
കടുവയുടെ മുന്നില്‍ അകപ്പെട്ട മാനിന്‍റെ അവസ്ഥ. ആ അവസ്ഥയുടെ പ്രതീക്ഷിത ക്ലൈമാക്‌സിനൊരു തിരുത്തല്‍ വരുന്നുണ്ട് ജിം കോര്‍ബേറ്റ് നാഷണല്‍ പാര്‍ക്കില്‍ നിന്നും. ഉത്തരാഖണ്ഡ് ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഷെയര്‍ ചെയ്ത വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാണ്.
കാട്ടുവഴികളിലൂടെ വരുമ്പോള്‍ ഒരു മാന്‍ പെട്ടെന്നു കടുവയുടെ മുന്നില്‍ അകപ്പെടുന്നു. വഴിയുടെ നടുവിലായി കിടക്കുകയായിരുന്നു കടുവ. ഓടണോ, വേണ്ടയോ, പുലിയുടെ വായിലകപ്പെട്ട് വീരചരമം പ്രാപിക്കണോ എന്നൊക്കെ ചിന്തിക്കാന്‍ പോലും സമയമില്ല. എന്നാല്‍ അത്രയും നേരത്തെ സ്വസ്ഥവിശ്രമത്തിനു ഭംഗം വന്ന വിധത്തില്‍ കടുവ പതുക്കെ എഴുന്നേറ്റ് സൈഡിലൂടെ നടന്നു പോകുന്നു. പ്രിയ വിഭവം മുന്നില്‍ വന്നു നിന്നിട്ടും മൈന്‍ഡ് ചെയ്യാത്ത കടുവ ഒരു സന്യാസിയാണെന്നു വരെ ട്വിറ്ററില്‍ കമന്‍റുകള്‍ നിറയുന്നുണ്ട്.
കടുവയെ പോലുള്ള ജീവിവര്‍ഗങ്ങള്‍ വിശന്നാലോ, പ്രകോപിപ്പിച്ചാലോ മാത്രമേ ഉപദ്രവിക്കുകയുള്ളൂ എന്നു സാക്ഷ്യപ്പെടുത്തുന്നതാണ് ഈ വൈറല്‍ വീഡിയോ. എന്തായാലും മാന്‍ സ്വന്തം ജീവന്‍ പണയം വച്ച് ചാന്‍സെടുക്കുന്നില്ല, കടുവ അനങ്ങുമ്പോള്‍ തന്നെ കുതിക്കാനൊരുങ്ങുന്നുണ്ട്.