സിയോൾ: പട്ടിയിറച്ചി ഭക്ഷിക്കുന്നതും വിൽക്കുന്നതും നിരോധിക്കാനൊരുങ്ങി ദക്ഷിണ കൊറിയ. പട്ടിയിറച്ചി കഴിക്കുന്നത് ദക്ഷിണ കൊറിയയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ശീലങ്ങളിൽ ഒന്നാണ്. എന്നാൽ പട്ടിയിറച്ചി ഭക്ഷിക്കുന്നതിനോട് യുവാക്കൾക്ക് വലിയ പ്രിയമില്ല. വിനോദസഞ്ചാരത്തെ പോലും പട്ടിയിറച്ചി ദോഷമായി ബാധിക്കുകയും രാജ്യത്തിന്‍റെ പ്രതിച്ഛായ രാജ്യാന്തര തലത്തിൽ മോശമാകുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പട്ടിയിറച്ചി നിരോധിക്കാനൊരുങ്ങുന്നത്.
പട്ടികളെ അറുക്കുന്നതിനായി കൂട്ടമായി വളർത്തുന്നതും, വിൽക്കുന്നതും, അറുക്കുന്നതും ഭക്ഷണമായി വിൽക്കുന്നതും നിരോധിച്ചു കൊണ്ടുള്ള ബിൽ നാഷണൽ അസംബ്ലിയിൽ പൂജ്യത്തിനെതിരേ 208 വോട്ടോടെയാണ് പാസ്സാക്കിയത്. ഒരാൾ പോലും പട്ടിയിറച്ചിക്ക് അനുകൂലമായി സംസാരിച്ചില്ലെന്ന് സാരം. കാബിനറ്റ് കൗൺസിലിന്‍റെ പിന്തുണയോടെ പ്രസിഡന്‍റ് യൂൺ സുക് ഇയോൾ ബില്ലിൽ ഒപ്പു വച്ചു കഴിഞ്ഞാൽ 2027 മുതൽ നിയമം പ്രാബല്യത്തിൽ വരും. 2027 മുതൽ പട്ടിയിറച്ചി വിറ്റാൽ 3 വർഷം വരെ തടവു നൽകാനാണ് ബില്ലിൽ ശുപാർശ ചെയ്തിരിക്കുന്നത്.
പരമ്പരാഗതമായി പട്ടിയിറച്ചി വിൽപ്പന നടത്തുന്നവർ ദക്ഷിണ കൊറിയയിൽ ധാരാളമുണ്ട്. അതു കൊണ്ടു തന്നെ പുതിയ ബില്ലിനെതിരേ ശക്തമായ പ്രതിഷേധമാണുയരുന്നത്. നിരവധി പേർ പട്ടി ഫാമുകൾ നടത്തുന്നുണ്ടെങ്കിലും അടുത്തിടെ നടത്തിയ സർവേയിൽ ഭൂരിഭാഗം ദക്ഷിണകൊറിയക്കാരും പട്ടിയിറച്ചി കഴിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നാണ് കണ്ടെത്തിയത്.