
വിവാഹം ആഘോഷപൂർവമായി നടത്തുക എന്നത് ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമാണ്. ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരുമായി കല്യാണ ആഘോഷം ഒരു പൂരമാക്കും.
അത്തരത്തിൽ ആചാരാനുഷ്ഠാന പ്രകാരം ഒരു കൊച്ചു കല്യാണമാണ് ഇപ്പോൾ വൈറലാവുന്നത്. മധ്യപ്രദേശിൽ ഒരു തത്തയുടേയും മൈനയുടെയും വിവാഹമാണ് ആഘോഷമാക്കി നടത്തിയത്.
പിപാരിയ സ്വദേശി പരിഹാറിന്‍റെ വളർത്ത് മൈനയ്ക്കാണ് ബാദൽ ലാൽ വിശ്വകർമയുടെ വളർത്ത് തത്ത വരനായത്.
ഇരു വീട്ടുകാരുടേയും പൂർണ്ണ സമ്മതത്തേടെ ജാതകം നോക്കി മൂഹൂർത്തം കുറിച്ചാണ് കല്യാണം നടത്തിയത്. വിവാഹത്തിൽ കുടുംബത്തിലെ മറ്റ് ബന്ധുക്കളും ഗ്രാമപ്രമുഖരും നാട്ടുകാർ എല്ലാവരും പങ്കെടുത്തു.
കല്യാണത്തിന് ശേഷം ഒരു ചെറിയ 4 ചക്രവാഹനത്തിൽ ഒരുക്കിയ പക്ഷിക്കൂടിനുള്ളിൽ വധുവരന്മാരെ ഇരുത്തി ഘോഷയാത്രയും ഒരുക്കിയിരുന്നു.
വിവാഹത്തിന്‍റെ എല്ലാ ചടങ്ങുകളും മൈനയുടെ ഉടമസ്ഥനായ രാംസ്വരൂപ് പരിഹാറിന്‍റെ വീട്ടിലായിരുന്നു നടത്തിയിരുന്നത്. എന്തായാലും ഇനി മകളെപ്പോലെയുള്ള തന്‍റെ തത്തയെ കാണാൻ പരിഹാറിന് ഇനി മരുമകന്‍റെ വീട് സന്ദർശിക്കേണ്ടി വരും.