
പാലക്കാട്: മാനസാന്തരം വന്ന്, മോഷ്ടിച്ച മുതൽ തിരികെ ഏൽപ്പിക്കുന്ന കള്ളന്മാരുടെ കഥകൾ അപൂർവമാണെങ്കിലും കേളൾക്കാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് പാലക്കാട്ട് കുമരനല്ലൂരിൽ നിന്നു പുറത്തുവരുന്നത്. ഇവിടെ മാല മോഷ്ടിച്ച കള്ളനാണ് മനഃസമാധാനം പോയി മാനസാന്തരം വന്നത്. മാലവിറ്റു കിട്ടിയ അര ലക്ഷം രൂപയും ഒരു കത്തും ഉടമയുടെ വീട്ടിൽ കൊണ്ടുവയ്ക്കുകയും ചെയ്തു ഈ 'പാവം കള്ളന്‍'.
മോഷണത്തിന് ശേഷം മനഃസമാധാനം ഇല്ലെന്നായിരുന്നു കള്ളന്‍ കത്തില്‍ എഴുതിയിരുന്നത്. കുമരനല്ലൂർ എ ജെ ബി സ്കൂളിന് സമീപം താമസിക്കുന്ന മുൻട്രോട്ട് കുഞ്ഞാന്‍റെ വീട്ടിൽ നിന്നുമാണ് കഴിഞ്ഞ 19 ന് 3 വയസുകാരിയുടെ ഒന്നേ കാല്‍ പവന്‍റെ സ്വര്‍ണ മാലയാണ് മോഷണം പോവുന്നത്. കുട്ടിയെ രാവിലെ കുളിപ്പിച്ച് വസ്ത്രം മാറ്റുമ്പോഴെല്ലാം മാല കഴുത്തിലുണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. എന്നാൽ ഇതിനിടെ വീട്ടുകാർ കുട്ടിയുമായി കുമരനെല്ലൂരിലെ കടയിലേക്ക് പോയി തിരിച്ചു വന്നു നോക്കിയപ്പോഴാണ് മാല മോഷണം പോയതായി മനസിലാക്കുന്നത്. പിന്നലെ വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല
എന്നാൽ മാല നഷ്ടമായി എന്ന് ഉറപ്പിച്ചിരിക്കെയാണ് ട്വിസ്റ്റ്. 2 ദിവസത്തിനു ശേഷം ക്ഷമാപണ കുറിപ്പ് സഹിതം 52,500 രൂപ കവറിലാക്കി വീടിന് പുറകിൽ അടുക്കളക്ക് സമീപത്തായി കൊണ്ടുവന്ന് വച്ച് മോഷ്ടാവ് സ്ഥലം വിട്ടു. മാല എടുത്ത് വിറ്റെന്നും നിങ്ങള്‍ അന്വേഷിക്കുന്നത് കണ്ടതിനുശേഷം മനസമാധാനം നഷ്ടമായെന്നും അതിനാൽ മാപ്പാക്കണം, മാല വിറ്റു കിട്ടിയ മുഴുവന്‍ തുകയും ഇതോടൊപ്പം വയ്ക്കുന്നതായും മനസറിഞ്ഞ് ക്ഷമിക്കമമെന്നും കത്തില്‍ മോഷ്ടാവ് എഴുതി. ഒരു പവനിൽ അധികം തൂക്കം ഉണ്ടായിരുന്ന മാലയുടെ മുഴുവന്‍ പണവും മോഷ്ടാവ് തിരികെ എത്തിച്ചതിൽ വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമായി.