
തമിഴ് നടൻ ശ്രീക്ക് എന്ത് സംഭവിച്ചു? അവസ്ഥ കണ്ട് സഹായിക്കാന്‍ അഭ്യർത്ഥിച്ച് ആരാധകർ !!
തമിഴ് നടന്‍ ശ്രീറാം നടരാജൻ അടുത്തിടെ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോകളും ഫോട്ടോകളും വലിയ രീതിയിൽ ആരാധകർക്കിടയിൽ ആശങ്ക പരത്തുന്നു. 2023ൽ പുറത്തിറങ്ങിയ 'ഇരുഗപത്രു' എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമായിരുന്നു ശ്രീ. അതിനു മുന്‍പ് വാഴക്കു എൻ 18/9, ഓനയും ആട്ടുക്കുട്ടിയും, മാ നഗരം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
വളരെയധികം പ്രോമിസിങായ താരം എന്നാൽ പിന്നീട് സിനിമയിൽ നിന്നു വിട്ടുനിന്നു. പലപ്പോഴും മാധ്യമ ശ്രദ്ധയില്‍പ്പെടാതെ ജീവിക്കുന്നയാളായിരുന്നു ശ്രീ. എന്നാൽ അദ്ദേഹത്തിന്‍റെ സമീപകാല പോസ്റ്റുകൾ കണ്ട പലരും ഞെട്ടിയിരിക്കുകയാണ്. വളരേയധികം മെലിഞ്ഞുണങ്ങിയ രീതിയിലാണ് താരം പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ കാണപ്പെട്ടത്. നീട്ടി വളർത്തിയ മുടി ബ്ലോൺഡ് നിറത്തിൽ കളർ ചെയ്തിട്ടുമുണ്ട്.
ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുള്ള ചില വീഡിയോകളിൽ, താന്‍ ഉടന്‍ തന്നെ 18+ കണ്ടന്‍റുകള്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നു എന്ന സൂചനയും നൽകുന്നു. അദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള ശാരീരിക/രൂപ മാറ്റത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ചിലർ ആശങ്ക പ്രകടിപ്പിച്ചു. അദ്ദേഹം മാനസിക പ്രശ്നങ്ങളിലൂടെയും വിഷാദത്തിലൂടെയും കടന്നുപോകുന്നുണ്ടോ എന്ന് ചില ആരാധകർ ചോദിക്കുകയും ചെയ്യുന്നു.
ശ്രീയോടൊപ്പം മാനഗരത്തിൽ പ്രവർത്തിച്ച സംവിധായകൻ ലോകേഷ് കനഗരാജിനെയും, ഇരുഗപത്രു ചിത്രത്തിൽ താരത്തിനൊപ്പം അഭിനയിച്ച് സാനിയ അയ്യപ്പനെയുമടക്കം ടാഗ് ചെയ്ത്, ശ്രീയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ഇടപെടണം എന്ന് ആളുകൾ പോസ്റ്റിനു താഴെ കമന്‍റിലൂടെ ആവശ്യപ്പെട്ടു.
ഇതിനിടെ, ഇരുഗപത്രു ചിത്രത്തിൽ അഭിനയിച്ചതിന് ശ്രീക്ക് ശരിയായ പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച് ചിത്രത്തിന്‍റെ നിർമാണ കമ്പനിയായ ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സിനെതിരേയും സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ട്.
പിന്നാലെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളിൽ പ്രതികരിച്ച് നിർമാതാവ് എസ്.ആർ. പ്രബു രംഘത്ത് വന്നു. "ശ്രീയുടെ ആരോഗ്യത്തിൽ ആത്മാർഥമായ ആശങ്കയുണ്ട്. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഞങ്ങളുൾപ്പെടെയുള്ളവർ ഏറെനാളായി ബന്ധപ്പെടാൻ ശ്രമിക്കുന്നു. നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നിരുന്നാലും ശ്രീയെ ബന്ധപ്പെടുകയും അദ്ദേഹത്തെ തിരികെ കൊണ്ടുവരുകയും ചെയ്യുക എന്നതാണ് പ്രഥമ പരിഗണന. ഇതിനായി ഞങ്ങളെ സഹായിക്കുമെങ്കിൽ വളരെയധികം നന്ദിയുണ്ട്" അദ്ദേഹം എക്സിലൂടെ അറിയിച്ചു.
ബാലാജി ശക്തിവേലിന്‍റെ 'വഴക്കു എൻ 18/9' എന്ന ചിത്രത്തിലൂടെയാണ് ശ്രീ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സിനിമകളിൽ അഭിനയിക്കുന്നതിന് മുമ്പ്, അദ്ദേഹം വിജയ് ടിവി പരമ്പരയായ 'കാന കാണും കാലങ്കൾ സീസൺ 2' വിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു.
കമൽ ഹാസൻ അവതാരകനായ ബിഗ് ബോസ് തമിഴിന്‍റെ ആദ്യ സീസണിലും അദ്ദേഹം പങ്കെടുത്തു. എന്നാൽ ഷോയിൽ പ്രവേശിച്ച് നാല് ദിവസത്തിനുള്ളിൽ അദ്ദേഹം സ്വയം ഷോയിൽ നിന്ന് പുറത്തുപോവുകയായിരുന്നു.