന പുസ്തകം താനിപ്പോൾ എഴുതിക്കൊണ്ടിരിക്കുകയാണെന്നും, അതിന്‍റെ ഭാഗമായാണ് കൊടുങ്ങല്ലൂർ കാവിൽ സന്ദർശനം നടത്തിയതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ബ്രാഹ്മണീയമല്ലാത്ത ആചാരരീതികൾ നിലനിൽക്കുന്ന ആരാധനാലയങ്ങളെക്കുറിച്ചുള്ള പഠനത്തിന്‍റെ ഭാഗമായാണ് ഈ സന്ദർശനം. ഇത്തരത്തിലുള്ള ക്ഷേത്രമാണ് കൊടുങ്ങല്ലൂരിലേതെന്നും ജയരാജൻ.

പി. ജയരാജന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ പ്രധാന ഭാഗങ്ങൾ:

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യാദൃച്ഛികമായാണ് കൊടുങ്ങല്ലൂരിൽ വണ്ടി നിർത്തിയത്. കാവിലെ കോഴിക്കല്ല്, തവിട്ടു മുത്തി, വസൂരിമാല പ്രതിഷ്ഠ എന്നിവയ്ക്ക് പിന്നിലെ സവിശേഷമായ ചരിത്ര-സാംസ്കാരിക പശ്ചാത്തലം നേരിട്ട് കണ്ട് മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം.

കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമാണെന്ന് കരുതുന്നവർ തെറ്റിദ്ധരിക്കപ്പെട്ടവരാണ്. ഭക്തിപ്രകടനമായല്ല, മറിച്ച് സമൂഹത്തെയും ചരിത്രത്തെയും ജനവിശ്വാസങ്ങളെയും ആഴത്തിൽ മനസ്സിലാക്കാനാണ് താൻ ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുന്നത്.

അജ്മീർ ദർഗയിലും പഞ്ചാബിലെ സുവർണ ക്ഷേത്രത്തിലും നിരവധി ക്രൈസ്തവ ദേവാലയങ്ങളിലും താൻ മുൻപ് സന്ദർശനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

ഭക്തിയെയും ആരാധനാലയങ്ങളെയും ആർഎസ്എസ് എങ്ങനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്നതിനെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും, തന്‍റെ രചനകളിൽ അത് ഇനിയും തുറന്നുകാട്ടുമെന്നും അദ്ദേഹം പറയുന്നു

തന്‍റെ ഭക്തിയെക്കുറിച്ചുള്ള ചർച്ചകൾക്ക് മറുപടി ഈ മാസം അവസാനം പുറത്തിറങ്ങുന്ന തന്‍റെ പുതിയ പുസ്തകം തന്നെയായിരിക്കുമെന്നാണ് ജയരാജൻ നൽകുന്ന സൂചന. ചിന്ത പബ്ലിഷേഴ്‌സ് ആണ് 'സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

"ആരാധനാലയങ്ങളെ മാറ്റിനിർത്തിയാൽ ഈ നാടിന്‍റെ സാമൂഹ്യചരിത്രം പഠിക്കാൻ കഴിയില്ല. നമുക്ക് ഇനിയും പൊതുഇടങ്ങളിലും ചരിത്രസ്മാരകങ്ങളിലും കണ്ടുമുട്ടാം" - ജയരാജൻ പറയുന്നു.

logo
Metro Vaartha
www.metrovaartha.com